2022ലെ യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം

Posted on: June 12, 2019 11:14 pm | Last updated: June 13, 2019 at 10:41 am

ലക്‌നൗ: യു പിയില്‍ 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആവശ്യം. പാര്‍ട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പ്രിയങ്കയുടെ സാന്നിധ്യത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി മത്സരിച്ച റായി ബറേലി സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത്.

അവലോകന യോഗത്തിലുയര്‍ന്ന ആവശ്യത്തോട് പ്രിയങ്ക പ്രതികരിച്ചില്ലെങ്കിലും അവര്‍ അത് തള്ളിക്കളയില്ലെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍, ജില്ലാ-സിറ്റി ഘടകങ്ങളുടെ ഭാരവാഹികള്‍ തുടങ്ങിയവരുമായി പ്രിയങ്ക അടച്ചിട്ട മുറിയില്‍ പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തി. ദുര്‍ബലമായ സംഘാടനവും ചില സീറ്റില്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതുമാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ വൈകിയതും തിരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യ സാധ്യതകള്‍ സംബന്ധിച്ച അനിശ്ചിതാവസ്ഥയും പ്രതികൂല ഘടകങ്ങളായി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യം വേണ്ടെന്നും 12 നിയമസഭാ സീറ്റുകളിലേക്കു നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടത്തണമെന്നും യോഗത്തില്‍ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. പാര്‍ട്ടിയുടെ സന്ദേശം മുഴുവന്‍ ജനങ്ങളിലേക്കു എത്തിക്കാന്‍ സ്ഥാനാര്‍ഥികളെ സമയബന്ധിതമായി തിരഞ്ഞെടുക്കണമെന്ന് നേതാക്കള്‍ പ്രിയങ്കയോട് അഭ്യര്‍ഥിച്ചു.

11 എം എല്‍ എമാര്‍ എം പിമാരായി തിരഞ്ഞെടുക്കപ്പെടുകയും ഹാമിര്‍പൂരിലെ ബി ജെ പി എം എല്‍ എ. അശോക് ചണ്ഡേല്‍ അയോഗ്യനാക്കപ്പെടുകയും ചെയ്തതോടെയാണ് ഇവരുടെ മണ്ഡലങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടായത്.