മാലിയില്‍ വംശീയ ആക്രമണം; നൂറിലധികം പേര്‍ കൊല്ലപ്പെട്ടു

Posted on: June 11, 2019 1:34 pm | Last updated: June 11, 2019 at 3:17 pm

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയിലുണ്ടായ വംശീയ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേ മസംയ ദോഗോണ്‍ വംശത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വാഹനത്തിലെത്തിയവരാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. മൂന്നാഴ്ച മുമ്പ് ദോഗോല്‍ സംഘം നടത്തിയ ആക്രമണത്തില്‍ ഫുലാനി വംശത്തിലെ 160ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കൗണ്ടോ ജില്ലയിലെ സൊബാന്‍ കോ ഗ്രാമത്തിലാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. 95 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തെത്തുടര്‍ന്ന് 19 പേരെ കാണാതായിട്ടുണ്ട്. കന്നുകാലികളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും വീടുകള്‍ നശിപ്പിക്കുകയുമുണ്ടായി. ആക്രമണത്തില്‍ ഗ്രാം പാടെ ഇല്ലാതായിരിക്കുകയാണെന്ന് സുരക്ഷാസേനവ്യത്തങ്ങള്‍ പറഞ്ഞു. ഗ്രാമത്തില്‍ ആകെ 300ഓളം പേരാണുണ്ടായിരുന്നത്. പാരമ്പര്യമായി കൃഷിക്കാരാണ ദോഗോണ്‍ വിഭാഗം. ഫുലാനികള്‍ നാടോടികളാണ്. 2012ഓടെയാണ് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.