നിയമം ലംഘിച്ച് വാഹനമോടിക്കുന്നവര്‍ കുടുങ്ങും; കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്‌

Posted on: June 11, 2019 11:06 pm | Last updated: June 12, 2019 at 9:53 am

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കുരുക്ക് മുറുകുന്നു. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചാല്‍ 100 രൂപയും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആയിരം രൂപയും പിഴയൊടുക്കേണ്ടി വരും. മോട്ടോര്‍ വാഹന നിയമ പ്രകാരം ചുമത്തുന്ന ശിക്ഷകളും പിഴകളും വ്യക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അമിത വേഗതക്ക് 400ഉം ആവര്‍ത്തിച്ചാല്‍ ആയിരവും രൂപയാണ് പിഴ. അപകടരമോ സാഹസികമോ ആയ ഡ്രൈവിംഗിന് ആയിരം രൂപ പിഴയോ ആറുമാസം തടവോ ശിക്ഷയായി ലഭിക്കും. മൂന്നു വര്‍ഷത്തിനകം ആവര്‍ത്തിച്ചാല്‍ രണ്ടു വര്‍ഷം തടവോ 2000 രൂപ പിഴയോ ആണ് ശിക്ഷ.

മറ്റ് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളും ശിക്ഷകളും:
മദ്യപിച്ച് വാഹനമോടിക്കല്‍: 2000 രൂപ പിഴയോ ആറുമാസം തടവോ രണ്ടും കൂടിയോ, ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍. മൂന്നു വര്‍ഷത്തിനകം കുറ്റം ആവര്‍ത്തിച്ചാല്‍ 3000 രൂപ പിഴയോ രണ്ടു വര്‍ഷം തടവോ രണ്ടും കൂടിയോ.

വായു, ശബ്ദ മലിനീകരണം: ആയിരം രൂപ
അപകടകരമായ രീതിയില്‍ ചരക്കു കൊണ്ടുപോകല്‍: 3000 രൂപ പിഴയോ ഒരു വര്‍ഷം തടവോ. ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴയോ മൂന്നു വര്‍ഷം തടവോ.

നിയമവിരുദ്ധമായി വാഹനം കൈമാറ്റം ചെയ്യല്‍. രൂപമാറ്റം വരുത്തല്‍: 500 രൂപ പിഴ. ഇതുകൂടാതെ രൂപമാറ്റം വരുത്തിയ വാഹനം പൂര്‍വസ്ഥിതിയിലാക്കി അധികൃതര്‍ക്കു മുമ്പില്‍ ഹാജരാക്കുകയും വേണം.

രജിസ്‌ട്രേഷന്‍ നടത്താതെ വാഹനമോടിക്കല്‍: 2000 മുതല്‍ 5000 രൂപ വരെ പിഴ. ആവര്‍ത്തിച്ചാല്‍ 5000ത്തിനും 10000ത്തിനും ഇടയില്‍ പിഴയോ ഒരു വര്‍ഷം തടവോ.

ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ രേഖകള്‍, പുക പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, നികുതിയൊടുക്കിയതിന്റെ രസീത് എന്നിവ വാഹനമോടിക്കുമ്പോള്‍ കൈയിലുണ്ടായിരിക്കണം. പൊതു ഗതാഗത വാഹനങ്ങളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് സംബന്ധമായ രേഖകള്‍, ട്രിപ് ഷീറ്റ് എന്നിവയും വാഹനങ്ങളില്‍ സൂക്ഷിക്കണം. സ്റ്റേജ് കാര്യേജുകളില്‍ കണ്ടക്ടര്‍ ലൈസന്‍സും പരാതി പുസ്തകവും ഇവക്കൊപ്പം ഉണ്ടാകണം.