Connect with us

Articles

മഴയെ പിടിച്ചുകെട്ടുക

Published

|

Last Updated

ജീവന്റെ നിലനില്‍പ്പ് തന്നെ അസാധ്യമാകുന്ന വിധത്തില്‍ ജലസ്രോതസ്സുകള്‍ കുറഞ്ഞു വരികയാണിന്ന്. ഉള്ളതില്‍ തന്നെ പലതും മലിനവും. ഉപരിതല, ഭൂഗര്‍ഭ ജല സ്രോതസ്സുകള്‍ ജല സന്ധാരണത്തിനു പരമ പ്രധാനമായ ഘടകമാണ്. അവയാണ് ഭൂമിയെ ആവാസ യോഗ്യമാക്കുന്നത്. അവ താഴ്ന്ന് പോകുകയോ വറ്റി വരളുകയോ ചെയ്യുന്നത് വരള്‍ച്ചയുടെയും വേനലിന്റെയും കാഠിന്യം വര്‍ധിപ്പിക്കും.

ഭൂമിയെ ജല സമ്പുഷ്ടമാക്കുന്നത് സമൃദ്ധമായ മഴയാണ്. മഴക്കാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് അന്തരീക്ഷത്തിലാണ്. അന്തരീക്ഷ വായുവിന്റെ ഘടനയും ചലന സ്വഭാവവുമെല്ലാം മഴയുണ്ടാകുന്നതിന് സഹായകമായി വര്‍ത്തിക്കുന്നു. സൂര്യതാപം ഭൂമിയിലേല്‍ക്കുന്നു. തപ്തജലം ബാഷ്പമായി മേല്‍പ്പോട്ടുയരുന്നു. കാറ്റുകള്‍ അവയെ തലോടി തണുപ്പിക്കുന്നു. നീരാവി ജലമായി പരിണമിക്കുന്നു. അതു ഘനീഭവിച്ച് മഴയായി വര്‍ഷിക്കുന്നു. ഈ ചാക്രിക വ്യവസ്ഥക്ക് സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. വര്‍ധിച്ചു വരുന്ന ജന സംഖ്യ, കാലാവസ്ഥാ വ്യതിയാനം, ആസൂത്രണമില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍, നഗരവത്കരണം, നിയന്ത്രണമില്ലാത്ത മലിനീകരണം, വന നശീകരണം തുടങ്ങിയവയെല്ലാം ജല സ്രോതസ്സുകളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്.
ഒരു വര്‍ഷം നമ്മുടെ എല്ലാ നദികളിലൂടെയും ഒഴുകുന്ന ജലത്തിന്റെ അളവ് 18,69000 ദശലക്ഷം ഘന മീറ്റര്‍ വെള്ളമാണ്. ഇതില്‍ പ്രയോഗയുക്തമായത് 69,000 ദശ ലക്ഷം ജലം മാത്രം. ഉപയോഗിക്കാന്‍ കഴിയുന്ന ജലത്തിന്റെ അളവ് 4,32000 ദശലക്ഷം ഘനമീറ്ററുമാണ്. ഇന്ത്യയിലെ വാര്‍ഷിക മഴയുടെ 65 ശതമാനവും 15 ദിവസത്തിനുള്ളില്‍ പെയ്തവസാനിക്കുന്നു. അതിനാല്‍ വേനല്‍ കാലത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ സംഭരണികളെ ആശ്രയിക്കേണ്ടിയിരിക്കുന്നു.

മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സംഭരണ ശേഷി വളരെ പിന്നാക്കമാണ്. ചൈനയിലും ദക്ഷിണാഫ്രിക്കയിലും മെക്‌സിക്കോയിലും ആളൊന്നിന് 1000 ഘനമീറ്റര്‍ ജലം സംഭരിച്ച് വെക്കാന്‍ സാധിക്കും. ഇന്ത്യയിലിത് 200 ഘന മീറ്റര്‍ മാത്രമാണ്. ഇന്ത്യക്ക് 30 ദിവസത്തെ മഴവെള്ളം മാത്രം സംഭരിച്ച് വെക്കാന്‍ കഴിവുള്ളപ്പോള്‍ മറ്റു രാജ്യങ്ങള്‍ക്ക് 1000 ദിവസത്തെ മഴവെള്ളം സംഭരിച്ച് വെക്കാന്‍ കഴിവുണ്ട്. അതിനാല്‍ ഭൂഗര്‍ഭ ജല സ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാകണം.

രണ്ട് തവണയായി സമൃദ്ധമായ മഴ ലഭിക്കുന്നിടമാണ് കേരളം. ആമസോണ്‍ നദീ തീരത്ത് ലഭിക്കുന്ന മഴയുടെ അളവോളം തന്നെ മഴ കേരളത്തിലും ലഭിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍ ലഭിക്കുന്ന മഴ ഏതാണ്ട് ഒരുപോലെയാണ്. എന്നാല്‍ കേരളം ഇന്ന് കടുത്ത വരള്‍ച്ചയും ജലക്ഷാമവും നേരിടുന്നു. മഴ അളവില്‍ കവിഞ്ഞു ലഭിക്കുന്നുണ്ടെങ്കിലും ജലം വേണ്ടത്ര ഉപയോഗിക്കാന്‍ കഴിയുന്നില്ല. 500 കിലോമീറ്ററിലധികം നീളവും 50 കിലോറ്റമീറ്ററിലധികം വീതിയുമുള്ള ചേരി പ്രദേശമാണ് കേരളം. കേരളത്തില്‍ ശരാശരി 3000 മി.മീ മഴ പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. ഒരു മഴ പെയ്താല്‍ അതൊക്കെയും സംഭരിക്കപ്പെടാതെ കടലില്‍ പതിച്ച് ഉപയോഗശൂന്യമാകുന്നിടത്താണ് പ്രശ്‌നം. മഴക്കുഴികള്‍, നീര്‍തടങ്ങള്‍, ചതുപ്പ് നിലങ്ങള്‍, പാടങ്ങള്‍, കുളങ്ങള്‍ പോലുള്ളവ വഴിയാണ് വെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നത്. അവയൊക്കെയും ഇല്ലാതാകുന്നതാണ് മഴ സംഭരണത്തിനുള്ള പ്രയാസം. സംസ്ഥാനത്തു പെയ്തുവീഴുന്ന ശരാശരി 300 സെന്റീ മീറ്റര്‍ മഴയുടെ 20 ശതമാനമെങ്കിലും പിടിച്ച് വെക്കാനും ഭൂമിയിലേക്ക് ഇറക്കി വെക്കാനും സാധിച്ചാല്‍ തീരാവുന്നതാണ് കേരളത്തിന്റെ ജലക്ഷാമം.

ഒരു ചതുരശ്ര മീറ്ററില്‍ (ഒരു മീറ്റര്‍ വീതിയും ഒരു മീറ്റര്‍ നീളവുമുള്ള പ്രദേശം) ഒരു മില്ലി ലിറ്റര്‍ മഴ പെയ്താല്‍ ഒരു ലിറ്റര്‍ വെള്ളം കിട്ടുമെന്നാണ് കണക്ക്. അങ്ങനെ വരുമ്പോള്‍ പത്ത് സെന്റ് സ്ഥലത്ത് ഒരു വര്‍ഷം 12 ലക്ഷം ലിറ്റര്‍ വെള്ളം കിട്ടും. ഇത് സംരക്ഷിച്ച് വെക്കാന്‍ കഴിയണമെന്ന് മാത്രം. ഭൂമിക്ക് ജലം ധാനമായി നല്‍കുന്നത് മഴയാണ്. മഴയില്ലാതായാല്‍ ഭൂമി വരണ്ടുണങ്ങും. അതിനാല്‍ മഴ വെള്ളം സംഭരിച്ച് വെക്കണം. നമ്മുടെ വീടുകളില്‍ പെയ്യുന്ന മഴ വെള്ളത്തെ മഴക്കുഴികള്‍ തീര്‍ത്ത് ശേഖരിച്ചുവെക്കുക. പറമ്പുകളില്‍ സസ്യങ്ങള്‍ വളര്‍ത്തുക. മരങ്ങള്‍ നട്ടുപിടിപ്പിക്കുക. തടയിണകള്‍ നിര്‍മിക്കുക. വയലുകളും ചതുപ്പ് നിലങ്ങളും തണ്ണീര്‍ തടങ്ങളും സംരക്ഷിക്കുക. കൃഷി ഒരു സാംസ്‌കാരിക വ്യവസ്ഥയായി കാണുക. സ്ഥലമുള്ളവര്‍ ചെറിയ കുഴികള്‍ കുത്തിയും തടം കെട്ടിയും മഴവെള്ളം ഭൂമിയിലേക്കിറക്കുക. എന്നാല്‍ ഭൂഗര്‍ഭ ജലനിരത്തില്‍ വ്യത്യാസമുണ്ടാകും. നമ്മുടെ കുളങ്ങള്‍, കിണറുകള്‍ മറ്റു ജല സംഭരണ കേന്ദ്രങ്ങള്‍ വൃത്തിയാക്കി ജലശേഖരണത്തിന് സജ്ജമാക്കേണ്ടതുണ്ട്. കൊടും വരള്‍ച്ചയുടെ മുന്നറിയിപ്പുകളാണ് അനുഭവപ്പെടുന്നത്. ഒരു മഴത്തുള്ളി പോലും പാഴാക്കരുത്.

പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗമാണ് വരള്‍ച്ചക്കും ജല സ്രോതസ്സുകള്‍ നശിക്കാനും പ്രധാന കാരണം. കാട് വെട്ടിത്തെളിച്ച് മഴയെന്ന മനോഹരാനുഗ്രഹത്തെ നാം ഇല്ലാതാക്കികൊണ്ടിരിക്കുന്നു. നിര്‍ദാക്ഷിണ്യം കുന്നിടിച്ചു നിരത്തുന്നു. വയലുകള്‍ നിരപ്പാക്കുന്നു. ചതുപ്പുകള്‍ നിരത്തി കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിയുന്നു. രണ്ടിടത്തും നമുക്ക് നഷ്ടമാകുന്നത് ജലമാണ്. മാത്രമോ നികത്തുന്ന വയലുകളില്‍ ഉയരുന്ന വലിയ കെട്ടിടങ്ങള്‍ പ്രസരിപ്പിക്കുന്ന താപം തൊട്ടടുത്തുള്ള വയലുകളിലെ ജലസ്രോതസ്സിനെയും ഇല്ലാതാക്കുന്നു. ഒരു കാലത്ത് കുളിരുള്ള തണ്ണീര്‍ പ്രവഹിച്ചിരുന്ന എത്ര കൊച്ചരുവികളാണ് വറ്റി വരണ്ടും കണ്ണീര്‍ ചാലുകളായും കിടക്കുന്നത്. മുന്നും പിന്നും നോക്കാത്ത ആധുനിക മനുഷ്യന്റെ ലാഭക്കൊതിയാണ് ഈ ജല സ്രോതസ്സുകള്‍ വറ്റിച്ചു കളഞ്ഞത്.

മുസ്തഫ സഖാഫി കാടാമ്പുഴ

Latest