ജെറ്റ് എയര്‍വേയ്‌സ് വിമാനം റാഞ്ചുമെന്ന് ഭീഷണി: പ്രതിക്ക് ജീവപര്യന്തവും പിഴയും

Posted on: June 11, 2019 9:04 pm | Last updated: June 11, 2019 at 11:43 pm

അഹമ്മദാബാദ്: ജെറ്റ് എയര്‍വേയ്‌സ് വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയുള്ള സന്ദേശം വിമാനത്തില്‍ നിക്ഷേപിച്ച വ്യവസായിക്ക് എന്‍ ഐ എ പ്രത്യേക കോടതി ജീവപര്യന്തവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. ബിര്‍ജു സല്ല എന്ന വ്യവസായിക്കാണ് ശിക്ഷ ലഭിച്ചത്. എന്‍ ഐ എ പ്രത്യേക ജഡ്ജി കെ എം ദാവേയാണ് വിധി പ്രസ്താവിച്ചത്. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക, ഭീഷണിയെ തുടര്‍ന്ന് പരിഭ്രാന്തരാവുകയും പ്രയാസമനുഭവിക്കുകയും ചെയ്ത വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ വിതരണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

2017 ഒക്ടോബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജെറ്റ് എയര്‍വേയ്‌സിന്റെ 9ഡബ്ല്യൂ339 നമ്പര്‍ മുംബൈ-ഡല്‍ഹി ഫ്‌ളൈറ്റ് റാഞ്ചുമെന്ന ഭീഷണി സന്ദേശം ഇംഗ്ലീഷിലും ഉറുദുവിലുമായി തയാറാക്കിയ പ്രതി അത് വിമാനത്തിലെ ശുചിമുറിയിലെ ടിഷ്യു പേപ്പര്‍ ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു. വിമാനം പാക് അധിനിവേശ കശ്മീരിലേക്കു റാഞ്ചിക്കൊണ്ടു പോകുമെന്നായിരുന്നു ഭീഷണി. ഇതേ തുടര്‍ന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നു.

സെല്ലയാണ് കൃത്യത്തിനു പിന്നിലെന്ന് അന്വേഷണത്തില്‍ തെളിയുകയും ഇയാളെ അന്വേഷണ സംഘം
അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്താന്‍ ഇത് ജെറ്റ് എയര്‍വേയ്‌സ് അധികൃതരെ നിര്‍ബന്ധിതരാക്കുമെന്നും എയര്‍വേയ്‌സിന്റെ ഡല്‍ഹി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന തന്റെ പെണ്‍ സുഹൃത്തിനെ മുംബൈയില്‍ തിരികെയെത്തിക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്തതെന്ന് കുറ്റം സമ്മതിച്ചു കൊണ്ടുള്ള മൊഴിയില്‍ പ്രതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് 2016ലെ ആന്റി ഹൈജാക്കിംഗ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തത്.