Connect with us

Articles

ധാര്‍മിക പരിരക്ഷ മദ്‌റസകളിലൂടെ

Published

|

Last Updated

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നു. പിഞ്ചുകുട്ടികള്‍ ആവേശപൂര്‍വം മദ്‌റസാ പ്രവേശനത്തിനൊരുങ്ങുന്നു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ കീഴില്‍ മദ്‌റസാ വിദ്യാരംഭം (ഫത്‌ഹേ മുബാറക്) സ്റ്റേറ്റ് തലത്തിലും മദ്‌റസാ തലങ്ങളിലും നടക്കുകയാണ്. പലകപ്പുറത്ത് അക്ഷരങ്ങള്‍ വരച്ച് മസ്അലകളും വിശ്വാസ കാര്യങ്ങളും ഏറ്റുചൊല്ലി ഖുര്‍ആന്‍ ആയത്തുകള്‍ മനഃപാഠം ഉരുവിട്ട് ശാസ്ത്രീയമായ വ്യവസ്ഥകളൊന്നുമില്ലാതെയാണ് മുമ്പ് പ്രാഥമിക പഠനം നടന്നിരുന്നത്.

അറിവിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കി. അറിവ് ശക്തിയാണ്, വെളിച്ചമാണ്, പ്രതിരോധമാണ്. അറിവിന്റെ ആദ്യാക്ഷരം അലിഫാണ്. അത് മതത്തിന്റെ ജീവാത്മാവും പരമാത്മാവുമാണ്. വായിക്കാനും എഴുതാനുമുള്ള കാഹളം മുഴക്കിയാണ് ഖുര്‍ആന്‍ അവതരണം ആരംഭിക്കുന്നത്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്നതാണ് ഖുര്‍ആന്റെ ഉദ്‌ഘോഷം.

മദ്‌റസാ വിദ്യാഭ്യാസം എന്നാല്‍ ധാര്‍മിക വിദ്യാഭ്യാസം എന്നു തന്നെയാണ്. അധര്‍മത്തിലേക്ക് കൂപ്പുകുത്തുന്ന സമൂഹത്തില്‍ മദ്‌റസാ വിദ്യാഭ്യാസത്തിന്റെ പ്രസക്തി വിവരിക്കേണ്ടതില്ല. ലഹരിയും അശ്ലീലവും നാടുവാഴുന്ന അപകടാവസ്ഥ നാം അനുഭവിക്കുകയാണ്. നമ്മുടെ കുഞ്ഞുങ്ങളെ ഇന്നത്തെ ലഹരിയുപയോഗത്തിന്റെ തരിപ്പില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള വഴി ആലോചിക്കണം. വിദ്യാഭ്യാസം എന്നാല്‍ മനുഷ്യന്റെ ശരീരം, മനസ്, ആത്മീയം എന്നിവയിലെ നല്ലതിനെ പുറത്ത് കൊണ്ടുവരലാണെന്ന് മഹാത്മാ ഗാന്ധിയും പറഞ്ഞിട്ടുണ്ട്.
മതവിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാട് അറിവുകള്‍ അഥവാ വിവരങ്ങള്‍ നല്‍കലല്ല, മറിച്ച് മൂല്യങ്ങള്‍ സംവേദനം ചെയ്യലാണ്. മൂല്യങ്ങളാകട്ടെ പഠിപ്പിക്കപ്പെടുന്നതല്ല, പിടിച്ചെടുക്കപ്പെടുന്നതാണ്. ഉത്തമ പൗരനെ വാര്‍ത്തെടുക്കുക എന്നതാണ് മതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഗുരുവില്‍ നിന്ന് ഒപ്പിയെടുക്കുന്ന ശീലങ്ങള്‍, ആചാരങ്ങള്‍, കര്‍മരീതികള്‍, വ്യക്തിഗുണങ്ങള്‍ ഇവയാണ് വിദ്യാര്‍ഥിയുടെ മൂലധനം. ഉരുവിട്ടു പഠിക്കുന്ന പാഠങ്ങളും പരീക്ഷയും വിജയവും പരാജയവും ഗ്രേഡും എല്ലാം പ്രത്യക്ഷനേട്ടങ്ങളാണ്. പഠനവും പരീക്ഷയും കഴിഞ്ഞ് മനസില്‍ വല്ല നന്മയും അവശേഷിക്കുന്നുവെങ്കില്‍ അതാണ് വിദ്യാഭ്യാസം എന്ന് മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്.
അറിവിന്റെ മഹത്വം വലുതാണ്. സത്യവിശ്വാസികളെയും ജ്ഞാനം നല്‍കിയവരെയും അല്ലാഹു പദവികള്‍ നല്‍കി ഉയര്‍ത്തും എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അറിവന്വേഷിച്ച് ഒരാള്‍ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അല്ലാഹു എളുപ്പമാക്കുമെന്ന് നബി (സ്വ)യും പഠിപ്പിക്കുന്നു.

പുതു തലമുറയില്‍ സാംസ്‌കാരിക – ധാര്‍മിക മൂല്യങ്ങള്‍ സന്നിവേശിപ്പിക്കുന്നതില്‍ മദ്‌റസകള്‍ക്ക് കാതലായ പങ്കുണ്ട്. മദ്‌റസകള്‍ ശാന്തി കേന്ദ്രങ്ങളാണ്. ഉത്തമപൗരനെ സൃഷ്ടിക്കുന്ന കേന്ദ്രമാണ്. മതം ഗുണകാംക്ഷയാണ്. ഗുണപാഠങ്ങളാണ്. സമ്പത്തും ഭൗതിക വിദ്യയും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അതിനനുസരിച്ചുള്ള തലത്തിലേക്ക് മദ്‌റസാ പഠനം ഉയരണം. വിദ്യാഭ്യാസത്തിന്റെ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന കുടുംബം, കൂട്ടുകാര്‍, സമൂഹം, സ്റ്റേറ്റ് എന്നിവക്കെല്ലാം വ്യക്തികളിലെ മൂല്യപോഷണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമുണ്ട്. അതിനാല്‍ അറിവിന്റെയും സംസ്‌കാരത്തിന്റെയും ഉത്ഭവ കേന്ദ്രങ്ങളായ മദ്‌റസകള്‍ നിലനില്‍ക്കുക തന്നെ വേണം.

മൂല്യം എന്നത് വിവിധ തലത്തിലുണ്ട്. വൈയക്തിക മൂല്യങ്ങള്‍, സാമൂഹിക മൂല്യങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍, ധാര്‍മിക മൂല്യങ്ങള്‍, സാര്‍വ ലൗകിക മൂല്യങ്ങള്‍ എന്നിങ്ങനെ പല വിധമാണത്. ഒരു കുഞ്ഞ് പിറവിയെടുക്കുന്നതു മുതല്‍ മൂല്യങ്ങളുമായുള്ള ബന്ധം ആരംഭിക്കുകയായി. കുട്ടികളുടെ സ്വഭാവ രൂപവത്കരണം ഈ മൂല്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യം മൂല്യബോധവും ധാര്‍മിക പരിരക്ഷയുമാണ്. വ്യക്തിത്വ സംസ്‌കരണവും ധാര്‍മിക ജീവിതവും സ്വായത്തമാക്കാനുള്ള ഏത് അറിവിനും പഠനത്തിനും മൂല്യ വിദ്യാഭ്യാസമെന്നു പറയാം.
ലോകം നഗര സംസ്‌കാരത്തിലേക്കാണ് നീങ്ങുന്നത്. പരസ്പരം അറിയാനും മൂല്യങ്ങള്‍ പങ്ക് വെക്കാനുമുള്ള സാധ്യതകള്‍ നഗര ജീവിതത്തില്‍ കുറവാണ്. ഈ പരസ്പര ബന്ധമില്ലായ്മ സാമൂഹിക ജീവിതത്തെ തകിടം മറിക്കും, പാരസ്പര്യം ഇല്ലാതാക്കും. സുഖലോലുപതയും ധൂര്‍ത്തും ദുര്‍വ്യയവും ആണ് ആധുനിക സമൂഹത്തെ നയിക്കുന്നത്. എന്താണ് ത്യാഗം എന്നല്ല, എന്താണ് ലാഭം എന്നതാണ് പുതിയ സമൂഹത്തിന്റെ ചോദ്യം. മൂല്യച്ച്യുതിയെ ചെറുക്കാന്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനേ കഴിയുകയുള്ളൂ. എന്ത് വിദ്യാഭ്യാസം നല്‍കുന്നു എന്നതല്ല, എങ്ങനെ നല്‍കുന്നു എന്നതാണ് പ്രശ്‌നം. സമൂഹം എന്നത് വ്യക്തികളുടെ കൂട്ടായ്മയാണ്. സമൂഹവും വ്യക്തിയും വിശുദ്ധിയോടെ നിലനില്‍ക്കണം. സമൂഹം ധര്‍മപാതയില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമേ പുതിയ തലമുറ ആ വഴിക്ക് നീങ്ങുകയുള്ളൂ. മൂല്യ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങള്‍ നേടുന്ന വിദ്യാര്‍ഥി മൂല്യങ്ങള്‍ പരീക്ഷിക്കുന്നത് സമൂഹത്തിലാണ്. അവിടെ വിദ്യാര്‍ഥി പരാജയപ്പെടരുത്. അതിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് സമൂഹമാണ്.
നബി(സ്വ) തങ്ങളുടെ വിദ്യാര്‍ഥികളോടുള്ള സമീപനം സൗഹൃദപരമായിരുന്നു. അവരെ സ്വന്തം സന്താനങ്ങളെപോലെ കണ്ടു. അവിടുന്നു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് കുട്ടികള്‍ക്ക് പിതാവ് എന്ന പോലെയാണ്. നബി(സ്വ) അധ്യാപനത്തെ ലളിതമാക്കി. കുട്ടികള്‍ക്ക് ഒട്ടും പ്രയാസമുണ്ടായിരുന്നില്ല.

മദ്‌റസ നിര്‍മിച്ചത് സമൂഹമാണ്. സമൂഹത്തിന്റെ ധര്‍മപ്രസരണ കേന്ദ്രമാണത്. അധ്യാപകനാണതിന്റെ നേതാവ്. അതിനാല്‍ മദ്‌റസകളുടെ സാമൂഹികബന്ധം വളരെ ശക്തമാണ്. ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പ് നടത്തേണ്ട ഉത്തരവാദിത്തം അധ്യാപകര്‍ക്കാണ്. മദ്‌റസ, അധ്യാപകര്‍, സമൂഹം എന്ന മൂന്ന് ഘടകങ്ങളാണ് പുതിയ സമൂഹത്തെ സൃഷ്ടിക്കേണ്ടത്.

നവലോക ക്രമത്തില്‍ സമൂഹത്തെ നയിക്കുന്നത് മാധ്യമങ്ങളാണ്. നമ്മുടെ മീഡിയകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളില്‍ ധാര്‍മികതക്ക് നിരക്കാത്തതുമുണ്ട്. മൂല്യശോഷണത്തിലേക്ക് പിഞ്ചുകുഞ്ഞുങ്ങളെ എത്തിക്കുന്ന വാര്‍ത്തകളും പരസ്യങ്ങളും മീഡിയകള്‍ നല്‍കുന്നു. ഈ സാഹചര്യത്തില്‍ ധാര്‍മിക വിദ്യാഭ്യാസം വളരുകയും പുഷ്പിക്കുകയും ചെയ്യണമെങ്കില്‍ ഗൃഹാന്തരീക്ഷം സംശുദ്ധമാകണം. കുടുംബത്തിലെ നായികമാര്‍ ഉമ്മമാരാണ്.

കുടുംബത്തിലെ റാണിമാരാണവര്‍. പഠനം പരിശീലിക്കുന്ന ഇടമാണ് വീടുകള്‍. വീടുകള്‍ ധാര്‍മികതയില്‍ അധിഷ്ഠിതമാകണം. എങ്കില്‍ മാത്രമേ ഗുണനിലവാരമുള്ള മതവിദ്യാഭ്യാസം പ്രതീക്ഷിക്കേണ്ടതുള്ളൂ. സ്വര്‍ഗം മാതാവിന്റെ കാല്‍കീഴിലാണെന്ന് ഏഴ് വയസുകാരനെ മദ്‌റസകള്‍ പഠിപ്പിക്കുന്നു. മാതൃത്വത്തിനും സ്ത്രീത്വത്തിനും ഇതിലേറെ മാഹാത്മ്യമുള്ള ഒരു പ്രസ്താവന മറ്റൊരിടത്തു നിന്നും ലഭിക്കുകയില്ല. പക്ഷേ, സ്വര്‍ഗത്തോളം ഉയര്‍ന്നു നില്‍ക്കുന്ന നിലവാരം ഉമ്മമാര്‍ സ്വായത്തമാക്കണം. ഗൃഹാന്തരീക്ഷത്തിന്റെ പ്രാധാന്യമാണിത് സൂചിപ്പിക്കുന്നത്. ഇസ്‌ലാമിലെ ആദ്യാക്ഷരം അലിഫാണ്. നബി(സ്വ)ക്ക് ജിബ്‌രീല്‍ ആദ്യമായി പറഞ്ഞുകൊടുത്ത ആശയം വായനയും എഴുത്തുമാണ്. പരിചയപ്പെടുത്തിയ ആയുധം പേനയുമാണ്. ഇതാണ് നമ്മുടെ അക്ഷരപ്പൊരുള്‍.

Latest