ഇടത് സർക്കാർ നാലാം വർഷത്തിലേക്ക്; പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ഇന്ന്

Posted on: June 10, 2019 8:52 am | Last updated: June 10, 2019 at 11:29 am

തിരുവനന്തപുരം: നാലാം വർഷത്തിലേക്ക് കടക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ഇന്ന് വൈകീട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. സ്പീക്കർ പി ശ്രീരാമകൃഷ്ണന് നൽകി മുഖ്യമന്ത്രിയാണ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുക. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.

മൂന്ന് വർഷം പൂർത്തിയാക്കിയ സർക്കാർ പ്രകടന പത്രികയിൽ നൽകിയ 600 വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പാക്കിയെന്നതിന്റെ വിലയിരുത്തലാണ് റിപ്പോർട്ടിലുള്ളത്. മതനിരപേക്ഷവും അഴിമതിരഹിതവും വികസിതവുമായ കേരളം സൃഷ്ടിക്കുന്നതിനുള്ള കർമപദ്ധതിയാണ് പ്രകടന പത്രികയിലൂടെ മുന്നോട്ടുവെച്ചത്. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ അനുബന്ധമായി ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ പ്രഖ്യാപിച്ച നയങ്ങൾ, പ്രളയാനന്തര പുനർനിർമാണം, അടിയന്തര സഹായങ്ങൾ, കേരള പുനർനിർമാണ പദ്ധതി, ലോക പുനർനിർമാണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം, വിഭവ സമൃദ്ധിക്ക് കിഫ്ബി, മറ്റ് പ്രധാന പദ്ധതികളും പ്രവർത്തനങ്ങളും, മികവിന് കിട്ടിയ അംഗീകാരങ്ങൾ തുടങ്ങിയവയും റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകാശനശേഷം സർക്കാർ വെബ്‌സൈറ്റിലും പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കും.

ചടങ്ങിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം മേയർ വി കെ പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കർ വി ശശി, ഡോ. ശശി തരൂർ എം പി, എം എൽ എമാരായ എൻ വിജയൻപിള്ള, കെ ബി ഗണേഷ് കുമാർ, കോവൂർ കുഞ്ഞുമോൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ പ്രസംഗിക്കും.

സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ സോളിഡ് ബാന്റും ആട്ടം കലാസമിതിയും ചേർന്നുള്ള ഫ്യൂഷൻ സംഗീതവും നടക്കും. വൈകിട്ട് നാലരക്ക് കോട്ടൺഹിൽ സ്‌കൂൾ വിദ്യാർഥിനി ആഭയുടെ വയലിൻ സംഗീതം അരങ്ങേറും.