സ്‌നേഹത്തിന്റെ രുചി

Posted on: June 4, 2019 7:57 pm | Last updated: June 6, 2019 at 5:31 pm

ചെറുപ്പം മുതലേ ചെറിയ പെരുന്നാളും ബലി പെരുന്നാളും എന്റെ കൂടി ആഘോഷങ്ങളായിരുന്നു. ഓണവും പെരുന്നാളും വേറെവേറെയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ഒന്നായിക്കഴിഞ്ഞിരുന്ന ജീവിതകാലമാണ് എന്റെ ബാല്യ- കൗമാര- യൗവന കാലങ്ങളിലൊക്കെ ഉണ്ടായിരുന്നത്. പിൽക്കാലത്താണ് ചിലപ്പോൾ അതിന്മേൽ പലതരത്തിലുള്ള വിഘടന വാദങ്ങളും വിഭജിക്കലുമൊക്കെ ഉണ്ടായത്. ചുറ്റുവട്ടത്തൊക്കെ ധാരാളം മുസ്‌ലിം കുടുംബങ്ങളാണ്. ആ കാലത്ത് പെരുന്നാളിന് തൊട്ടടുത്ത വീടുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവരും. ഓണത്തിന് അങ്ങോട്ടും കൊണ്ടുപോകും. വീട്ടിൽ സാധാണയുണ്ടാക്കാത്ത വിശേഷപ്പെട്ട വിഭവങ്ങൾ പെരുന്നാൾ കാലത്താണ് എനിക്ക് കിട്ടുക.

കുട്ടിക്കാലത്ത് എന്റെ കൂട്ടുകാരൻ കുഞ്ഞാണി (പരീക്കുട്ടി) റമസാനിൽ നോമ്പുതുറ കഴിഞ്ഞാൽ കൈ മണപ്പിച്ചുതരും. പ്രലോഭനീയമായ മണമാണത്. അത് ഇറച്ചിയുടെയും പത്തിരിയുടെയും ആണെന്നാണ് കുഞ്ഞാണി എന്നോട് പറയാറുള്ളത്. എന്റെ വീട്ടിൽ ഇറച്ചിയും മത്സ്യവും ഒന്നുമില്ല. അത് കഴിക്കണമെന്ന ആഗ്രഹം വല്ലാതെയുണ്ടായി. ഇറച്ചിയും പത്തിരിയും കഴിക്കണമെന്ന് പറഞ്ഞ് വീട്ടിലൊരിക്കൽ വലിയ ഭൂകമ്പം തന്നെയുണ്ടായി. നമ്പൂതിരിക്ക് സംബന്ധമുള്ള വീടാണ്. മത്സ്യ, മാംസാദികൾ പാടില്ല. പക്ഷേ, ഇത് എങ്ങനെയോ ആയിച്ചുമ്മുത്ത അതായത് കുഞ്ഞാണിയുടെ ഉമ്മയുടെ ഉമ്മ അറിഞ്ഞു.

ആയിച്ചുമ്മുത്തയും എന്റെ അമ്മമ്മയും സമപ്രായക്കാരാണ്. കുഞ്ഞാണിയുടെ ഉമ്മ ബീവിത്തയും എന്റെ അമ്മയും ഒരേപ്രായക്കാരാണ്. ഞാനും കുഞ്ഞാണിയും ഒരേ പ്രായക്കാരാണ്. ഒരേ വീടു പോലെയാണ് ഞങ്ങൾ അക്കാലത്ത് കഴിഞ്ഞിരുന്നത്. “ങ്ങള് കഴിക്കണ്ടാന്ന്, ആ കുട്ട്യോൾക്ക് കൊട്‌ത്തോളീ, അതോണ്ടൊന്നും ഒന്നൂണ്ടാകൂല്ലാ..’ എന്ന് പറഞ്ഞ് ആയിച്ചുമ്മുത്ത ഒരു കുണ്ടൻ പിഞ്ഞാണത്തിൽ സ്വകാര്യമായി അമ്മമ്മയെ ഒരു വിശേഷഭക്ഷണം ഏൽപ്പിച്ചു. കൈകൊണ്ട് മത്സ്യ മാംസാദികൾ തൊടാത്ത എന്റെ മുത്തശ്ശി എനിക്ക് വിളമ്പിത്തന്നത് ഒന്നാംതരം പോത്തിറച്ചിയും പത്തിരിയുമായിരുന്നു.

ഏഴോ എട്ടോ പ്രായമുള്ളപ്പോഴുണ്ടായ ആ സംഭവം ഇപ്പോഴും ഓർക്കുന്നു. ഇപ്പോഴും ഞാൻ പോത്തിറച്ചി കഴിക്കും. നിരക്ഷരരായ എന്റെ അമ്മമ്മയും ആയിച്ചുമ്മുത്തയും എന്നെ പഠിപ്പിച്ച ഭക്ഷണമാണത്. ഈ രാജ്യത്ത് ആര് ബീഫ് നിരോധിച്ചാലും അതെന്നെ ബാധിക്കുകയില്ലെന്ന് പറയാനുള്ള ഒരു ഭക്ഷണ സംസ്‌കാരം എനിക്കുണ്ടാക്കിത്തന്നത് ഈ നോമ്പുകാലത്തിന്റെ രുചിയാണ്. ഇത് തിരിച്ചുമുണ്ടാകും. പഴനുറുക്കും പപ്പടവുമൊക്കെ അന്ന് ഹിന്ദുഭവനങ്ങളിൽ ഓണക്കാലത്ത് മാത്രമേയുള്ളൂ. കുഞ്ഞാണിയുടെ വീട്ടിൽ പഴനുറുക്കും പപ്പടവുമൊക്കെ എത്തിച്ചത് എന്റെ വീട്ടിൽ നിന്നാണ്. വളരെ കഷ്ടപ്പാടാണ് അന്ന്. ഒരു കുല തികച്ച് വാങ്ങാനില്ലാത്ത കാലത്ത് ശങ്കുണ്ണിയുടെ കടയിൽ നിന്ന് കിലോ കണക്കിന് പഴം പുഴുങ്ങിക്കൊണ്ടുവന്ന്, മക്കളായ ഞങ്ങൾക്ക് തരാതെ ആയിച്ചുമ്മുത്തയുടെ വീട്ടിലും ആസ്യത്തയുടെ വീട്ടിലും കൊണ്ടുപോയി കൊടുക്കുമായിരുന്നു അമ്മമ്മ. ദാരിദ്ര്യ കാലത്തും ഈ സ്‌നേഹത്തിന്റെ രുചി അറിഞ്ഞിട്ടുണ്ട്. അമ്മമ്മയുടെയും ആയിച്ചുമ്മുത്തയുടെയും മനസ്സിൽ കളങ്കമില്ലായിരുന്നു. എന്റെ പേരക്കുട്ടി കഴിക്കുന്നത് കല്യാണിയുടെ പേരക്കുട്ടിക്ക് കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവനും അത് ലഭ്യമാക്കണമെന്ന ഒറ്റ ഉദ്ദേശ്യമേ അന്ന് ആയിച്ചുമ്മുത്തക്ക് ഉണ്ടായിരുന്നുള്ളൂ. ആയിച്ചുമ്മുത്ത തരുന്നത് വിഷമാണെങ്കിലും മക്കൾക്ക് കൊടുക്കാമെന്ന ഉത്തമ വിശ്വാസം എന്റെ അമ്മമ്മക്കുമുണ്ടായിരുന്നു. ഇത് മതേതരത്വം എന്ന് പറഞ്ഞ് ചെറുതാക്കേണ്ട ഒന്നല്ല. ഇത് മനുഷ്യവിവേകത്തിന്റെ ഏറ്റവും ആഴമേറിയ ഒരു പാഠമാണ്.
ഉറൂബിന്റെ ഒരു നോവലിൽ പറയുന്നുണ്ടല്ലോ: ഇരുമ്പൻ ഗോവിന്ദൻ നായർ മതം മാറി സുലൈമാനായി, കല്ലായ് കടവത്ത് മരച്ചാപ്പയിൽ ജോലി ചെയ്യുമ്പോൾ അവിടെ ചായക്കച്ചവടം നടത്തുകയായിരുന്ന ഖദീജയെ കല്യാണം കഴിക്കുന്നു. രണ്ട് മക്കളുമായി സുഖമായി ജീവിക്കുമ്പോഴാണ് ഗോവിന്ദൻ നായരായി ജീവിച്ച കാലത്ത് ജനിച്ച മകൻ വിശ്വനാഥൻ പുഴയിൽ ചാടി ചാകാൻ ശ്രമിക്കുന്നതും സുലൈമാൻ രക്ഷിക്കാൻ ഇടയാകുന്നതും. രക്ഷിച്ചതിന് ശേഷമാണ് ഇത് തന്റെ മകനാണെന്ന് സുലൈമാൻ അറിയുന്നത്. ഇത് ഭാര്യയോട് ഏറ്റുപറയുന്ന ഒരു സന്ദർഭം ഉറൂബ് എഴുതിയിട്ടുണ്ട്. ഇയാൾ ഗോവിന്ദൻ നായരായിരുന്നു എന്നതും മകനുണ്ടായിരുന്നു എന്നതും ഖദീജക്ക് ആദ്യത്തെ അറിവാണ്. “ഖദീജാ, നിനക്കിത് താങ്ങാൻ കയ്യ്യോ’യെന്ന് ചോദിച്ച് ഖദീജയുടെ സ്‌തോഭം കാണാൻ മുഖമുയർത്തിയ സുലൈമാനോട് അവർ പറയുന്നുണ്ട്: “അതെന്ത്യേ, ഇന്റെ രണ്ട് മക്കളെ ഇങ്ങള് പോറ്റ്ണില്ലേ. അപ്പോ, ങ്ങടെ മോൻ ന്റെ മോനുമ്പാടല്ലേന്ന്.’ ആ നിമിഷത്തിലേത് പോലെ അത്രയും സുന്ദരിയായി ആ കുടുംബിനിയെ അയാളൊരിക്കലും കണ്ടിട്ടില്ല എന്നുകൂടി ഉറൂബ് എഴുതി വെക്കുന്നുണ്ട്. നാട്ടുസൗന്ദര്യത്തെ കുറിച്ച് ഉറൂബ് പറഞ്ഞ ഒരു ദർശനമുണ്ട്. “ഇന്റെ രണ്ട് മക്കളെ ഇങ്ങള് പോറ്റ്ണില്ലേ. അപ്പോ, ങ്ങടെ മോൻ ന്റെ മോനുമ്പാടല്ലേ,’ അത് നിരക്ഷരരായ എന്റെ അമ്മമ്മക്കും ആയിച്ചുമ്മുത്തക്കും അറിയാമായിരുന്നു. എന്റെ മോനെയോ പേരക്കുട്ടിയോ പോലെത്തന്നെയാണ് കല്യാണിയമ്മയുടെ മോനും. നൂറ് വയസ്സിൽ മരിക്കുന്നത് വരെ ആ ഉമ്മ ആ സ്‌നേഹം എനിക്ക് തന്നിരുന്നു. ഞാനെന്റെ അമ്മമ്മയെ ഓർക്കുമ്പോൾ ഈ ഉമ്മയെയും ഓർക്കും.

ആ രുചി, റമസാൻ മാസത്തിൽ കഴിഞ്ഞ പോത്തിറച്ചിയുടെയും പത്തിരിയുടെയും മാത്രം രുചിയല്ല, അത് സ്‌നേഹത്തിന്റെ രുചിയാണ്. ആയിച്ചുമ്മുത്ത തന്ന എന്റെ അമ്മമ്മ വിളമ്പിത്തന്ന ആ ഭക്ഷണത്തിൽ സ്‌നേഹം കൂടി ചേർത്തിട്ടുണ്ടായിരുന്നു. ഇന്ന് ആഘോഷപൂർവം വലിയ ഇഫ്താർ വിരുന്നുകളൊക്കെ നടക്കുന്നു. ആ ദാരിദ്ര്യ കാലത്തെ ആ പോത്തിറച്ചിയിലെ സ്‌നേഹത്തിന്റെ രുചി എന്തുകൊണ്ടോ ഈ ഇഫ്താർ വിരുന്നുകളിലൊക്കെ പങ്കെടുക്കുമ്പോഴും എനിക്ക് കിട്ടുന്നില്ല. നമ്മൾ കൂടുതൽ പ്രകടനപരമായ രീതിയിലേക്ക് മാറുന്നു. രുചി പ്രകടനത്തിന്റെതല്ല, സ്‌നേഹത്തിന്റെ, പങ്കുചേരലിന്റെ, ആത്മാർഥതയുടെ രുചിയാണ്. ആ സത്യസന്ധമായ രുചിയാണ് പെരുന്നാൾ തിരിച്ചുപിടിക്കേണ്ടത്. മതങ്ങളോ ജാതിയോ ഒന്നും ഒരു വിശുദ്ധ ഗ്രന്ഥവും മനുഷ്യനെ വിലക്കിയിട്ടില്ലാത്ത മഹത്തായ സ്‌നേഹത്തിന്റെ ഐക്യപ്പെടലാണ്. “നിങ്ങളെ നാം ഒരു സ്ത്രീയിൽ നിന്നും പുരുഷനിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു, നിങ്ങൾക്ക് വിവിധ ഗോത്രങ്ങളുടെ അടയാള വ്യത്യാസങ്ങൾ തന്നിരിക്കുന്നത് നിങ്ങൾ തമ്മിൽത്തമ്മിൽ തിരിച്ചറിയാൻ വേണ്ടി മാത്രമാണ്.’ ആ വിവേകം ആ സ്‌നേഹത്തിന്റെ രുചി നമ്മുടെ അനന്തര തലമുറകൾക്കുണ്ടാകട്ടെ. നമ്മൾ ജീവിച്ചതിലും സ്‌നേഹവും സാഹോദര്യവും ശാന്തിയും സൗഹൃദവും സമാധാനവുമുള്ള ലോകത്ത് നമ്മുടെ മക്കൾ, നമ്മുടെ പേരക്കുട്ടികൾ വളരാനിടവരട്ടെ. എല്ലാ സത്യവിശ്വാസികൾക്കും പെരുന്നാൾ ആശംസകൾ…

തയ്യാറാക്കിയത്: സുധീർ പള്ളിക്കര
.