വാവെയെ ഭയക്കണം; ഗൂഗിളിന്റെ ജാഗ്രതാ നിര്‍ദേശം

Posted on: June 8, 2019 10:35 am | Last updated: July 1, 2019 at 2:30 pm

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ വാവെയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ഭയക്കണമെന്ന് ഗൂഗിള്‍. അമേരിക്കയുടെ സുരക്ഷക്ക് തന്നെ വന്‍ ഭീഷണി സൃഷ്ടിക്കാന്‍ ഇതിന് സാധിക്കുമെന്നും ആന്‍ഡ്രോയിഡ് അപ്‌ഡേഷനുകള്‍ നല്‍കിയില്ലെങ്കില്‍ ഇത് വലിയ സുരക്ഷ പിഴവ് ആകുമെന്നും ഗൂഗിള്‍ പറയുന്നു. ഇതൊഴിവാക്കാന്‍ അവര്‍ക്കു മുകളിലുള്ള നിരോധനം ഒഴിവാക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യണമെന്ന് ഗൂഗിള്‍ അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

അമേരിക്കന്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ വിലക്കിനു ശേഷം വര്‍ഷങ്ങളായി നിര്‍മാണത്തിലിരിക്കുന്ന സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുമെന്ന് വാവെ പറഞ്ഞിരുന്നു. നിലവിലുള്ള ഹുവാവെ ഉപഭോക്താക്കള്‍ക്ക് സെക്യൂരിറ്റി അപ്‌ഡേഷന്‍ നല്‍കാനും മറ്റും വരുന്ന ഓഗസ്റ്റ് വരെ അതായത് വിലക്കേര്‍പ്പെടുത്തിയത് മുതല്‍ 90 ദിവസത്തെ സാവകാശം അമേരിക്കന്‍ ഭരണകൂടം നല്‍കിയിരുന്നു. നിലവില്‍ വാവെയുടെ ഇറങ്ങാനിരിക്കുന്ന ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് നല്‍കുന്നില്ല. അതിന്റെ ഭാഗമായി വാവെ മോഡലുകളെ ആന്‍ഡ്രോയിഡ് Q ബീറ്റ ടെസ്റ്റുകളില്‍ നിന്നും ഒഴിവാക്കിയിരുന്നു.

വാവെയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഹോംഗ് മെങ് (Hong Meng )എന്നും ആര്‍ക്ക് OS (Ark OS ) എന്നും അറിയപ്പെടുമെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയില്‍ ഹോംഗ് മെന്‍ഗെന്നും ചൈനക്ക് പുറത്ത് ആഗോളതലത്തില്‍ ഇവ ആര്‍ക് ഒസ് എന്നുമാണറിയപ്പെടുക.

നിലവിലുള്ള ആന്‍ഡ്രോയ്ഡ് ഹുവാവെയുടെ EMUI യൂസര്‍ ഇന്റര്‍ഫേസോടുകൂടിയാണ് വാവെ മോഡലുകളില്‍ ഉപയോഗിക്കുന്നത്. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഇതേ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിച്ചാല്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം കാര്യമായ മാറ്റങ്ങളൊന്നും തോന്നാനിടയില്ല. അതുകൊണ്ടു തന്നെ ടൈസണ്‍ ഒസ് പോലെ മറ്റു കമ്പനികള്‍ നിര്‍മിച്ച ഒസില്‍ നിന്നും വ്യത്യസ്തമായി വാവെയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഒരു വിജയ സാധ്യതയും കാണുന്നുണ്ട്. പുതിയ ഒ എസ് ജൂണില്‍ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പുതിയ അഭ്യുഹങ്ങളനുസരിച്ചു ഓഗസ്റ്റിലോ സെപ്റ്റംബറിലോ പുറത്തിറങ്ങാനാണ് സാധ്യത.