1979ലെ ശൈഖ് മുഹമ്മദിന്റെ വിവാഹ ചിത്രങ്ങളുമായി മീഡിയകള്‍

Posted on: June 7, 2019 8:35 pm | Last updated: June 7, 2019 at 8:35 pm

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മക്കളുടെ വിവാഹം രാജ്യത്തെ ജനങ്ങളും ആഘോഷമാക്കിയതിലൂടെ, പ്രിയ ഭരണാധികാരിയോടുള്ള സ്‌നേഹവും കടപ്പാടും പ്രഖ്യാപിപ്പിക്കുകയായിരുന്നു യു എ ഇ ജനത.

ആഘോഷങ്ങളുടെ ഭാഗമായി, 1978ല്‍ നടന്ന ശൈഖ് മുഹമ്മദിന്റെ രാജകീയ വിവാഹത്തിന്റെ വാര്‍ത്തകളും ഫോട്ടോകളും പുറത്തെടുത്തത് ശ്രദ്ധേയമായി. 1979ല്‍ ശൈഖ ഹിന്ദ ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമുമായി നടന്ന വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളുമാണ് പഴ പത്രത്താളുകളില്‍ നിന്നും മറ്റും കണ്ടെത്തി പുറത്തെടുത്തത്. ദുബൈയില്‍ നിന്നിറങ്ങുന്ന പ്രാദേശിക അറബ് പത്രത്തിലും ഇത്തരം ചിത്രങ്ങളും വാര്‍ത്തകളും നിറഞ്ഞുനിന്നു.
ദുബൈ സ്റ്റേഡിയത്തില്‍ നടന്ന വിവാഹ സ്വീകരണ ചടങ്ങുകള്‍ ഏഴ് ദിവസം നീണ്ടുനിന്നിരുന്നു. 20,000ത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍, പിതാവും ദുബൈ ഭരണാധികാരിയുമായിരുന്ന ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂം തുടങ്ങിയ രാഷ്ട്രനായകര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
അക്കാലത്ത് ദുബൈയില്‍ നടന്ന ഏറ്റവും വലിയ പൊതുചടങ്ങായാണ് ശൈഖ് മുഹമ്മദിന്റെ വിവാഹ സ്വീകരണ ചടങ്ങ് അറിയപ്പെടുന്നത്.