സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പക്ക് സര്‍ഫാസി ചുമത്തുന്നത് ഒഴിവാക്കും: മുഖ്യമന്ത്രി

Posted on: June 10, 2019 11:02 am | Last updated: June 11, 2019 at 10:03 am

തിരുവനന്തപുരം: വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ജപ്തി നടപടികള്‍ നടത്താനുള്ള അധികാരം കൊടുക്കുന്ന സര്‍ഫാസി നിയമം സഹകരണ മേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സഹകരണ ബാങ്കുകളില്‍ നിന്ന് എടുക്കുന്ന വായ്പകള്‍ക്ക് സര്‍ഫാസി നിയമം ബാധകമാക്കുന്നത് ഭാവിയില്‍ ഒഴിവാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കര്‍ഷകര്‍ അടക്കം നിരവധി പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്ന കര്‍ഷകര്‍ക്ക് മേല്‍ ബാങ്കുകള്‍ സര്‍ഫാസി ചുമത്തുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2002 ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഈ നിയമം പാസ്സാക്കിയത്. സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികള്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് വഴിവെച്ചിരുന്നു.

കര്‍ഷക ആത്മഹത്യ കൂടുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഈ നിയമം സഹകരണ മേഖലയില്‍ നിന്ന് മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഐസി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസിന് മുഖ്യമന്ത്രിയും കൃഷി മന്ത്രി വിഎസ് സുനില്‍കുമാറും മറുപടി നല്‍കിയതിനെ തുടര്‍ന്ന് അവതരണാനുമതി നിഷേധിച്ചു.