Connect with us

Kerala

നിപ്പ: വിദേശനിര്‍മിത മരുന്നുകള്‍ കൊച്ചിയിലെത്തിച്ചു;അഞ്ച് പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കയച്ചു

Published

|

Last Updated

കൊച്ചി: നിപ്പ വൈറസ് ബാധക്കുള്ള വിദേശനിര്‍മിത മരുന്നുകള്‍ കൊച്ചിയിലെത്തിച്ചു
. ഓസ്‌ട്രേലിയയില്‍നിന്നുള്ള മരുന്നാണ്
ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് ബന്ധുക്കളുടെ അനുമതിയോടെ ഇന്ന് തന്നെ മരുന്നുകള്‍ കൊടുത്തു തുടങ്ങുമെന്നാണ് കരുതുന്നത്.കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെ രക്തസാമ്പിളുകളും ശരീര സ്രവങ്ങളും പുണെ, ആലപ്പുഴ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കു പരിശോധനയ്ക്കയച്ചിട്ടുണ്ട്. പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് കരുതുന്നത്. ഫലം വന്ന ശേഷമെ ഇവരുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കു. സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേരുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അല്‍പ സമയത്തിനകം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയും യോഗത്തിലേക്കെത്തുമെന്നാണ് അറിയുന്നത്.

രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട് .പനി കുറവുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നതായും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. വിദ്യാര്‍ഥിയെ ചികിത്സിച്ച നഴ്‌സുമാരുടെ ആരോഗ്യ നിലയും തൃപ്തികരമാണ്. മൂന്നു നഴ്‌സുമാരും വിദ്യാര്‍ഥിയുടെ സുഹൃത്തുമാണ് നിലവില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. എറണാകുളം, തൃശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളിലായി 311 പേര്‍ നിരീക്ഷണത്തിലുണ്ട്.

കൊല്ലത്ത് നിപ്പ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ കഴിയുന്ന ഒരാള്‍ നിരീക്ഷണത്തിലാണ്. ജില്ലയിലെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡ് തുറന്നിട്ടുണ്ട്. തൃശൂരില്‍ പനിയെ തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെത് സാധാരണ പനിയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അതേ സമയം നിപ്പയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല എന്നതാണ് നിലവില്‍ ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളി. തൃശ്ശൂരിലും തൊടുപുഴയിലും ഇതിനോടകം വിശദമായ പരിശോധന ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും നടത്തി കഴിഞ്ഞു. നിപ്പയുടെ ഉറവിടം അവിടെയല്ല എന്ന നിഗമനമാണ് ഇടുക്കി, തൃശ്ശൂര്‍ ഡിഎംഒമാര്‍ ആരോഗ്യവകുപ്പുമായി പങ്കുവയ്ക്കുന്നത്.

Latest