പരുക്കേറ്റ് ദക്ഷിണാഫ്രിക്കൻ ബോളിംഗ് നിര; പ്ലാനുകളൊക്കെ പാളിയെന്ന് ക്യാപ്റ്റൻ

Posted on: June 5, 2019 10:33 am | Last updated: June 4, 2019 at 2:35 pm


നോട്ടിംഗ്ഹാം: ക്രിക്കറ്റിലെ ഭാഗ്യംകെട്ട ടീം എന്ന ബാധ ദക്ഷിണാഫ്രിക്കയെ വിട്ടുപോകുമെന്ന് തോന്നുന്നില്ല. ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റമ്പിയ ഫാഫ് ഡു പ്ലെസിസും സംഘത്തിനും ബംഗ്ലാദേശിൽ നിന്ന് കിട്ടിയ അപ്രതീക്ഷിത തിരിച്ചടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഇനി നേരിടാനുള്ളതാകട്ടെ കരുത്തരായ എതിരാളിയെയാണ്. അതും തീർത്തും പ്രതികൂലമായ സാഹചര്യത്തിൽ. നാളെ കരുത്തരായ ഇന്ത്യൻ ടീമിനെ നേരിടാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്ക് പരുക്ക് വില്ലനായതോടെ വിജയപ്രതീക്ഷ മങ്ങിയിരിക്കുകയാണ്. ഇന്ത്യക്കെതിരെ കരുത്തരായ ടീമിനെ ഒരുക്കാനുള്ള എല്ലാ പ്ലാനുകളും പാളിയതായി ക്യാപ്റ്റൻ തന്നെ വ്യക്തമാക്കുന്നു.

ബംഗ്ലാദേശുമായുള്ള മത്സരത്തിനിടെ പേസ് ബൗളർ ലുങ്കി എങ്കിഡിക്ക് പരുക്കേറ്റിരുന്നു. പിൻതുട ഞരമ്പിനേറ്റ പരുക്കിൽ നിന്ന് ലുങ്കി ഉടൻ മോചിതനാകില്ലെന്ന് ടീം മാനേജർ മുഹമ്മദ് മുസാജി പറയുന്നു. വെസ്റ്റിഡീസുമായുള്ള ഈ മാസം പത്തിലെ മത്സരത്തിൽ ലുങ്കിക്ക് ഗ്രൗണ്ടിലിറങ്ങാനാകുമെന്നാണ് വിദഗ്ധർ നൽകിയ വിശദീകരണം.

ലുങ്കിക്കും പരുക്കേറ്റതോടെ ദക്ഷിണാഫ്രിക്കൻ ടീമിലെ മികച്ച പേസ് ബൗളർമാരാരും ഇന്ത്യക്കെതിരായ മത്സരത്തിനുണ്ടാകില്ലെന്ന് ഉറപ്പായി. ലോകകപ്പിന് മുമ്പ് തന്നെ ഡെയ്ൽ സ്റ്റെയിന് പരുക്കേറ്റിരുന്നു. സ്റ്റെയിൻ ടീമിലില്ലാത്തതിനാൽ തന്റെ പ്ലാൻ എയാണ് പാളിയതെന്നും ലുങ്കിയുടെ പരുക്കോടെ പ്ലാൻ ബിയും പാളിയതായി ഡു പ്ലെസിസ് വ്യക്തമാക്കുന്നു.

ബംഗ്ലാദേശിനോട് പരാജയപ്പെട്ട ശേഷം മാധ്യമങ്ങളുമായി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്റിച്ച് നോർജെയും പരുക്കിന്റെ പിടിയിലാണ്. കാഗിസോ റബാഡയെ വെച്ച് ടീമിന്റെ ബൗളിംഗ് നിര ശക്തമാക്കുക മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് മുന്നിലെ ഏക ആശ്രയം. എന്നാൽ, റബാഡെ മോശം പ്രകടനമാണ് ബംഗ്ലാദേശിനോട് കാഴ്ചവെച്ചത്. പത്ത് ഓവറിൽ 57 റൺസ് വഴങ്ങിയ റബാഡക്ക് ഒറ്റ വിക്കറ്റ് പോലും ലഭിച്ചില്ല. പരുക്കേറ്റതോടെ ലുങ്കി നാല് ഓവർ മാത്രമായിരുന്നു എറിഞ്ഞിരുന്നത്.

സാമാന്യം ഭേദപ്പെട്ട രീതിയിൽ ബോളിംഗ് പ്രകടനം കാഴ്ചവെച്ചത് ആൻഡിലെ ഫെഹ്‌ലുക വായോയും ഇംറാൻ താഹിറും ആൾ റൗണ്ടറായ ക്രിസ് മോറിയും മാത്രമാണ്. മൂന്ന് പേർക്കും രണ്ട് വീതം വിക്കറ്റെടുക്കാൻ സാധിച്ചിരുന്നു. എന്നാൽ, ബംഗ്ലാദേശിന്റെ ബാറ്റിംഗ് നിരയെ പ്രതിരോധത്തിലാക്കുന്ന രീതിയിലുള്ള പ്രകടനം ദക്ഷിണാഫ്രിക്കയുടെ ഒരു ബോളറും പുറത്തെടുത്തിട്ടില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധർ വ്യക്തമാക്കുന്നത്.

പേസ് ബൗളർമാരുടെ അഭാവത്തിൽ ആൾറൗണ്ടർമാരെ പരീക്ഷിക്കാൻ തന്നെയാണ് ഡു പ്ലെസിസിന്റെ തീരുമാനം. ഇന്ത്യയെ പോലുള്ള കരുത്തരെ നേരിടാൻ ദക്ഷിണാഫ്രിക്കക്ക് ഏറ്റവും കൂടുതൽ വേണ്ടത് ആത്മവിശ്വാസമാണ്.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത് മാത്രമാണ് ദക്ഷിണാഫ്രിക്കക്കില്ലാത്തത്. ക്യാപ്റ്റന്റെ വാക്കുകളിൽ നിന്ന് തന്നെ അത് വ്യക്തമാകുന്നുണ്ട്.