ഈ വർഷം ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷം ഹാജിമാർ

Posted on: June 10, 2019 12:27 pm | Last updated: June 10, 2019 at 12:27 pm


കൊണ്ടോട്ടി: ഇന്ത്യയിൽ നിന്ന് ഈ വർഷം ഹജ്ജ് കർമത്തിനെത്തുന്നത് രണ്ട് ലക്ഷം പേർ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിന്ന് ഇത്രയും ഹാജിമാർ ഇത് ആദ്യമാണ് ഹജ്ജ് നിർവഹിക്കാനായി പോകുന്നത്. 1,40,000 ഹാജിമാർ ഹജ്ജ് കമ്മിറ്റി മുഖേനയും 60,000 ഹാജിമാർ സ്വകാര്യ ഹജ്ജ് സംഘങ്ങൾ വഴിയുമാണ് പോകുന്നത്.

രാജ്യത്തെ 21 എമ്പാർക്കേഷനുകളിൽ നിന്നായി 500 ൽ അധികം വിമാനങ്ങളാണ് ഹജ്ജ് യാത്രക്കായി സർവീസ് നടത്തുന്നത്.

മഹ്‌റമില്ലാത്ത വിഭാഗത്തിലായി 2,340 സ്ത്രീകളാണ് ഈ വർഷം ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്നത്. ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹാജിമാരിൽ 48 ശതമാനവും സ്ത്രീകളാണ്.

ഈ വർഷം ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നപേക്ഷിച്ചവർക്കെല്ലാം ഹജ്ജിന് അവസരം ലഭിക്കുകയുണ്ടായി.
ഹാജിമാരുടെ ആരോഗ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് മക്കയിൽ 11 ഉം മദീനയിൽ മൂന്നും ഹെൽത്ത് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ഹജ്ജ് കോ-ഓഡിനേറ്റർ, അസിസ്റ്റന്റ് ഹജ്ജ് ഓഫീസർമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പടെ വിശുദ്ധഭൂമിയിലേക്ക് 620 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

725 സ്വകാര്യ ഹജ്ജ് സംഘങ്ങളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ചില സംഘങ്ങളെ പറ്റി പരാതി ഉയർന്നതിനാൽ അവയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി.