വീണ്ടും വർഗീയ അജൻഡകൾ

Posted on: June 9, 2019 2:18 pm | Last updated: June 9, 2019 at 2:18 pm

മതന്യൂനപക്ഷങ്ങളുടെ വിശ്വാസം കണക്കിലെടുത്തു കൊണ്ടായിരിക്കണം പ്രവർത്തിക്കേണ്ടതെന്നായിരുന്നു തിരഞ്ഞടുപ്പ് ഫലം പുറത്തു വന്നതിന്റെ തൊട്ടടുത്ത ദിവസം പാർലിമെന്റിന്റെ സെൻട്രൽ ഹാളിൽ ബി ജെ പിയുടെ പുതിയ എം പിമാരെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപദേശിച്ചിരുന്നത്. ഇത് ന്യൂനപക്ഷ വിഭാഗങ്ങളിൽ പ്രതീക്ഷക്ക് ഇടം നൽകുകയും ചെയ്തു.

എന്നാൽ അതിന് വിരുദ്ധ പ്രസ്താവനകളാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിമാരായ രവിശങ്കർ പ്രസാദിൽ നിന്നും അനുരാഗ് ഠാക്കൂറിൽ നിന്നുമുണ്ടായത്. മുത്വലാഖ് ബിൽ വീണ്ടും ലോക്‌സഭയിൽ അവതരിപ്പിക്കുമെന്നും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുമെന്നുമായിരുന്നു രവിശങ്കറിന്റെ പ്രസ്താവം. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളയുമെന്നാണ് അനുരാഗ് ഠാക്കൂർ പറഞ്ഞത്.

ഭർത്താവ് ത്വലാഖ് ചൊല്ലിയതിനെതിരെ സഹ്‌റാബാനു ഉത്തരാഖണ്ഡ് കോടതിയെ സമീപിച്ചതോടെയാണ് രാജ്യത്ത് മുത്വലാഖ് വീണ്ടും ചർച്ചയാകുന്നതും സർക്കാർ ഇടപെടലുണ്ടാകുന്നതും. ഇസ്‌ലാമിക ശരീഅത്തും ഇന്ത്യൻ മുസ്‌ലിം വ്യക്തിനിയവും അംഗീകരിച്ച മുത്വലാഖ് അപരിഷ്‌കൃതമാണെന്നാരോപിച്ചാണ് കോടതി അത് നിരോധിച്ചതും സർക്കാർ മുത്വലാഖ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുന്ന ബിൽ അവതരിപ്പിച്ചതും. ബിൽ ലോക്‌സഭയിൽ പാസ്സായിരുന്നെങ്കിലും രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് പാസ്സാക്കാൻ കഴിയാത്തതിനാൽ അസാധുവാകുകയായിരുന്നു. ഈ ബില്ലാണ് വീണ്ടും അവതരിപ്പിക്കുമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറയുന്നത്.

മുത്വലാഖ് മൂന്ന് വർഷം വരെ തടവും പിഴയും, വിവാഹമോചിതയായ സ്ത്രീയുടെ അനുവാദം ഉണ്ടായാൽ മാത്രമേ ജാമ്യം നൽകാവൂ, ഭർത്താവ് ജാമ്യം ലഭിക്കാതെയോ ശിക്ഷിക്കപ്പെട്ടോ ജയിലിൽ കഴിയുമ്പോഴും മോചിപ്പിക്കപ്പെട്ട ഭാര്യക്കും കുട്ടികൾക്കും ജീവനാംശം നൽകണം തുടങ്ങിയ വ്യവസ്ഥകളുൾക്കൊള്ളുന്ന മുത്വലാഖ് നിരോധന ബിൽ വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും നേരെയുള്ള കൈയേറ്റമാണ്. ഇതുകൊണ്ടാണ് ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതും ബില്ലിനെതിരെ അവർ ഒറ്റക്കെട്ടായി രംഗത്തു വന്നതും. ആർക്കും എപ്പോഴും എങ്ങനെയും പ്രയോഗിക്കാവുന്ന ഒന്നല്ല ഇസ്‌ലാമിലെ ത്വലാഖും മുത്വലാഖും. ദാമ്പത്യ ജീവിതത്തിൽ ഭിന്നതകൾ ഉടലെടുക്കുകയും യോജിപ്പിന്റെ എല്ലാ വഴികളും അടയുകയും ചെയ്യുമ്പോൾ മാത്രം പ്രയോഗിക്കേണ്ടതാണ്.

ആരെങ്കിലും ഇത് ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ മുത്വലാഖ് തന്നെ നിരോധിക്കുകയല്ല, ദുരുപയോഗം തടയാനുള്ള നിയമങ്ങൾ ആവിഷ്‌കരിക്കുകയാണ് മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന രാജ്യത്തെ ഭരണകൂടം ചെയ്യേണ്ടത്. ഗാർഹിക പീഡന വിരുദ്ധ നിയമം മുസ്‌ലിം സമുദായത്തിനും ബാധകമായിരിക്കെ, പ്രത്യേക മുത്വലാഖ്‌വിരുദ്ധ നിയമത്തിന്റെയും വിവാഹമോചനം മറ്റു സമുദായങ്ങളിലെല്ലാം സിവിൽ കുറ്റമാണെന്നിരിക്കെ മുസ്‌ലിം സമുദായത്തിൽ മാത്രം ക്രിമിനൽ കുറ്റമാക്കുന്നതിന്റെയും ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടേണ്ടതുണ്ട്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചിരുന്നെങ്കിൽ വിശദമായ ചർച്ചയിലൂടെ ഇക്കാര്യത്തിൽ മുസ്‌ലിം സംഘടനകളുടെ അഭിപ്രായം അറിയാനും തദടിസ്ഥാനത്തിൽ യുക്തിപൂർണമായ തീരുമാനമെടുക്കാനും സാധിക്കുമായിരുന്നു. ഈ ആവശ്യത്തോടും സർക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണുണ്ടായത്. ബി ജെ പി ഭരണത്തിൽ മുസ്‌ലിംകൾക്ക് നേരെ നടക്കുന്ന ഭരണകൂട ഭീകരതയുടെ ഒരു ഭാഗം മാത്രമായേ ഇതിനെ കാണാനാകൂ.

ഭരണഘടനയുടെ 25ാം അനുച്ഛേദം സ്വന്തം മതത്തിൽ വിശ്വസിക്കാനും അത് ആചരിക്കാനും പ്രചരിപ്പിക്കുവാനുമുള്ള അവകാശം എല്ലാ പൗരന്മാർക്കും നൽകുന്നുണ്ട്. ഏകസിവിൽ കോഡ് ഭരണ ഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും കൂച്ചുവിലങ്ങിടുകയും ഇന്ത്യയുടെ ബഹുസ്വരതക്ക് മങ്ങലേൽപ്പിക്കുകയും ചെയ്യും. മാത്രമല്ല, നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് ഏകസിവിൽ കോഡ് അപ്രായോഗികവും നടപ്പാക്കുക പ്രയാസവുമാണെന്ന് ദേശീയ നിയമ കമ്മീഷൻ വ്യക്തമാക്കിയതുമാണ്. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യതയെക്കുറിച്ചു പഠിക്കാൻ 2016 ജൂണിൽ കേന്ദ്ര നിയമമന്ത്രാലയം ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ വിവിധ മത, സാമൂഹിക, പൗരാവകാശ സംഘടനകളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് കമ്മീഷൻ ഈ നിഗമനത്തിലെത്തിയത്. പിന്നെ എന്തിനാണ് ഉത്തരവാദപ്പെട്ടവർ ഈ വിഷയം വീണ്ടും ചർച്ചക്കിടുന്നത്?

ആർ എസ് എസും ബി ജെ പിയുമാണ് രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് മുറവിളി കൂട്ടുന്നത്. എന്നാൽ ഹിന്ദു സമുദായത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കാനായി നേരത്തേ ഹിന്ദു കോഡ് കൊണ്ടു വന്നപ്പോൾ അതിനെ എതിർത്തവരാണ് ആർ എസ് എസുകാർ. നെഹ്‌റു മന്ത്രിസഭയിൽ നിയമ മന്ത്രിയായിരിക്കെ ഭരണഘടനാ ശിൽപ്പി അംബേദ്കറാണ് ഹിന്ദു കോഡ് ബിൽ അവതരിപ്പിച്ചത്.

അന്ന് അതിനെതിരെ ശക്തിയായി രംഗത്ത് വന്നത് ആർ എസ് എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയായിരുന്നു. ഹിന്ദു സനാതന ധർമത്തെ തകർക്കാനുള്ള ഗൂഢാലോചനയാണിതെന്നായിരുന്നു ശ്യാമപ്രസാദ് ബില്ലിനെ കുറ്റപ്പെടുത്തിയത്. ഈ ചരിത്രം മനഃപൂർവം വിസ്മരിച്ചു കൊണ്ടാണ് ആർ എസ് എസ് ഇപ്പോൾ പൊതുസിവിൽ കോഡിനായി വാദിക്കുന്നത്. വർഗീയ അജൻഡയാണിതിന് പിന്നിൽ. ഭൂരിപക്ഷ പ്രീണന നയത്തിന്റേയും ഹിന്ദുത്വ അജൻഡയുടെയും ഭാഗമായാണ് ബി ജെ പി സർക്കാർ ഇടക്കിടെ ഇക്കാര്യം സമൂഹത്തിനു മുമ്പിൽ എടുത്തിടുന്നത്.