സംസ്ഥാനങ്ങളുടെ കാര്യത്തില്‍ മോദിക്ക് ഇരട്ടത്താപ്പ്; കേരളത്തെ പരിഗണിക്കുമെന്ന് പ്രതീക്ഷയില്ല- രാഹുല്‍

Posted on: June 9, 2019 12:51 pm | Last updated: June 9, 2019 at 3:30 pm

 

എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വയനാട് മണ്ഡലത്തിലെ മുക്കത്തെത്തിയ രാഹുൽ ഗാന്ധി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. • ഫോട്ടോ :ഹസനുൽ ബസരി പി കെ

കോഴിക്കോട്: സംസ്ഥാനങ്ങളുടെ കാര്യത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെത് ഇരട്ടത്താപ്പ് നയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഒരു തരത്തിലും ഇതര കക്ഷികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളോട് മറ്റൊരു തരത്തിലുമുള്ള സമീപനമാണ് മോദി സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ പ്രധാന മന്ത്രി ഇടപെടുമെന്ന പ്രതീക്ഷയില്ല. റോഡ് ഷോക്കിടെ കോഴിക്കോട് ഈങ്ങാപ്പുഴയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

ആര്‍ എസ് എസ് ആശയങ്ങള്‍ അംഗീകരിക്കാത്തവര്‍ ഇന്ത്യക്കാരല്ല എന്നാണ് മോദിയുടെയും ബി ജെ പിയുടെയും നിലപാട്. എന്നാല്‍, കേരളത്തിലെ ജനങ്ങളെ പരിഗണിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മനസ്സിലാക്കിക്കൊടുക്കും.
വയനാട്ടിലെ ജനതയുടെ പ്രശ്‌നങ്ങള്‍ ഒട്ടൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. അവയൊക്കെ പരിഹരിക്കുന്നതിനായി ഇടപെടും.

രാഹുല്‍ ഗാന്ധി
കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയില്‍ എത്തിയപ്പോള്‍

ഇടതുപക്ഷവുമായി ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും സഹകരിച്ചു പ്രവര്‍ത്തിക്കും. എന്നാല്‍ ഈ രൂപത്തില്‍ സഹകരിച്ചുള്ള പ്രവര്‍ത്തനത്തിന് പ്രധാന മന്ത്രിയെയോ ബി ജെ പിയെയോ പ്രതീക്ഷിക്കേണ്ടതില്ല. അവര്‍ വെറുപ്പിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. എന്നാല്‍, കേരളം കേരളത്തിലെ ജനങ്ങളാണ് ഭരിക്കുകയെന്നും പ്രധാന മന്ത്രിയുടെ ഓഫീസല്ലെന്നും അദ്ദേഹം മനസ്സിലാക്കുന്നത് നല്ലതാണെന്നും രാഹുല്‍ പറഞ്ഞു. ഇടതുപക്ഷത്തെ ഒരു എം എല്‍ എ തന്നെ വന്നു കണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും മറ്റ് ഇടത് എം എല്‍ എമാരെയും കാണാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.