Connect with us

Sports

എബിഡിയെ അവരെന്തിന് തടഞ്ഞു !

Published

|

Last Updated

ലോകകപ്പില്‍ ഹാട്രിക്ക് തോല്‍വിയുടെ നാണക്കേടിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം. ഇനിയും തോറ്റാല്‍ കഴിഞ്ഞു കഥ. ഇപ്പോള്‍ തന്നെ കഴിഞ്ഞ മട്ടാണ്. ആകെ പുലിവാല് പിടിച്ചു നില്‍ക്കുമ്പോഴാണ് പുതിയൊരു വിവാദം. ടീമിന്റെ മുന്‍ നായകനും ബാറ്റിംഗ് ഇതിഹാസവുമായ എബി ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പിന്‍വലിച്ചു ലോകകപ്പില്‍ കളിക്കാന്‍ തയ്യാറായിരുന്നുവത്രെ.

ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പാണ് വിരമിക്കല്‍ പിന്‍വലിച്ച് തനിക്കും കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് എബിഡി അറിയിച്ചത്. എന്നാല്‍ ടീം മാനേജ്‌മെന്റ് ഈ അഭ്യര്‍ഥന തള്ളിക്കളയുകയായിരുന്നു. 15 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പായിരുന്നു തികച്ചും അപ്രതീക്ഷിതമായി എബിഡി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസി, കോച്ച് ഓട്ടിസ് ഗിബ്‌സണ്‍, സെലക്ഷന്‍ കമ്മിറ്റിയംഗമായ ലിന്‍ഡ സോന്‍ഡി എന്നിവരെ സമീപിച്ചത്. തുടര്‍ന്നു എബിഡി തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ പറ്റില്ലെന്നെ നിലപാടാണ് അവരെല്ലാം സീകരിച്ചതെന്നാണ് വിവരം.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് എബിഡിയെ തിരിച്ചുവിളിക്കണമെന്ന് നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. 35 കാരനായ താരം നിരവധി റെക്കോര്‍ഡുകള്‍ക്ക് അവകാശിയാണ്. എബിഡി ഏകദിനത്തില്‍ 53.50 ശരാശരിയില്‍ 9577 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 2015 ജനുവരിയിലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ എബിഡി 31 പന്തില്‍ സെഞ്ച്വറിയുമായി ചരിത്രം കുറിച്ചത്.

2018 മേയിലാണ് അദ്ദേഹം ടീം അംഗങ്ങളെയും മാനേജ്‌മെന്റിനെയും ഞെട്ടിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് തുടങ്ങാന്‍ കൃത്യം ഒരു വര്‍ഷം ബാക്കിനില്‍ക്കെയായിരുന്നു സൂപ്പര്‍ താരത്തിന്റെ അപ്രതീക്ഷിത പടിയിറക്കം. ലോകകപ്പ് ടീമിലേക്കു പരിഗണിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിലോ അന്താരാഷ്ട്ര ക്രിക്കറ്റിലോ ഒരു വര്‍ഷത്തിനിടെ കളിച്ചു കൊണ്ടിരിക്കുന്ന താരമാണെന്ന നിബന്ധനയുണ്ട്. എബിഡിയെ ഇതില്‍ പെടുത്താന്‍ കഴിയില്ലെന്നതാണ് ആദ്യത്തെ കാരണം. എബിഡി വിരമിച്ച ശേഷം പകരമെത്തിയ താരമാണ് റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍. കളിച്ച ആദ്യ നാല് ഏകദിനങ്ങളില്‍ മൂന്നിലും താരം ഫിഫ്റ്റിയും നേടിയിരുന്നു. നന്നായി പെര്‍ഫോം ചെയ്യുന്ന ഡ്യുസെനെ മാറ്റി എബിഡിയെ അവസാന നിമിഷം ലോകകകപ്പ് ടീമിലെടുക്കുന്നത് നീതികേടാണെന്നതാണ് രണ്ടാമത്തെ കാരണമായി ടീം മാനേജ്‌മെന്റ് പറയുന്നത്.