Connect with us

National

യുപിയില്‍ മാധ്യമപ്രവര്‍ത്തകന് റെയില്‍വെ പോലീസിന്റെ ക്രൂരമര്‍ദനം; മുഖത്തേക്ക് മൂത്രമൊഴിച്ചു

Published

|

Last Updated

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂര മര്‍ദനം. പടിഞ്ഞാറന്‍ യുപിയിലെ ഷംലിയിലാണ് സംഭവം. മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയില്‍ ധീമാന്‍പുരയ്ക്കടുത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ അമിത് ശര്‍മയാണ് മര്‍ദനത്തിനിരയായത്. യൂണിഫോമിലല്ലാതെ എത്തിയ പോലീസുകാര്‍ പ്രകോപനമൊന്നുമില്ലാതെ മര്‍ദിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്തുവെന്നുംമുഖത്തേക്ക് മൂത്രമൊഴിച്ചെന്നും ശര്‍മ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ റെയില്‍വേ പോലീസ് എസ്എച്ച്ഒ രാകേഷ് കുമാര്‍, മറ്റൊരു കോണ്‍സ്റ്റബിള്‍ എന്നിവരെ സസ്‌പെന്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് തന്നെ വലിച്ചിഴച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പുലരും വരെ സ്റ്റേഷനിലും മര്‍ദനം തുടര്‍ന്നെന്നും ശര്‍മ ആരോപിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മാധ്യമപ്രവര്‍ത്തകനെ മോചിപ്പിച്ചത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകനെ ജയിലിലടച്ച സംഭവം വിവാദമായതിന് തൊട്ടുപിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനെ ഈ സംഭവം പുറത്തുവരുന്നത്.