Connect with us

National

ബിഷ്‌കെക് ഉച്ചകോടി: പ്രധാനമന്ത്രി പാക് വ്യോമപാത ഉപയോഗിക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാംഗ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗന്‍ൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യാത്ര ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് വോമപാത ഉപയോഗിക്കില്ല. ഇതിന് പകരം പാക്കിസ്ഥാനെ ഒഴിവാക്കി മധ്യ ഏഷ്യന്‍ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ പ്രധാനമന്ത്രിയുടെ വിവിഐപി എയര്‍ക്രാഫ്റ്റ് പറത്തുവാന്‍ ഇന്ത്യ തീരുമാനിച്ചു. ഒമാന്‍, ഇറാന്‍, മധ്യഏഷ്യന്‍ രാജ്യങ്ങളുടെ വ്യോമപാതയിലൂടെയാകും പ്രധാനമന്ത്രി സഞ്ചരിക്കുക. നാളെയും മറ്റന്നാളുമാണ് ഉച്ചകോടി നടക്കുന്നത്.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രിയുടെ വിമാനത്തിന് സഞ്ചരിക്കാന്‍ വ്യോമപാത തുറന്നുനല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രധാനമന്ത്രിക്കായി വ്യോമപാത തുറന്നുനല്‍കണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇമ്രാന്‍ ഖാന്റെ നടപടി. ഇമ്രാന്‍ ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, ഇരുനേതാക്കളും തമ്മില്‍ ഔപചാരിക കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ബാലാക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് പാക്കിസ്ഥാൻ വ്യോമപാത അടച്ചത്. തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെയുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.

Latest