Connect with us

Ongoing News

ലങ്ക ദഹനമോ ബംഗ്ലാ ദുരന്തമോ...?

Published

|

Last Updated

ബ്രിസ്റ്റലിൽ ശ്രീലങ്കയുടെ മിലിൻഡ സിരിവർധന നെറ്റ്സിൽ പരിശീലനം നടത്തുന്നു

ലണ്ടൻ: കരുത്തരോട് മാത്രം ഏറ്റുമുട്ടി ലോകകപ്പിലെ നാലാം മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശും മഴയുടെ ഭാഗ്യത്തിൽ പോയിന്റ് നിലയിൽ മുകളിലെത്തിയ ശ്രീലങ്കയും തമ്മിലാണ് ഇന്നത്തെ മത്സരം. ശ്രീലങ്കക്കെതിരെ ബംഗ്ലാദേശ് ജയിക്കുകയെന്നത് അട്ടിമറിയായി കണക്കാക്കിയിരുന്ന കാലമൊക്കെ കഴിഞ്ഞു. ഐ സി സി റാങ്കിംഗിൽ 90 പോയിന്റോടെ ഏഴാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് മുന്നിൽ 76 പോയിന്റുമായി ഒമ്പതാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് ജയിക്കുകയെന്നത് കുറച്ചധികം പ്രയാസമുള്ള കാര്യം തന്നെയാണ്. ദക്ഷിണാഫ്രിക്കയോട് പൊരുതി ജയിച്ച് ലോകകപ്പിൽ വരവറിയിച്ച ബംഗ്ലാദേശ് താരങ്ങൾ നല്ല ഫോമിലാണ്. പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ന്യൂസിലാൻഡിനോടും ഇംഗ്ലണ്ടിനോടും തോറ്റെങ്കിലും ബംഗ്ലാ കടുവകളുടെ വീര്യം അടങ്ങിയിട്ടൊന്നുമില്ല. കാരണം, അത്രയധികം ഊർജ്ജ്വസ്വലത ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ നിന്ന് ബംഗ്ലാദേശ് ആർജ്ജിച്ചെടുത്തിട്ടുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്നിംഗ്‌സ് പുറത്തെടുക്കാനായാൽ ഇന്ന് ലങ്കാദഹനം തന്നെ ബ്രിസ്റ്റൽ കൺട്രി ഗ്രൗണ്ടിൽ നടക്കും.

ബംഗ്ലാദേശിന്റെ പ്രതീക്ഷ
മികച്ച ബാറ്റിംഗ് ലൈനപ്പ് തന്നെയാണ് ബംഗ്ലാദേശിന്റെ കരുത്ത്. ശാകിബ് അൽ ഹസനും മുശ്ഫീക്കുർറാഹിമും മികച്ച ഫോമിലാണ്. ബോളിംഗ് നിരയിൽ മെഹ്ദി ഹസനും ശാകിബ് അൽ ഹസനും മുസാദിക്ക് ഹുസൈനും നല്ല പ്രകടനം തന്നെയാണ് കഴിഞ്ഞ മൂന്ന് കളികളിലും കാഴ്ചവെച്ചത്. ശ്രീലങ്കൻ താരങ്ങളുടെ ബലഹീനത മനസ്സിലാക്കി കളിക്കാൻ സാധിക്കുന്ന താരങ്ങളാണ് ഇപ്പോൾ ബംഗ്ലാദേശിനുള്ളത്. ഇരുടീമുകളുടെയും പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ബംഗ്ലാദേശിനാണ് വിജയ സാധ്യത കൂടുതലുള്ളത്. ഇന്നത്തെ കളി ജയിച്ചാൽ ബംഗ്ലാദേശിന് സെമി ഫൈനലിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.

റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്കെതിരെ 330 റൺസിന്റെ കൂറ്റൻ സ്‌കോർ അടിച്ചെടുത്ത ബംഗ്ലാദേശിന് കൃത്യതയോടെ പന്തെറിയാൻ കഴിഞ്ഞ ബോളിംഗ് നിരയും വിജയം സമ്മാനിച്ചു. എന്നാൽ, ഈ പോരാട്ടവീര്യം ന്യൂസിലാൻഡിനോടും ഇംഗ്ലണ്ടിനോടും ഏറ്റുമുട്ടിയപ്പോൾ ബംഗ്ലാദേശ് താരങ്ങൾക്ക് ചോർന്ന് പോയിരുന്നു. ന്യൂസിലാൻഡിനോട് രണ്ട് വിക്കറ്റിന്റെ നിരാശാജനകമായ പരാജയവും ഇംഗ്ലണ്ടിനോട് 106 റൺസിന്റെ കൂറ്റൻ തോൽവിയും ഏറ്റുവാങ്ങേണ്ടി വന്നു.

ബാറ്റിംഗ് നിരയിൽ നല്ലൊരു തുടക്കം കൊടുക്കാൻ ഓപ്പണർമാരായ സൗമ്യ സർക്കാറിനും തമീം ഇഖ്ബാലിനും സാധിച്ചിട്ടില്ല. മൂന്ന് മാച്ചുകളിലും ഇവരുടെ പ്രകടനം ദയനീയമായിരുന്നു. മൂന്നാമനായ ശാകിബ് ഹസനാണ് മൂന്ന് കളിയിലും ടീമിന്റെ സ്‌കോർ ഉയർത്തിയത്.

ഇംഗ്ലണ്ടിനെതിരെ 121, ക്ഷിണാഫ്രിക്കയോട് 75, ന്യൂസിലാൻഡിനോട് 64 റൺസുകൾ വീതം അടിച്ചെടുക്കാൻ ശാകിബിന് കഴിഞ്ഞിട്ടുണ്ട്. ബാറ്റിംഗ് നിരയിൽ ശാകിബിനെ പോലെ ബോളിംഗ് ലൈനപ്പിൽ ബംഗ്ലാദേശിന് വിശ്വസിക്കാൻ പറ്റുന്ന താരങ്ങൾ ഇല്ലെന്നതാണ് യാഥാർഥ്യം.

ശ്രീലങ്കൻ സാധ്യത
അഫ്ഗാനിസ്ഥാനോട് വിജയിച്ച ശ്രീലങ്ക ന്യൂസിലാൻഡിനോട് പത്ത് വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. പാക്കിസ്ഥാനുമായുള്ള മത്സരം മഴ മൂലം മുടങ്ങിയതിനാൽ ഒരുപോയിന്റ് ലഭിച്ച് ശ്രീലങ്ക പോയിന്റ് പട്ടികയിൽ അഞ്ചാമതെത്തുകയായിരുന്നു. ശ്രീലങ്കയുടെ ബാറ്റിംഗ് നിരയെ ഭയപ്പെടുത്താൻ ദുർബലരായ അഫ്ഗാൻ താരങ്ങൾക്ക് സാധിച്ചിരുന്നു. അവർക്കെതിരെ 34 റൺസിന്റെ വിജയം നേടിയ ശ്രീലങ്കയെ അന്നും തുണച്ചത് മഴയായിരുന്നു. ബാറ്റ്‌സ്മാന്മാരുടെ അഭാവമാണ് ശ്രീലങ്കൻ ജയ സാധ്യതക്ക് മുന്നിൽ കരിനിഴലാകുന്നത്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 14 റൺസിനിടെ അഞ്ച് വിക്കറ്റാണ് ലങ്കക്ക് നഷ്ടമായത്. 1996ലെ ലോകകപ്പ് ജേതാക്കൾക്ക് ഇക്കൊല്ലത്തെ ടൂർണമെന്റ് കീറാമുട്ടിയാകുകയാണ്.

സാധ്യതാ ടീം:

ബംഗ്ലാദേശ്: തമീം ഇഖ്ബാൽ/മുഹമ്മദ് മിതുൻ, ലിറ്റോൺ ദാസ്, സൗമ്യ സർക്കാർ, ശാക്കിബ് അൽ ഹസൻ, മുശ്ഫിഖർ റഹീം, മഹ്മൂദുല്ല, മുസാദിഖ് ഹുസൈൻ, മശ്‌റഫെ മുർതസ (ക്യാപ്റ്റൻ), മുഹമ്മദ് സൈഫുദ്ദീൻ, റൂബെൽ ഹുസൈൻ, മുസ്തഫിസൂർ റഹ്മാൻ, മുഹമ്മദ് മിഥുൻ, അബു ജായിദ്.

ശ്രീലങ്ക: ദിമുത് കരുണരത്‌നെ (ക്യാപ്റ്റൻ), അവിഷ്‌കാ ഫെർണാണ്ടോ, സുരൻഗ ലക്മാൽ, ലാസിത് മലിംഗ, അഞ്ചെലോ മാത്യൂസ്, ജീവൻ മെൻഡിസ്, കുസാൽ മാൻഡിസ് (വി.കീപ്പർ), തിസാര പെരാര, നുവാൻ പ്രതീപ്, ദനാൻജിയ ഡി സിൽവ, മിലിൻഡ സിരിവർധന, ലഹിറു തിരിമാന്നെ, ഇസുറു ഉഡാന, ജെഫ്രി വാൻഡെർസെ.

Latest