ബോട്ടുകള്‍ കരയില്‍; ട്രോളിംഗ് നിരോധനം തുടങ്ങി

Posted on: June 10, 2019 9:05 am | Last updated: June 10, 2019 at 10:07 am

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി. അന്‍പത്തിരണ്ട് ദിവസത്തെ നിരോധനം ജൂലൈ 31 വരെ തുടരും. ഞായറാഴ്ച അർധരാത്രി കൊല്ലം നീണ്ടകര പാലത്തിന്റെ തൂണുകള്‍ ബന്ധിപ്പിച്ച് ഫിഷറീസ് വകുപ്പ് ചങ്ങല കെട്ടിയതോടെയാണ് ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. പരമ്പരാഗത വള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ല. യന്ത്രവത്കൃത ബോട്ടുകള്‍ക്കാണ് നിരോധനം ഏര്‍പെടുത്തിയത്.

നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

1988 മുതല്‍ കഴിഞ്ഞ 30 വര്‍ഷമായി കേരള തീരക്കടലില്‍ മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം നടപ്പിലാക്കിവരികയാണ്. ഭൂരിപക്ഷം മത്സ്യങ്ങളുടേയും പ്രജനനകാലയളവായ മണ്‍സൂണ്‍കാലത്ത് ട്രോളിംഗ് മത്സ്യബന്ധനം നടത്തുന്നത് വഴി മത്സ്യങ്ങളുടെ മുട്ടയും ചെറു മത്സ്യങ്ങളും നശിക്കുന്നതായും ഇത് കടല്‍ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതായും വിവിധ വിദഗ്ധസമിതികളുടെ പഠന റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സ്യസമ്പത്ത് സംരക്ഷിക്കുക, കടലില്‍ മത്സ്യബന്ധന നിയന്ത്രണനിയമം നടപ്പിലാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ 1980 ലെ കേരള മറൈന്‍ ഫിഷിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 4 പ്രകാരം സര്‍ക്കാര്‍ ട്രോളിംഗ് നിരോധനം നടപ്പിലാക്കി വരുന്നത്. നിരോധനത്തിന്റെ ഫലമായി കടല്‍ മത്സ്യോത്പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുളളതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.