വില്ലനായി വീണ്ടും പബ്ജി

സ്റ്റാറ്റസ്
Posted on: June 4, 2019 3:39 pm | Last updated: June 4, 2019 at 3:39 pm

ആറ് മണിക്കൂർ തുടർച്ചയായി മൊബൈൽ ഫോണിൽ പബ്ജി ഗെയിം കളിച്ചുകൊണ്ടിരുന്ന 16 വയസ്സുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. മധ്യപ്രദേശിലെ നീമുച്ചിൽ നിന്നാണ് വാർത്ത. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ഫുർഖാൻ ഖുറേശിയാണ് മെയ് 28 ാം തീയതി മരിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് പബ്ജി തുടങ്ങിയ ഫുർഖാൻ ആറ് മണിക്കൂറോളം കളി തുടർന്നു. കുഴഞ്ഞുവീഴുന്നതിന് മുമ്പ് പബ്ജി ഗെയിമിലെ സഹകളിക്കാരോട് ഫുർഖാൻ ആക്രോശിക്കുന്നുണ്ടായിരുന്നു എന്ന് പിതാവ് ഹാറൂൺ റാശിദ് ഖുറേശി പറയുന്നു. കുഴഞ്ഞുവീണയുടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ തന്നെ കുട്ടിക്ക് പൾസ് ഇല്ലായിരുന്നുവെന്നും ഇലക്ട്രിക് ഷോക്കും ഇൻജക്ഷനും വഴി ഹൃദയത്തിന്റെ പ്രവർത്തനം ശരിയാക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ലെന്നും ഫുർഖാനെ പരിശോധിച്ച കാർഡിയോളജിസ്റ്റ് ഡോ. അശോക് ജയിൻ ചൂണ്ടിക്കാട്ടുന്നു.

രാജസ്ഥാനിലെ നാസിറാബാദിലാണ് ഫുർഖാനും കുടുംബവും താമസിക്കുന്നത്. മധ്യപ്രദേശിലെ സ്വന്തം നാട്ടിൽ കസിന്റെ വിവാഹത്തിനായി വന്നതായിരുന്നു കുടുംബം. തലേന്ന് രാത്രി മുഴുവൻ ഏറെ വൈകിയും പബ്ജി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. നീന്തലിലും വോളിബോളിലും താരമായിരുന്നു, നാസിറാബാദിലെ കേന്ദ്രീയ വിദ്യാലയയിൽ പഠിക്കുന്ന ഫുർഖാൻ. ഹൃദയസംബന്ധമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പബ്ജി കളിയിലെ അഡിക്ഷൻ പഠനത്തെയും സ്പോർട്സിനെയും ബാധിക്കുന്നതായി തോന്നിയതിനെ തുടർന്ന് ഫുർഖാന്റെ ഫോൺ പിതാവ് പിടിച്ചുവാങ്ങിയിരുന്നു. ഫോൺ തിരികെ കിട്ടുന്നതിനായി മൂന്ന് ദിവസം ഫുർഖാൻ ഭക്ഷണം കഴിച്ചില്ല എന്നും വീട്ടുകാർ പറയുന്നു. അതേസമയം, രാജ്യത്ത് പബ്ജി നിരോധിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ഹാറൂൺ ഖുറേശി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് പബ്ജി കളിച്ച് ഹൃദയാഘാതം വരികയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ജനുവരിയിൽ ഗുജറാത്തിലെ പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് പബ്ജി സ്‌കൂളുകളിൽ നിരോധിക്കണമെന്ന് നിർദേശിച്ച് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തെലങ്കാനയിൽ നിന്ന് മറ്റൊരു വാർത്തയുണ്ടായിരുന്നു, കഴിഞ്ഞ മാസം. സംസ്ഥാനത്തെ ജഗിത്യലിൽ അമിതായി പബ്ജി കളിച്ച യുവാവാണ് മരണത്തിന് കീഴടങ്ങിയത്. ചെറിയ ഇടവേളകൾ മാത്രം നൽകി 45 ദിവസത്തോളം പബ്ജി കളിച്ച 20 വയസ്സുകാരനാണ് മരിച്ചത്. ശക്തമായ കഴുത്ത് വേദന കാരണം യുവാവിനെ കുടുംബം ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ മരിക്കുകയായിരുന്നു. ദിവസങ്ങളോളം പബ്ജി കളിച്ചതിനെ തുടർന്ന് കഴുത്തിന്റെ ഭാഗത്തെ ഞരമ്പുകൾ പൂർണമായും തകരാറിലാകുകയായിരുന്നു.

ഈ കളിയോടുള്ള ആസക്തി കാരണം നിരവധി അസാധാരണ സംഭവങ്ങളാണ് രാജ്യത്ത് അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രീ യൂനിവേഴ്‌സിറ്റി പ്രവേശനപരീക്ഷയിൽ ഉത്തരങ്ങൾക്ക് പകരം യുവാവ് പബ്ജി എങ്ങനെ കളിക്കാം എന്നെഴുതി വെച്ചത് വാർത്തയായിരുന്നു. എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ച വിദ്യാർഥിയാണ് അമിതമായ പബ്ജി ഗെയിം മൂലം ഉപരിപഠനത്തിൽ നിന്ന് പിന്നാക്കം പോയത്. ഡൽഹിയിൽ നിന്നുള്ള മറ്റൊരു സംഭവവും ഞെട്ടിപ്പിക്കുന്നതായിരുന്നു. പത്താം ക്ലാസുകാരനായ അഭിനവ് പബ്ജി ജ്വരം മൂത്ത് വീടുവിട്ടിറങ്ങി എന്നതായിരുന്നു അത്. നാല് പേരടങ്ങിയ ഗ്രൂപ്പായി കളിക്കുന്ന ഗെയിം ആണ് പബ്ജി.

ജ്യാതിർത്തിക്കപ്പുറമുള്ള സുഹൃത്തുക്കളുമായി വരെ ചേർന്ന് കളിക്കാവുന്ന പബ്ജിയിൽ നിന്ന് ലഭിച്ച സുഹൃത്തുക്കളുടെ നിർദേശപ്രകാരം അഭിനവ് വീടുവിട്ടിറങ്ങുകയായിരുന്നു. മകനെ കാണാതായ വിവരം അധ്യാപകൻ കൂടിയായ രാജേഷ് കുമാർ ജയന്താണ് പോലീസിനെ അറിയിച്ചത്. ഇതുവരെ അഭിനവിനെ കണ്ടെത്താനായില്ല. വ്യത്യസ്ത പേരുകളിൽ അവൻ ഇപ്പോഴും പബ്ജി കളിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഡൽഹി പോലീസ് പറയുന്നത്. പോലീസ് ശക്തമായ തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും നിരാശയാണ് ഫലം.
യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ വളരെയധികം പ്രചാരമുള്ള ഓൺലൈൻ ഗെയിമായ പ്ലെയർ അൺനോൺഡ് ബാറ്റിൽ ഗ്രൗണ്ട് എന്നതിന്റെ ചുരുക്കപ്പേരാണ് പബ്ജി.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കൗമാരപ്രായക്കാരും യുവാക്കളും പബ്ജിയുടെ അടിമകളായി മാറുന്ന കാഴ്ചയാണ് രാജ്യത്ത് നിലവിലുള്ളത്. നഗരപ്രദേശങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും ഈ ഗെയിം വ്യാപിച്ചുകഴിഞ്ഞു. ഒരേസമയം, വിവിധ സ്ഥലങ്ങളിലോ രാജ്യങ്ങളിലോ ഇരുന്ന് വിവിധ പേർ ടീമായി ഒരുമിച്ചു കളിക്കുന്നതിന്റെയും ടാർഗറ്റ് പൂർത്തിയാക്കുന്നതിന്റെയും ലഹരിയിൽ കളിയിൽ പങ്കെടുക്കുന്നവർ എല്ലാം മറക്കുന്നു. അഡിക്റ്റ് ആകുന്നതോടെ ഈ ഗെയിമിൽ നിന്ന് പിന്മാറാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. ഇന്ത്യയിൽ ഈ ഗെയിം കളിക്കുന്നവരിൽ കൂടുതലും വിദ്യാർഥികളാണ്. പഠനവും പാഠ്യേതര പ്രവർത്തനങ്ങളും താളംതെറ്റുന്നു. ഹൃദയാഘാതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.

പബ്ജിക്ക് അടിമകളാകുന്നത് കുട്ടികളാണെന്നും അവരുടെ പഠനത്തെയും പരീക്ഷാ തയ്യാറെടുപ്പിനെയും ഇത് ബാധിക്കുന്നുമെന്ന പരാതിയിലാണ് ഗുജറാത്ത് സർക്കാർ കഴിഞ്ഞ മാർച്ചിൽ പബ്ജി നിരോധിച്ചത്. പബ്ജി ഗെയിം കളിക്കാൻ മാതാപിതാക്കൾ മൊബെൽ വാങ്ങി നൽകാത്തതിന് പതിനെട്ടുകാരൻ കഴിഞ്ഞ മാസം തൂങ്ങി മരിച്ചത് മുംബൈയിലെ കുർള നെഹ്റു നഗറിലാണ്. രാജ്യവ്യാപകമായി പബ്ജി ഗെയിം നിരോധിക്കണമെന്ന് ഗുജറാത്ത് ബാലാവകാശ സംഘടനയുടെ ചെയർപേഴ്സണായ ജാഗ്രിതി പാണ്ഡ്യ അഭിപ്രായപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് എല്ലാ സംസ്ഥാനങ്ങളിലേക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾ പരീക്ഷയിൽ മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നാരോപിച്ച് ജമ്മു കശ്മീരിലെ വിദ്യാർഥി സംഘടനയും പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. കേരളത്തിലെ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ പബ്ജിക്ക് വലിയ പ്രചാരമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

നേരത്തേ വില്ലന്മാരായെത്തിയിരുന്ന ബ്ലൂവെയിൽ ചലഞ്ച്, കി-കി ചലഞ്ച് തുടങ്ങിയ ഓൺലൈൻ ഗെയിമുകൾ അപകടകാരികളായിരുന്നു. വിവിധ അനിഷ്ടസംഭവങ്ങളാണ് പ്രസ്തുത ഗെയിമുകൾ ഇന്ത്യയിലുണ്ടാക്കിയത്. എന്നാൽ അതിലും ഭീകരമാണ് പബ്ജിയുടെ അഡിക്ഷൻ. മൊബൈൽ ഫോണിലും ടാബിലും കമ്പ്യൂട്ടറിലും ഈ വില്ലൻ പതിഞ്ഞിരിക്കും. ഇപ്പോൾ ഒരു ദിവസം ഈ ഗെയിം കളിക്കാൻ കഴിയുന്നത് പരമാവധി ആറ് മണിക്കൂർ മാത്രമാണ്. വ്യത്യസ്ത ആയുധങ്ങളുമായി വിവിധയാളുകളെ വെട്ടിവീഴ്ത്തുകയും വെടിവെച്ചിടുകയും ചെയ്ത് മുന്നോട്ടുപോകേണ്ട ഈ കളി വലിയ മാനസികപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. കളി കാര്യമാകുകയും മാനസിക പിരിമുറുക്കം അനുഭവപ്പെട്ട് ചികിത്സ തേടുകയും ചെയ്ത വിദ്യാർഥികൾ നമ്മുടെ രാജ്യത്തുണ്ട്. ഇത്തരം അപകടകരമായ ഗെയിമുകളെ കുറിച്ച് ബോധവത്കരിക്കാനും ഫലപ്രദമായി നേരിടാനുമുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ ഇല്ല എന്നുതന്നെ പറയാം. കുട്ടികളെ മാതാപിതാക്കൾ നന്നായി ശ്രദ്ധിക്കണം. ഓൺലൈനിൽ നിന്നിറങ്ങി വന്ന് നമ്മുടെ മണ്ണും വെള്ളവും പാടവും കണ്ട് അവർ കളിക്കട്ടെ. അങ്ങനെയൊരു സാഹചര്യം ഒരുക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തിയേ പറ്റൂ.
.