ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; ആശുപത്രികള്‍ക്കെതിരെ നരഹത്യക്ക് കേസ്

Posted on: June 6, 2019 12:08 pm | Last updated: June 6, 2019 at 1:59 pm

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ എച്ച് 1 എന്‍ വണ്‍ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ രണ്ട് വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളജിനു പുറമെ സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നീ രണ്ട് സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെയുമാണ് ഗാന്ധിനഗര്‍ പോലീസിന്റെ നടപടി. കുറ്റക്കാര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനുമാണ് കേസ്.

പനിയും ശ്വാസതടസ്സവുമായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നെത്തിയ തോമസ് ജേക്കബി(62)നാണ് ചികിത്സ നിഷേധിച്ചത്. ഇതുമൂലം മരിച്ച രോഗി മരിക്കുകയായിരുന്നു. ആദ്യം മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രികളിലും എത്തിച്ച തോമസിനെ ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ല. ആശുപത്രി അതികൃതരുടെ അനാസ്ഥ മൂലം രണ്ട് മമിക്കൂര്‍ കഴിഞ്ഞ് ജേക്കബ് ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു.

തോമസിന്റെ മകള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചികിത്സ നിഷേധത്തിന് ഐ പി സി 304 ആം വകുപ്പാണ് ചുമത്തിയത്. അന്വേഷണ ചുമതല ഡി വൈ എസ് പിക്കാണ്. രോഗിക്ക് ചികിത്സ നിഷേധിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് പങ്കില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. . ഗുരുതരാവസ്ഥയിലുള്ള രോഗി ആബുലന്‍സിലുള്ള കാര്യം മെഡിക്കല്‍ കോളേജിലെ പിആര്‍ഒ ഡോക്ടര്‍മാരെ അറിയിക്കാത്തത് വീഴ്ചയാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാര്‍ പുറത്തിറങ്ങി പരിശോധിക്കാത്തത് അവര്‍ക്ക് കൃത്യമായി വിവരം കിട്ടാത്തതിനാലാണെന്നും സൂപ്രണ്ട് വിശദീകരിച്ചു. വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നെന്നും ഡോക്ടര്‍ വന്നപ്പോഴേയ്ക്കും ആംബുലന്‍സ് വിട്ട് പോയിരുന്നെന്നും പി ആ ഒ പറയുന്നു.

ആര്‍എംഒയുടെ വിശദീകരണം മരിച്ച ജേക്കബിന്റെ മകള്‍ റെനി നിഷേധിച്ചു. മണിക്കൂറുകളോളം രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സില്‍ പരക്കം പാഞ്ഞെങ്കിലും രക്ഷിക്കാനാവാത്ത സ്ഥിതിയാണ് ഉണ്ടായത്. ആദ്യം സംസാരിച്ചത് ഒരു നഴ്‌സ് ആയിരുന്നു. അവര്‍ ലെറ്റര്‍ വാങ്ങി ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ ലെറ്റര്‍ നോക്കിയ ശേഷം പനിയുടെ വിഭാഗം ഇവിടെയല്ല എന്ന് പറഞ്ഞുവെന്നും റെനി ആരോപിക്കുന്നു.

ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശം.

അതേ സമയം, ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തില്‍ ആശുപത്രി അധികൃതര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.