Connect with us

Editorial

റിസര്‍വ് ബേങ്കിന്റെ മുന്നറിയിപ്പ്‌

Published

|

Last Updated

തിരഞ്ഞെടുപ്പില്‍ ജനങ്ങളെ കൈയിലെടുക്കാനും ജനവിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാറുകള്‍ അത് വീണ്ടെടുക്കാനും പ്രയോഗിക്കുന്ന രാഷ്ട്രീയ തന്ത്രമാണ് കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പോലുള്ള ജനപ്രിയ പദ്ധതികളും പാക്കേജുകളും. രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷാന്തം 12,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ചണ്ഡീഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പ്രയോഗിച്ച തുറുപ്പുചീട്ടും കാര്‍ഷിക കടം എഴുതിത്തള്ളും എന്ന വാഗ്ദാനമായിരുന്നു. ഇത് രാഷ്ട്രീയമായി പാര്‍ട്ടികള്‍ക്കും ഗുണം ചെയ്യുമെന്ന് ഈ തിരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സ്ഥിതി ഇത് അവതാളത്തിലാക്കുമെന്ന് റിസര്‍വ് ബേങ്ക് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. കഴിഞ്ഞ ദിവസം പതിനഞ്ചാം ധന കമ്മീഷന്‍ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, ധനസഹായ വിതരണം തുടങ്ങിയ നടപടികള്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി താളം തെറ്റിക്കുമെന്ന് റിസര്‍വ് ബേങ്ക് ഓര്‍മിപ്പിച്ചതും സര്‍ക്കാറുകളുടെ ദീര്‍ഘവീക്ഷണമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചതും. ബജറ്റ് അനുമാനത്തിന് വിരുദ്ധമായി ധന കമ്മി ഉയര്‍ത്താന്‍ ഇത് ഇടയാക്കുകയും സമ്പദ്ഘടനയെ മോശമായ നിലയിലേക്കു കൊണ്ടുപോകുകയും ചെയ്യുമെന്ന് ആര്‍ ബി ഐ ചൂണ്ടിക്കാട്ടി. ജി എസ് ടിയുടെ വരവോടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക വിഹിതം കിട്ടുന്ന പുതിയ സാഹചര്യത്തില്‍ അവക്ക് രാജ്യത്തിന്റെ സമ്പദ്ഘടനയിലുള്ള പ്രാധാന്യം വളരെ വലുതാണ.് അത് ക്രിയാത്മകമായും ദീര്‍ഘവീക്ഷണത്തോടെയും വിനിയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്നും ആര്‍ ബി ഐ നിര്‍ദേശിച്ചു.

നേരത്തെ റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഒരു ജനപ്രിയ പ്രവണതയായി മാറുന്നതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടുകയും ഇത്തരം വിഷയങ്ങള്‍ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമാക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നത് കാര്‍ഷിക നയത്തിന്റെ ഭാഗമാകാന്‍ പാടില്ല, പകരം കാര്‍ഷിക മേഖലയെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനും ലാഭകരമാക്കാനുമുള്ള നടപടികളാണ് ആത്യന്തികമായി എടുക്കേണ്ടതെന്ന് പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമിനാഥന്‍ പറയുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ദോഷം ചെയ്യും. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ശേഖരിക്കാനും സംസ്‌കരിക്കാനും മെച്ചപ്പെട്ട പാക്കേജിംഗ് വഴി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുമുള്ള കാര്യക്ഷമവും ചെലവു കുറഞ്ഞതുമായ ഇടപെടലുകളും ദീര്‍ഘകാല കാര്‍ഷിക പരിഷ്‌കാരങ്ങളുമാണ് കാര്‍ഷിക രംഗത്തെ മുരടിപ്പ് മറികടക്കാന്‍ പരിഹാര മാര്‍ഗമെന്ന് മറ്റു സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുകയുണ്ടായി. പൊതുമേഖലയും സ്വകാര്യ മേഖലയും കൈകോര്‍ത്താല്‍ ഈ ലക്ഷ്യം എത്തിപ്പിടിക്കാനും ഗ്രാമീണ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥക്ക് പുത്തനുണര്‍വ് നല്‍കാനും കഴിയും.

കര്‍ഷകരെ കൈയിലെടുക്കാനായി 2008ല്‍ യു പി എ സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ധനകാര്യമന്ത്രി പി ചിദംബരം പ്രഖ്യാപിച്ച കാര്‍ഷിക കടാശ്വാസ പദ്ധതിയും കടം എഴുതിത്തള്ളലും 52,000 കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാറിന് ഉണ്ടാക്കിയത്. 2014ല്‍ ആന്ധ്രപ്രദേശും തെലങ്കാനയും യഥാക്രമം 24,000 കോടി രൂപയുടെയും 17,000 കോടി രൂപയുടെയും കാര്‍ഷിക കടം എഴുതിത്തള്ളിയപ്പോള്‍ 2016ല്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത 5,780 കോടിയുടെ കാര്‍ഷിക കടാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. 2017ല്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സംസ്ഥാനത്തെ ഇടത്തരം, ചെറുകിട കര്‍ഷകര്‍ക്ക് 9,500 കോടി രൂപയുടെ പാക്കേജും ഇതേവര്‍ഷം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 8,165 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസ പദ്ധതിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 34,022 കോടി രൂപയുടെ കടാശ്വാസ പാക്കേജും പ്രഖ്യാപിച്ചു. ഏപ്രില്‍ 2017 മുതല്‍ 1.9 ലക്ഷം കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍ പാക്കേജുകളാണ് ഉത്തര്‍ പ്രദേശ്, പഞ്ചാബ്, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തത്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതി ഭദ്രമല്ലാതിരുന്ന ഘട്ടത്തിലായിരുന്നു ഈ പ്രഖ്യാപനങ്ങളത്രയും. ഇത് സര്‍ക്കാറുകളെ സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കാന്‍ ഇടയാക്കി. വിപണിയില്‍ നിന്നുള്ള കടമെടുപ്പാണ് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കാനുള്ള മാര്‍ഗം. എന്നാല്‍ അതിനും ഒരു പരിധിയുണ്ട്. അതിനപ്പുറം കടമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കാകില്ല. മാത്രമല്ല, കടമെടുപ്പ് ധനകമ്മി വര്‍ധിക്കാന്‍ ഇടയാക്കുകയും പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നരേന്ദ്ര മോദി പ്രഖ്യാപിച്ച കര്‍ഷകര്‍ക്കുള്ള ധനസഹായ വായ്പാ പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപയെങ്കിലും അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആഭ്യന്തര ഉത്പാദന നിരക്ക് ഉള്‍പ്പെടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. 2018-19 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ (ഏപ്രില്‍, ജൂണ്‍) 8.2 ശതമാനമായിരുന്നു ആഭ്യന്തര ഉത്പാദന നിരക്കെങ്കില്‍ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്തംബര്‍) 7.1 ശതമാനമായി കുറഞ്ഞു. ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തില്‍ പിന്നെയും ഇടിഞ്ഞ് 6.6ലും ജനുവരി-മാര്‍ച്ച് പാദത്തില്‍ 5.8 ശതമാനത്തിലുമെത്തി നില്‍ക്കുകയാണ്. പൊതു ജനത്തിന്റെ മേല്‍ കൂടുതല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുക എന്നതായിരിക്കും ഇതിന്റെയെല്ലാം ആത്യന്തിക ഫലം.

Latest