ക്രിക്കറ്റിലെ സിക്‌സര്‍ വസന്തം; യുവരാജിനെ യുവരാജാവാക്കിയ ഇന്നിംഗ്‌സുകള്‍

Posted on: June 10, 2019 3:36 pm | Last updated: June 10, 2019 at 3:53 pm


പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഓരോവറിലെ ആറു പന്തും സിക്സറുകള്‍ക്ക് പറത്തിയ മാന്ത്രിക ഇന്നിംഗ്സ്, തൊട്ടടുത്ത കളിയില്‍ ആസ്ട്രേലിയക്കെതിരെ 30 പന്തില്‍ 70 റണ്‍സ്. പിന്നാലെ ലോകകപ്പ് വിജയം. 2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റുകളുമായി മാന്‍ ഓഫ് ദ സീരിസ് അവാര്‍ഡും മറ്റൊരു ലോകകപ്പ് കിരീടവും. യുവരാജാവായ യുവരാജ് സിംഗിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മഹാരാജാവാക്കിയ ഇന്നിംഗ്‌സുകള്‍ ഏതൊരു ക്രിക്കറ്റ് പ്രേമിക്കും മറക്കാനാവില്ല.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്ലീന്‍ ഹിറ്റര്‍; ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറിലൊരാളായ യുവരാജ് സിംഗിനെ് ഇങ്ങനെ വിശേഷിപ്പിക്കാം.

ക്രീസിലും ഫീല്‍ഡിലും ഒരുപോലെ തിളങ്ങിയ യുവിയുടെ മനോഹര ഇന്നിംഗ്‌സുകള്‍ ആരുംമോഹിച്ചു പോകും. പത്തൊമ്പത്‌ വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന് യുവരാജ് സിംഗ് സമ്മാനിച്ച അസാധാരണമായ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും സഹനത്തിന്റെയും തിരിച്ചു വരവിന്റെയും സമാനതകളില്ലാത്ത സുന്ദരമുഹൂര്‍ത്തങ്ങള്‍:

രാജകീയം അരങ്ങേറ്റം: 2000

2000ല്‍ കെനിയയില്‍ നടന്ന ഐ സി സി നോക്കൗട്ട് ട്രോഫിയിലാണ് യുവരാജ് സിംഗിന്റെ അരങ്ങേറ്റം. അന്ന് 4 ഓവറുകള്‍ പന്തെറിഞ്ഞ യുവി 16 റണ്‍സ് മാത്രമാണ് വഴങ്ങിയത്. എന്നാല്‍ ആ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആസ്‌ത്രേലിയക്കെതിരെയാണ് യുവരാജ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ബാറ്റേന്തിയത്. അതും ഗ്ലെന്‍ മക്ഗ്രാത്തിന്റെ നേതൃത്വത്തിലുള്ള ഓസീസ് ബൗളിംഗിനെതിരെ. 80 പന്തില്‍ 84 റണ്‍സുമായി യുവരാജ് അന്ന് കളിച്ചത് ഒരു യുവരാജിന്റെ ഇന്നിംഗ്സ്. മാന്‍ ഓഫ് ദ മാച്ച് ആരെന്നതിന് രണ്ടുത്തരം ഉണ്ടായിരുന്നില്ല. 12 ബൗണ്ടറികളടങ്ങുന്ന സൂപ്പര്‍ ഇന്നിംഗ്‌സായിരുന്നു നൈറോബിയിലെ ജിംഖാന ക്ലബ് സ്‌റ്റേഡിയത്തില്‍ അന്ന് യുവി കാഴ്ചവെച്ചത്.

ലോര്‍ഡ്സിലെ രക്ഷകന്‍: 2002

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാറ്റ് വെസ്റ്റ് ഫൈനനില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 326 റണ്‍സ്. അഞ്ച് വിക്കറ്റിന് 146 എന്ന നിലയില്‍ തോല്‍വിയിലേക്ക് നീങ്ങിയ ദാദയുടെ സംഘത്തെ വിജയത്തേരിലേറ്റാന്‍ രക്ഷകനായെത്തിയത് യുവിയായിരുന്നു. മുഹമ്മദ് കൈഫിനൊപ്പം ചേര്‍ന്ന് തകര്‍പ്പന്‍ ഫിഫ്റ്റിയോടെ കളി ഇന്ത്യക്കനുകൂലമായി യുവി തിരിച്ചു വിട്ടു.

സിക്‌സര്‍ യുവി: 2007

2007 ലെ സൗത്താഫ്രിക്കയില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരം. ഇംഗ്ലണ്ട് താരം സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ കരിയറില്‍ ഇതിലും വലിയ നിരാശ സമ്മാനിച്ച ദിനമുണ്ടാവില്ല. തന്റെ ഒരോവറിലെ മുഴുവന്‍ പന്തും സിക്‌സര്‍ പറത്തി യുവരാജ് സിംഗ് റെക്കോര്‍ഡിട്ടു. അന്ന് യുവരാജ് അര്‍ദ്ധസെഞ്ചുറി നേടിയത് 12 പന്തിലാണ്്. ട്വന്റി 20 ക്രിക്കറ്റില്‍ ഒരോവറില്‍ 6 സിക്സറുകള്‍ അടിക്കുന്ന ഏക താരം എന്ന പേര് യുവരാജ് സ്വന്തമാക്കി.

30 പന്തില്‍ 70

ട്വന്റി 20 ലോക കപ്പിലെ സെമിഫൈനലില്‍ ആസ്ട്രേലിയയ്ക്കെതിരെ 30 പന്തില്‍ 70 റണ്‍സടിച്ച് യുവരാജ് ഇന്ത്യയെ വീണ്ടും ജയിപ്പിച്ചു.

യുവരാജാവ്: 2011

ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണയക പങ്കുവഹിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവാകുകയായിരുന്നു യുവി. 2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റുകളും നേടിയ യുവരാജ് സിംഗായിരുന്നു ടൂര്‍മമെന്റില്‍ മാന്‍ ഓഫ് ദ സീരിസായത്. അണ്ടര്‍ 19 ലോകകപ്പ് നേട്ടത്തിന് ശേഷം ഇന്ത്യന്‍ ടീമിലെത്തിയെ യുവികക്ക് ട്വന്റി 20 നേട്ടവുമുള്‍പ്പടെ മൂന്നാത്തെ ലോകകപ്പ്.

വിരാമം

അന്താരാഷ്ട്ര കരിയറില്‍ അരങ്ങേറിയ കാലം മുതല്‍ തിരിച്ചടികളും തിരിച്ചുവരവുകളും ഈ യുവിക്ക് പുതുമയല്ല. ഓരോ പ്രതിസന്ധികളിലും അങ്ങേയറ്റം പൊരുതിയാണ് യുവി തിരിച്ചുവന്നത്. ഒടുവില്‍  കാലംതെറ്റിയെത്തിയ കാന്‍സറിനെ തോല്‍പിച്ച് പോരാട്ട വീര്യത്തോടെ കളത്തിലേക്ക് തിരിച്ചുവന്നെങ്കിലും യുവിക്ക് പഴയപ്രതാപം വീണ്ടെടുക്കന്‍ അവസരങ്ങളുണ്ടായില്ല. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാനും യുവിക്ക് താല്‍പര്യമില്ലായിരുന്നു. അവസാന സീസണിലെ ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ടായിരുന്ന യുവരാജ് ചില മത്സങ്ങള്‍ മാത്രമാണ് കളിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന് ടീമില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഐ പി എല്ലില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്നതോടെ യുവിയുടെ ലോകകപ്പ് സ്വപ്നവും പൊലിഞ്ഞു.  ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപനം.