മുതിർന്ന പൗരൻമാർക്ക് ക്യൂ നിൽക്കാതെ സേവനം ഉറപ്പാക്കണമെന്ന് ഉത്തരവ്

Posted on: June 9, 2019 8:33 am | Last updated: June 9, 2019 at 12:36 pm


തിരുവനന്തപുരം: മുതിർന്ന പൗരൻമാരേയും രോഗികളേയും ഭിന്ന ശേഷിക്കാരേയും സേവനങ്ങൾക്കായി ക്യൂ നിർത്തരുതെന്ന് സർക്കാർ ഉത്തരവ്.
സർക്കാർ വകുപ്പുകളിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന മുതിർന്ന പൗരൻമാർ, ഗുരതര രോഗം ബാധിച്ചവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് വരി നിൽക്കാതെ മുൻഗണനയിൽ സേവനം ലഭ്യമാക്കണമെന്ന് സർക്കാർ ഉത്തരവിറക്കി.

നേരത്തേ നൽകിയിരുന്ന ഉത്തരവ് പല ഓഫീസുകളും ശരിയായി പാലിക്കുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് കർശനമാക്കി പുറപ്പെടുവിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

സർക്കാർ ഓഫീസുകൾ, ബിൽ-നികുതി കൗണ്ടറുകൾ തുടങ്ങി പൊതുജനങ്ങൾ ഇടപാട് നടത്തുന്ന എല്ലാ സേവന കേന്ദ്രങ്ങളിലും വരി നിർത്താതെ മുൻഗണനയിൽ സേവനം ലഭ്യമാക്കാൻ വകുപ്പ് മേധാവികൾക്കാണ് സർക്കാർ ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുള്ളത്.

സേവനങ്ങൾ ആവശ്യമുള്ള സ്ഥലങ്ങളിൽ മുതിർന്ന പൗരൻമാർക്ക് പ്രത്യേക പരിഗണന നൽകണമെന്നും ഇവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മതിയായ സൗകര്യങ്ങൾ എല്ലാ സർക്കാർ/അർധസർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലും ഏർപ്പെടുത്താൻ വകുപ്പ് മേധാവികൾ നടപടി കൈക്കൊള്ളണമെന്നാണ് ഉത്തരവിൽ സൂചിപ്പിച്ചിട്ടുള്ളത്.