Ongoing News
ശിഖര്‍ ധവാന് കളിക്കാനാവില്ല; ഇന്ത്യക്ക് തിരിച്ചടി

ലണ്ടന്‍: ആസ്‌ത്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ സെഞ്ചുറി നേടി തിളങ്ങിയ ശിഖര്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങുന്നു. ആസ്‌ത്രേലിയക്കെതിരായ മത്സരത്തില്‍ കൈ വിരലിനേറ്റ പരുക്ക് ഗുരുതരമായതിനാലാണ് താരത്തിന്റെ മടക്കം.
ശിഖര്‍ ധവാന്റെ കൈവിരലിന് പൊട്ടെലുണ്ടെന്നാണ് സ്‌കാനിംഗ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ധവാന് കളിക്കാനാവില്ല.
താരത്തിന് മൂന്നാഴ്ച വിശ്രമം വേണെമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ധവാന് പകരക്കാരനായി റിഷഭ് പന്തിനെ ടീമിലുള്‍പ്പെടുത്തിയേക്കും.
ഓസീസിനെതിരെ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ ബാറ്റിംഗിനിടെയായിരുന്നു ധവാന് പരിക്കേറ്റത്. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് കൊണ്ട ധവാന്റെ ഇടത് കൈയ്യിലെ തള്ളവിരല്‍ നീര് വന്ന് വീര്‍ത്തിരുന്നു. പന്ത് തട്ടിയ ശേഷവും ബാറ്റിംഗ് തുടര്‍ന്ന ധവാന്‍ 109 പന്തുകളില്‍ 117 രണ്‍സെടുത്താണ് മടങ്ങിയത്. എങ്കിലും, ധവാന് ഫീല്‍ഡിംഗിന് ഇറങ്ങാനായില്ല. അതിനാല്‍ തന്നെ സാരമായ പരിക്കുകളൊന്നും ഉണ്ടാവില്ലെന്നായിരുന്നു ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ. ധവാന് പകരക്കാരനായി രവീന്ദ്ര ജഡേജയാണ് ഫീല്‍ഡിംഗിനെത്തിയിരുന്നത്.
ധവാന് പകരം ഇന്ത്യന്‍ ടീമിന്റെ ഓപണറായി ലോകേഷ് രാഹുലിനാണ് സാധ്യത. ലോകകപ്പില്‍ മൂന്നാം ജയം തേടിയിറങ്ങുന്ന ടീം ഇന്ത്യക്കും ആരാധകര്‍ക്കും ഓപണര്‍ ശിഖര്‍ ധവാന്റെ മടക്കം വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.