ഡല്‍ഹിയില്‍ മാധ്യമ സംഘത്തിന്റെ കാറിന് നേരെ വെടിവെപ്പ്

Posted on: June 9, 2019 7:06 pm | Last updated: June 9, 2019 at 10:52 pm

ഡല്‍ഹി: ഡല്‍ഹിയില്‍ മാധ്യമസംഘം സഞ്ചരിച്ച കാറിന് വെടിവപ്പ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് കാറിന് നേരെ വെടിവെച്ചത്. ഹിന്ദി ചാനലായ എബിപി ന്യൂസ് സംഘത്തിന് നേരെയായിരുന്നു ആക്രമണ ശ്രമം. റിപ്പോര്‍ട്ടറും ക്യാമറമാനും ഡ്രൈവറുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.

ഡല്‍ഹി പ്രസാദ് നഗറിലുണ്ടായ ഒരു കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ ബരാപുള്ള ഫ്‌ളൈഓവറില്‍വെച്ച് ബൈക്കിലെത്തിയസംഘംവെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ഥ് പുരോഹിത് പറഞ്ഞു. മൂന്ന് തവണയാണ് വെടിവച്ചത്. ആദ്യം കാറിനും പിന്നീട് കണ്ണാടിയിലും വെടിയുണ്ടകളേറ്റു. മൂന്നാമത്തെ വെടിയുണ്ട എവിടെയും കൊണ്ടില്ല. അക്രമികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ബൈക്ക് ഓടിച്ചിരുന്നയാള്‍ തന്നെയാണ് വെടിവെച്ചതെന്നും പുരോഹിത് പറഞ്ഞു.