Connect with us

Kerala

ഭക്ഷ്യഭദ്രതാ നിയമം: ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ മുടങ്ങിയേക്കും

Published

|

Last Updated

തിരുവനന്തപുരം : റേഷന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ മുടങ്ങിയേക്കും. ആധാര്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഈ മാസം അവസാനിക്കുന്ന സാഹചര്യത്തിലാണിത്. സംസ്ഥാനത്തെ 3.64 കോടി റേഷന്‍ ഉപഭോക്താക്കളില്‍ 60 ലക്ഷം പേരാണ് ഇനി ആധാര്‍ ബന്ധിപ്പിക്കാനുള്ളത്.

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതുമുതല്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇനിയും 85 ശതമാനത്തോളം പേരുടെ ആധാര്‍ ബന്ധിപ്പിക്കാനേ കഴിഞ്ഞിട്ടുള്ളൂ.പലതവണ കേന്ദ്രം കേരളത്തിന് സമയം നീട്ടിനല്‍കി. വീണ്ടും സമയം നീട്ടി നല്‍കാനിടയില്ലെന്നതിനാല്‍ ആധാര്‍ ബന്ധിപ്പിക്കല്‍ ഊര്‍ജിതമാക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ശ്രമം തുടങ്ങി.റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോഴും പുതുതായി അംഗങ്ങളെ ചേര്‍ക്കുമ്പോഴും ആധാര്‍ നിര്‍ബന്ധമാണ്. ആധാര്‍ നമ്പറില്ലാത്ത അപേക്ഷകള്‍ നിരസിക്കുന്ന വിധം ഓണ്‍ലൈന്‍ സംവിധാനം പരിഷ്‌കരിച്ചിട്ടുണ്ട്.നേരത്തെ ഒട്ടേറെപ്പേര്‍ ഒന്നിലധികം റേഷന്‍ കാര്‍ഡില്‍ അംഗങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. ആധാറും റേഷന്‍ കാര്‍ഡ് നമ്പറും ബന്ധിപ്പിക്കുന്നതോടെ ഇത്തരക്കാരെ ഒഴിവാക്കാനാകും.

Latest