ബി സി സി ഐയുടെ ആവശ്യം ഐ സി സി തള്ളി;ധോനിക്ക് സൈനിക മുദ്രയുള്ള ഗ്ലൗസ് ധരിക്കാന്‍ അനുമതിയില്ല

Posted on: June 7, 2019 9:57 pm | Last updated: June 8, 2019 at 12:17 pm

മുംബൈ: സൈനിക മുദ്രയുള്ള ഗ്ലൗസ് ധരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോനിയെ അനുവദിക്കണമെന്ന ബി സി സി ഐയുടെ ആവശ്യം ഐ സി സി തള്ളി. സൈനിക ചിഹ്നമായ ബലിദാന്‍ ബാഡ്ജ് ധോണിയുടെ ഗ്ലൗസില്‍ ഉപയോഗിക്കാന്‍ അനുമതി തേടി ബി സി സി ഐ ഇടക്കാല ഭരണ സമിതി അധ്യക്ഷന്‍ വിനോദ് റായ് കത്തയച്ചിരുന്നു. ഈ ആവശ്യമാണ് ഐ സി സി ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

മതത്തിന്റെയോ വ്യവസായത്തിന്റെയോ താത്പര്യങ്ങള്‍ സൂചിപ്പിക്കുന്ന അടയാളമല്ല ഗ്ലൗസിലേതെന്നും അത് പ്രതിനിധീകരിക്കുന്നത് രാജ്യത്തിന്റെ അഭിമാനത്തെയാണെന്നും ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയും പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരായ മത്സരത്തിലാണ് ധോനി കരസേനയുടെ ബലിദാന്‍ ചിഹ്നം ആലേഖനം ചെയ്ത ഗ്ലൗസ് ധരിച്ച് കളത്തിലിറങ്ങിയത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വരികയും വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തതിനു പിന്നാലെ ചിഹ്നം ഗ്ലൗസില്‍ നിന്ന് ഒഴിവാക്കാന്‍ ധോനിയോട് ആവശ്യപ്പെടണമെന്ന് ബി സി സി ഐയോട് നിര്‍ദേശിച്ച് ഐ സി സി രംഗത്തു വരികയായിരുന്നു.