Connect with us

National

ക്യാഷ് ഡെപ്പോസിറ്റ് മെഷീനും സുരക്ഷിതമല്ല; വ്യാപാരിക്ക് നഷ്ടമായത് 45000 രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: എടിഎം മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പിന് പിന്നാലെ ബാങ്കുകളുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ കേന്ദ്രീകരിച്ചും തട്ടിപ്പ്. സിഡിഎമ്മില്‍ പണം നിക്ഷേപിച്ച ഡല്‍ഹി സ്വദേശിയായ വ്യാപാരിക്ക് നഷ്ടമായത് 45000 രൂപ. തെക്കന്‍ ഡല്‍ഹിയിലെ ജംഗ്പുരയിലുള്ള ഒരു ബാങ്കിന്റെ സിഡിഎം കൗണ്ടറില്‍ നിക്ഷേപിച്ച പണമാണ് വ്യാപാരിയിൽ നിന്ന് തട്ടിപ്പുകാർ കെെവശപ്പെടുത്തിയത്.

ഭാര്യയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനായാണ് ബിസിനസുകാരായ അദ്ദേഹം ബാങ്കിന്റെ സിഡിഎം കൗണ്ടറില്‍ എത്തിയത്. പതിവുപോലെ സിഡിഎമ്മില്‍ ഇയാള്‍ പണം നിക്ഷേപിച്ചുവെങ്കിലും നിക്ഷേപം ക്രെഡിറ്റ് ചെയ്യപ്പെട്ടതായി മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചില്ല. എന്നാല്‍ നിക്ഷേപം നടത്തിയ ശേഷം ഇയാള്‍ക്ക് മെഷീനില്‍ നിന്ന് ഒരു സ്ലിപ്പ് ലഭിക്കുകയും ചെയ്തു. പക്ഷേ സ്ലിപ്പില്‍ നിക്ഷേപിച്ച തുക എത്രയെന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഈ സമയം സിഡിഎമ്മിന് മുന്നില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ചുനിന്ന ഇയാളോട് പിന്നില്‍ നിന്നയാള്‍ ഉടന്‍ ബാങ്കില്‍ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചു. ബാങ്കില്‍ എത്തി പരിശോധിച്ചപ്പോഴാണ് ട്രാന്‍സാക്ഷന്‍ ക്യാന്‍സലായ വിവരം ഇയാള്‍ അറിയുന്നത്. സാധാരണ ഗതിയില്‍ ട്രാന്‍സാക്ഷന്‍ ക്യാന്‍സലായാല്‍ പണം തിരികെ ലഭിക്കും. ഇയാള്‍ക്കാണെങ്കില്‍ പണം ലഭിച്ചിട്ടുമില്ല. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്.

ബിസിനസുകാരന്‍ ബാങ്കിലേക്ക് പോയ ഉടന്‍ അദ്ദേഹത്തിന് തൊട്ടുപിന്നില്‍ നിന്നയാള്‍ സിഡിഎം മെഷീനിലെ ചില കീകള്‍ അമര്‍ത്തി ട്രാന്‍സാക്ഷന്‍ ക്യാന്‍സല്‍ ചെയ്യുകയും പണവുമായി പുറത്തുപോകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതോടെ ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിഡിഎമ്മിന് മുന്നില്‍ ക്യൂവിലുണ്ടായിരുന്ന മറ്റു ആളുകളും തട്ടിപ്പ് സംഘത്തില്‍ പെട്ടതാണെന്ന് സംശയിക്കുന്നുണ്ട്. സിഡിഎം മെഷീനില്‍ വല്ല കൃത്രിമവും നടത്തിയാണോ ഇയാള്‍ പണം തട്ടിയതെന്ന് വ്യക്തമല്ല. എന്തായാലും സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

ചുരുക്കത്തില്‍ എടിഎം മെഷീനുകള്‍ മാത്രമല്ല; സിഡിഎമ്മും സുരക്ഷിതമല്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. എടിഎം, സിഡിഎം പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധവേണമെന്ന് ഈ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

---- facebook comment plugin here -----

Latest