മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് എം എല്‍ എ പാര്‍ട്ടി വിട്ടു; ബി ജെ പിയിലേക്കെന്ന് സൂചന

Posted on: June 4, 2019 4:24 pm | Last updated: June 4, 2019 at 8:29 pm

മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ പാര്‍ട്ടി വിട്ടു. അദ്ദേഹം ബി ജെ പിയില്‍ ചേരുമെന്നാണ് സൂചന. സംസ്ഥാനത്തെ മുന്‍ പ്രതിപക്ഷ നേതാവ് കൂടിയാണ് വിഖേ പാട്ടീല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരിതാപകരമായ പ്രകടനത്തില്‍ നിരാശരായ മറ്റ് പത്ത് എം എല്‍ എമാര്‍ കൂടി പാട്ടീലിന്റെ പാത പിന്തുടരുമെന്ന് സൂചനയുണ്ട്. നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിക്ക് ഇത് കനത്ത തിരിച്ചടിയാകും. എന്നാല്‍, ഇത്തരമൊരു സാധ്യത പാര്‍ട്ടി തള്ളിക്കളഞ്ഞു.

പാട്ടീലിന് ബി ജെ പി കാബിനറ്റ് പദവി വാഗ്ദാനം ചെയ്തതായാണ് വിവരം. വിഖെ പാട്ടീലിന്റെ മകന്‍ സുജയ് വിഖെ പാട്ടീല്‍ നേരത്തെ തന്നെ ബി ജെ പിയിലേക്കു ചേക്കേറുകയും അഹമ്മദ് നഗര്‍ ലോക്‌സഭാ സീറ്റില്‍ നിന്ന് ജയിക്കുകുയും ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതാണ് രാധാകൃഷ്ണ പാട്ടീല്‍ പാര്‍ട്ടിയുമായി ഇടയാന്‍ കാരണമായത്. ഇതില്‍ പ്രതിഷേധിച്ച് ഏപ്രിലില്‍ നിയമസഭാ പ്രതിപക്ഷ സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു. തന്റെ മകന് അഹമ്മദ് നഗര്‍ സീറ്റ് നല്‍കണമെന്ന ആവശ്യം നിഷേധിച്ചതും അദ്ദേഹത്തെ പ്രകോപിപ്പിച്ചു.