മത പ്രതീകങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതതിനെതിരെ മന്ത്രി

Posted on: June 12, 2019 2:54 pm | Last updated: June 12, 2019 at 4:27 pm

ന്യൂ ഡല്‍ഹി: മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിനെ ലളിതകലാ അക്കാഡമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതിനോട് സര്‍ക്കാറിന് യോജിപ്പില്ലെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. ഈ വിഷയം പുനപരിശോധിക്കാന്‍ കേരള ലളിതകലാ അക്കാഡമിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈകടത്തലല്ലെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹി കേരള ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലളിത കലാ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. അക്കാഡമി ചുമതലപ്പെടുത്തുന്ന കമ്മിറ്റിയാണ് ജൂറിയെ തീരുമാനിക്കുന്നത്. ഇത്തവണ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ പി സുകുമാര്‍, പി വി കൃഷ്ണന്‍, മധു ഓമല്ലൂര്‍ എന്നിവരാണ് കാര്‍ട്ടൂണുകള്‍ പരിശോധിച്ച് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കെ കെ സുഭാഷ് രചിച്ച ബിഷപ്പ് ഫ്രാങ്കോ കഥാപാത്രമാകുന്ന വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണാണ് അക്കാഡമി അവാര്‍ഡിന് തിരഞ്ഞെടുത്തത്. കാര്‍ട്ടൂണില്‍ ഫ്രാങ്കോയെ ചിത്രീകരിച്ചതിനോട് സര്‍ക്കാര്‍ വിയോജിക്കുന്നില്ല. അദ്ദേഹത്തിന്റെ ചെയ്തികളെ പൊതുസമൂഹം വിലയിരുത്തിയിട്ടുള്ളതാണ്. എന്നാല്‍ അദ്ദേഹത്തെ പൊതുസമൂഹത്തിനു മുന്നില്‍ വരച്ചു കാട്ടാന്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നം അവഹേളിക്കുന്ന രീതിയില്‍ കാര്‍ട്ടൂണില്‍ ഉപയോഗിച്ചിട്ടുള്ളതിനോടാണ് സര്‍ക്കാറിന് വിയോജിപ്പുള്ളത്. ഫ്രാങ്കോയെ പരിഹസിക്കാനായി ഒരു മതവിഭാഗത്തിന്റെ പ്രതീകം ഉപയോഗപ്പെടുത്തിയത് സാധാരണ മതവിശ്വാസികളില്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇത് സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നു.

മതപ്രതീകങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നത് സര്‍ക്കാര്‍ നയമല്ലെന്നും മന്ത്രി പറഞ്ഞു.