യോഗിക്കെതിരെ ശബ്ദിച്ചതിന് യുപി പോലീസ് തുറുങ്കിലടച്ച മാധ്യമപ്രവര്‍ത്തകനെ വിട്ടയച്ചു

Posted on: June 12, 2019 7:55 pm | Last updated: June 12, 2019 at 11:15 pm

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ വിട്ടയച്ചു. 20000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും അതേതുകയുടെ സ്വന്തം ജാമ്യത്തിലുമാണ് മോചനം. പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രിം കോടതി അദ്ദേഹത്തെ എത്രയും വേഗം ജാമ്യത്തില്‍ വിടണമെന്ന് ഇന്നലെ ഉത്തരവിട്ടിരുന്നു. നാല് ദിവസമായി കനോജിയ ലക്‌നൗവിലെ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. പ്രശാന്ത് കനോജിയക്കെതിരെ ഐടി ആക്ടിലെ സെക്ഷന്‍ 500, സെക്ഷന്‍ 66 എന്നീ വകുപ്പുകള്‍ പ്രകാരം ആദ്യം കേസെടുത്ത പോലീസ് പിന്നിറ്റ് കൂടുതല്‍ വകുപ്പുള്‍ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു.

കനോജിയയെക്കൂടാതെ പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെയും യോഗി ആദിത്യനാഥിനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്ന് യുവതി പറയുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനാണ് പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്റെ മേധാവി ഇഷിത സിങിനെയും മറ്റു മാധ്യമപ്രവര്‍ത്തകരെയും യുപി പോലീസ് അറസ്റ്റ് ചെയ്തത്.