‘ബാറ്ററി ഹെല്‍ത്ത്’; ഇനി ആശങ്ക വേണ്ട

Posted on: June 6, 2019 6:02 pm | Last updated: June 6, 2019 at 6:02 pm


iOS12ന്റെ വരവോടു കൂടി iOS ഉപഭോക്താക്കളുടെ തലവേദനയായിരുന്നു ‘ബാറ്ററി ഹെല്‍ത്ത്’. എന്നാല്‍ iOS 13ല്‍ ഈ തലവേദനക്കൊരു പരിഹാരമുണ്ട്. ‘ഓപ്റ്റിമൈസ്ഡ് ബാറ്ററി ചാര്‍ജിംഗ്’ എന്ന ഒരു പുതിയ ഫീച്ചറാണ് iOS ന്റെ പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാറ്ററി ലൈഫ് വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളത്. സെറ്റിങ്‌സിലെ ‘Battery Health’നുള്ളില്‍ ഒരു ടോഗിള്‍ സ്വിച്ചോട് കൂടിയാണ് ‘Optimized Battery Charging’ എന്ന ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് നിങ്ങളുടെ ഫോണിന്റെ ദിവസേനയുള്ള ചാര്‍ജിംഗ് റൂട്ടീന്‍ പഠിക്കുകയും ഫോണിന് ആവശ്യമുള്ളയത്ര ചാര്‍ജ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

80 ശതമാനത്തിനു മുകളില്‍ ചാര്‍ജാകുന്ന സമയം കുറച്ചു കൊണ്ട് ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും. ഇത് ബാറ്ററിയുടെ ആരോഗ്യത്തെ അനുയോജ്യമായ ശേഷിയില്‍ നിലനിര്‍ത്തുന്നു. എല്ലാ സമയത്തും പരമാവധി ശേഷിവരെ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കിയാല്‍ പരമാവധി ശേഷിയില്‍ നിങ്ങളുടെ ഉപകരണം ചിലവഴിക്കുന്ന സമയം കുറക്കുകയും ചെയ്യുന്നു. ഇതും നിങ്ങളുടെ ബാറ്ററി ലൈഫിനെ ഉയര്‍ത്താന്‍ സഹായിക്കും.

കഴിഞ്ഞ വര്‍ഷം ഒരു ചൂടേറിയ വിഷയം തന്നെയായിരുന്നു ബാറ്ററി ഹെല്‍ത്ത്. ‘Optimized Battery Charging’ അല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും ബാറ്ററി ഹെല്‍ത്തിന് ഇല്ല എന്നാണ് iOS13ന്റെ ആദ്യ ബീറ്റ പതിപ്പ് വ്യക്തമാക്കുന്നത്. നേരത്തെ സോണി സ്മാര്‍ട്‌ഫോണുകളില്‍ ‘ബാറ്ററി കെയര്‍’ എന്ന പേരില്‍ ഇതേ തത്വം അനുസരിച്ച് ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കുന്ന സംവിധാനം പവര്‍ത്തിക്കുന്നുണ്ട്.