Connect with us

Articles

വെടക്ക് വാക്കേ, കടക്ക് പുറത്ത്!

Published

|

Last Updated

കടക്ക് പുറത്ത് എന്നത് നൂറാം ദിവസം പിന്നിട്ടിട്ടും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. കുറച്ചു കാലം പത്രങ്ങളിലെ തലക്കെട്ടുകള്‍ ഈ പരാമര്‍ശത്തിന്റെ പിന്നാലെയായിരുന്നു. ചാനലുകളില്‍ ചര്‍ച്ചകളും വന്നു. പിന്നീട് തലക്കെട്ടുകള്‍ ഇങ്ങനെയാക്കി. മാലിന്യത്തോട് പറയാം, കടക്ക് പുറത്ത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാര്‍ പറഞ്ഞു, കടക്ക് പുറത്ത് എന്ന്. പത്തൊമ്പത് സ്ഥലത്തും പുറത്തായി. ഇനിയിപ്പോള്‍ നിപ്പായോട് പറയാം, കടക്കെടോ, പുറത്ത്.

വാ വിട്ട വാക്കുകളാണ്. അവ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും. പുഴയിലെ തോണിയും വായിലെ നാവും ഒരു പോലെയാണെന്ന് പറയാറുണ്ട്. അതിങ്ങനെ പോയ്‌ക്കൊണ്ടിരിക്കും. വായ തുറന്നാല്‍ നാറ്റമല്ല, വിവാദമാണ് ചിലര്‍ ഉണ്ടാക്കുക. അപ്പോള്‍ പത്രക്കാരെ പറയും, അവര്‍ വളച്ചൊടിച്ചതാണ്. ദുഷ്ടന്‍മാര്‍. ഇന്നത് വലിയ തോതില്‍ നടക്കുമെന്ന് തോന്നുന്നില്ല. പറഞ്ഞതിന്റെ വീഡിയോ ചാനലില്‍ നിറഞ്ഞ് കൊഞ്ഞനം കുത്തും. പല്ലിടുക്കില്‍ കുത്തി മറ്റുള്ളവരെ മണപ്പിക്കുന്നതെന്തിനാ?
സോണിയാജിയെ മദാമ്മയെന്ന് മുദ്ര കുത്തിയവരുണ്ട്. അഹ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലാക്കി. ഇത്തവണ മദാമ്മയുടെ കൂടെ ലോക്‌സഭയിലാണ് കക്ഷിയുടെ സ്ഥാനം. പട്ടേലിനെയും കാണേണ്ടി വരും, ഇടക്കിടെ.

വിജയരാഘവന്‍ ആലത്തൂരിലെ സ്ഥാനാര്‍ഥിയെ കുറിച്ച് എന്തോ പറഞ്ഞതേയുള്ളൂ. വിവാദമായി. ചര്‍ച്ചയായി. വോട്ടര്‍മാര്‍ ഏറ്റെടുത്തു. കണ്‍വീനറുടെ സ്ഥാനാര്‍ഥിയോട് പറഞ്ഞു, കടക്ക് പുറത്ത്. തൊപ്പി പോലുമില്ലാതെ തോറ്റിട്ടും വിവാദം തീരുന്നില്ല. പാര്‍ട്ടിക്കാര്‍ തമ്മിലായി പിന്നീടുള്ള തര്‍ക്കം. വിവാദ പ്രസംഗം മണ്ഡലത്തില്‍ ബാധിച്ചെന്നും ഇല്ലെന്നും. വിവാദമാണെങ്കില്‍ തോല്‍വിയറിയാതെ മുന്നോട്ട്.
സംഘ്പരിവാറുകാരാണ് വാക്കുകള്‍ കൊണ്ട് വിവാദമുണ്ടാക്കുന്നതില്‍ വിദഗ്ധന്‍മാര്‍. ദിവസവും ഓരോന്ന് വീതം എന്ന തോതിലാണ്. നന്നായി അരിഞ്ഞ്, മഞ്ഞളും മുളകും പുരട്ടി വിളമ്പിത്തരും. നല്ല മസാല. കുറച്ച് വര്‍ഗീയത കൂടി ഉണ്ടായാല്‍ ബഹുവിശേഷം. കുറേ നാട്ടുകാരെ ആവേശം കൊള്ളിക്കാം.

മോദി ജയിച്ചതോടെ വീണ്ടും തുടങ്ങി. അങ്ങ് കത്തിക്കയറുകയാണ്. യോഗാചാര്യന്‍ പറഞ്ഞത്, മൂന്നാമത് പിറക്കുന്ന സന്താനത്തിന് വോട്ടവകാശം വേണ്ടെന്ന്. മന്ത്രിമാരും രംഗത്തിറങ്ങിയിട്ടുണ്ട്. വികസനവുമായല്ല, വിവാദവുമായി. അമിതമായതോടെ അമിത് ഷാ നാക്കിന് പിടിച്ച് ഒരു തിരി. അനങ്ങാതിരിക്ക്. അടങ്ങിയിരിക്ക്.
ഒരു വകുപ്പ് കൂടി ഉണ്ടാക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. നാവു നിയന്ത്രണ വകുപ്പ്. മന്ത്രിമാരും എം പിമാരും എം എല്‍ എമാരും ഈ വകുപ്പിന് കീഴിലാകണം. കൂടെ പ്രധാന മന്ത്രിയും മുഖ്യമന്ത്രിമാരും. നാവൊന്ന് നന്നാകട്ടെ. വാക്കൊന്ന് ശുദ്ധമാകട്ടെ. ഒരു മന്ത്രി കൂടിയാകാം. കേന്ദ്ര നാവു നിയന്ത്രണ മന്ത്രി. എന്നിട്ട് പ്രഖ്യാപിക്കണം, വെടക്ക് വാക്കേ, കടക്ക് പുറത്ത്!