തോല്‍വിയെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണം;തൊടുന്യായം കണ്ടെത്തരുത്: വിഎസ്

Posted on: June 8, 2019 8:25 pm | Last updated: June 9, 2019 at 10:39 am

ഹരിപ്പാട്:ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അഅച്യുതാനന്ദന്‍. മതവര്‍ഗീയ ശക്തികള്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി മുന്നേറുമ്പോള്‍ തൊടുന്യായം കണ്ടെത്താന്‍ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും മതനിരപേക്ഷ രാഷ്ട്രീയവും വലിയ തിരിച്ചടി നേരിട്ടു. ഇതിന് ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇടത് പക്ഷത്തിന് ഇനി ജനവിശ്വാസം നേടാന്‍ ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴിയില്ലെന്ന് വിഎസ് പറഞ്ഞു.

ഇന്ത്യയില്‍ ഇടതു പക്ഷത്തിന് ഭാവിയില്ലെന്ന സഹയാത്രികരുടെ വിലാപം തെറ്റായ ബോധമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ തെറ്റായി പൊതു വിലയിരുത്തല്‍ ഉണ്ടായ സാഹചര്യവും ഗൗരവമായി കാണണം. ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുമ്പോള്‍ അതിനെ നേരിടാന്‍ ഇടത് പക്ഷത്തിന് ഏറെ ഉത്തരവാദിത്വമുണ്ട്. മുമ്പും വര്‍ഗീയത ഭീഷണിയായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഉത്കണ്ഠാ ജനകമാണ്. മത, സാമുദായിക, വര്‍ഗീയ ശക്തികളെ മറികടക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞത് ജനമനസുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനം വര്‍ഗീയ ശക്തികള്‍ക്കും യാഥാസ്ഥിതികര്‍ക്കും മേലെയായതുകൊണ്ടാണ്. വര്‍ഗീയതയെ നേരിടാന്‍ ഇടത് പക്ഷമല്ലാതെ മറ്റാരാണുള്ളതെന്ന് വിഎസ് ചോദിച്ചു.