Kerala
സ്വര്‍ണക്കടത്തു കേസ്: അറസ്റ്റിലായ സെറീന ഷാജിക്ക് പാക് ബന്ധം; അന്വേഷിക്കാന്‍ റോയും എന്‍ ഐ എയും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ അറസ്റ്റിലായ സംഘത്തിലെ സെറീന ഷാജിക്ക് പാക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കേസ് അന്വേഷിക്കാന്‍ റോ, എന്‍ ഐ എ ഏജന്‍സികള്‍ രംഗത്ത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാലാണിത്.
ഡി ആര്‍ ഐയുടെ അന്വേഷണത്തിലാണ് ദുബൈ ബ്യൂട്ടിപാര്‍ലര്‍ ഉടമ സെറീനക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. സെറീനക്ക് സ്വര്‍ണക്കടത്തു സംഘത്തെ പരിചയപ്പെടുത്തിയത് പാക് സ്വദേശിയായ നദീം ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സെറീനയുടെ സ്ഥാപനത്തിലേക്ക് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കിയിരുന്നതും ഇയാളായിരുന്നു. സ്വര്‍ണക്കടത്തു സംഘത്തിന് ദുബൈയില്‍ നേതൃത്വം നല്‍കിയിരുന്ന ജിത്തു, നദീം എന്നിവര്‍ തന്റെ സുഹൃത്തുക്കളാണെന്ന് സെറീന നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ സി ബി ഐ തിരുവനന്തപുരം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറിന്റെ വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡി ആര്‍ ഐ നേരത്തെ അറസ്റ്റ് ചെയ്ത കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായാണ് എഫ് ഐ ആറില്‍ പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലായിട്ടായിരുന്നു ഗൂഢാലോചന. കേസില്‍ ഒമ്പതു പ്രതികളാണുള്ളത്. രാധാകൃഷ്ണനാണ് ഒന്നാം പ്രതി.