നിപ്പ ജാഗ്രത നിര്‍ദ്ദേശങ്ങള്‍

Posted on: June 4, 2019 8:53 pm | Last updated: June 4, 2019 at 8:54 pm

കേരളത്തില്‍ നിപ്പ പനി സ്ഥിരീകരിച്ച അവസരത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് വേണ്ടി നല്‍കുന്ന മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍:

 • പഴങ്ങള്‍ ഭക്ഷിച്ച് ജീവിക്കുന്ന വവ്വാലുകളാണ് ഈ പനിക്ക് കാരണമായ നിപ്പ വയറസ്റ്റിന്റെ വാഹകര്‍. ഇവയുടെ ശരീര സ്രവത്തില്‍ ( കാഷ്ഠം, ഉമിനീര്, മൂത്രം) നിന്നാണ് വൈറസ്സുകള്‍ പടരുന്നത്.
 • ഈ വവ്വാലുകള്‍ ഭക്ഷിച്ചു ഉപേക്ഷിച്ച പഴങ്ങളിലൂടെയും രോഗ ബാധയുള്ള വളര്‍ത്തുമൃഗങ്ങളില്‍ നിന്നും ഇത് മനുഷ്യരിലേക്ക് പകരാം.
 • രോഗിയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലുടെ മറ്റൊരാളിലേക്ക് ഇത് ബാധിക്കാം. രോഗിയെ പരിചരിക്കുന്ന ആളുകള്‍ മാസ്‌ക്കും ഗ്ലൗസ്സും ഉപയോഗിക്കുക.
 • രോഗിയുടെ വസ്ത്രങ്ങളും മറ്റുപയോഗ സാധനങ്ങളും പ്രത്യേകം സൂക്ഷിക്കുക.
 • വ്യക്തി ശുചിത്വം പാലിക്കുക. യാത്രാവസാനവും, പുറം പണികളില്‍ ഏര്‍പ്പെട്ട ശേഷവും, വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്ക ശേഷവും ശരീര ശുദ്ധി വരുത്തുക അതിനു ശേഷം മാത്രം മറ്റുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക.
 • കൈ സോപ്പ് ഉപയോഗിച്ച് ഇടവിട്ട് കഴുകുക.
 • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
 • വളര്‍ത്തു മൃഗങ്ങളെ വൃത്തിയുള്ള സ്ഥലങ്ങളില്‍ പാര്‍പ്പിക്കുക. അവയുടെ ശുചിത്വം ഉറപ്പാക്കുക.
 • പക്ഷികള്‍ കടിച്ചുപേക്ഷിച്ചതും, മരത്തില്‍ നിന്ന് താഴെ വീണു കിടക്കുന്നതും, പരിക്ക് പറ്റിയതുമായ പഴങ്ങള്‍ ഒഴിവാക്കുക.
 • പനി പടര്‍ത്തുന്ന വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 4 മുതല്‍ 18 ദിവസം (ഇന്‍ക്യുബേഷന്‍ പീരിയേഡ് ) കഴിഞ്ഞേ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയുള്ളു.
 • കടുത്ത തലവേദന, പനി, തലകറക്കം, ബോധക്ഷയം, ഛര്‍ദ്ദി, വയറുവേദന, ചുമ, ക്ഷീണം, മനം പിരട്ടല്‍, കാഴ്ചമങ്ങല്‍, സ്ഥല കാല ബോധമില്ലായ്മ, പെരുമാറ്റ വ്യത്യസം എന്നിവ രോഗ ലക്ഷണങ്ങളാണ്. രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം രോഗം ഗുരുതരമാകുവാന്‍ സാധ്യതയുണ്ട്.
 • രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ സമീപിക്കുക. സ്വയം ചികിത്സ ഉപേക്ഷിക്കുക.
 • ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ചികിത്സ തുടരുക.