Connect with us

Kerala

സ്ഫുടം ചെയ്ത മനസ്സുമായി വിശ്വാസികൾക്ക് നാളെ പെരുന്നാൾ സന്തോഷം

Published

|

Last Updated

കോഴിക്കോട്: ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിലൂടെ ആത്മ സംസ്‌കരണം നടത്തിയ മനസും ശരീരവുമായി വിശ്വാസി ലോകത്തിന് നാളെ ആഹ്ലാദത്തിന്റെ ചെറിയ പെരുന്നാള്‍. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഏറെ ആശങ്കയോടെയാണ് ഇത്തവണ പെരുന്നാള്‍ ആഘോഷത്തിലേക്ക് വിശ്വാസികള്‍ കടക്കുന്നത്.
പ്രപഞ്ചനാഥനു വേണ്ടി അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും ധാനധര്‍മങ്ങളില്‍ മുഴുകിയും രാത്രികള്‍ പ്രാര്‍ഥന കൊണ്ട് സമ്പന്നമാക്കിയും പുണ്യങ്ങളുടെ നിറവസന്തം തീര്‍ത്ത മുപ്പത് ദിന-രാത്രങ്ങളുടെ ധന്യതയോടെയാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദിന്റെ സന്ദേശവും സന്തോഷവും വിളിച്ചറിയിച്ച് ആല്ലാഹുവിന്റെ ഏകത്വവും മഹത്വവും വാഴ്ത്തി ( അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്) എന്ന തക്ബീര്‍ ധ്വനികള്‍ മുഴക്കിയാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്.

റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയ ഇന്ന് സായാഹ്നത്തോടെ നിര്‍ബന്ധ ദാനദര്‍മമായ ഫിത്വര്‍ സക്കാത്ത് കൊടുത്ത് വീട്ടിയാണ് ആഘോഷത്തിലേക്ക് കടക്കുന്നത്. അന്നത്തെ ചെലവിനുള്ളവ മാറ്റി വെച്ച് വീട്ടില്‍ എന്തെങ്കിലും മിച്ചമുണ്ടെങ്കില്‍ എല്ലാവരും സാധുക്കള്‍ക്ക് നിര്‍ബന്ധമായും വിതരണം ചെയ്യേണ്ട ഒന്നാണ് ഫിത്വര്‍ സക്കാത്ത്. ഫിത്വര്‍ സക്കാത്ത് വിതരണത്തിലൂടെ ഇല്ലാത്തവനും ആഘോഷത്തിന് വഴിയൊരുക്കുക എന്നതാണ് ലക്ഷ്യം. ഈദ് നല്‍കുന്ന സമഭാവനയുടെ മഹത്തായ സന്ദേശം കൂടിയാണിത്. വിദ്വേഷവും ശത്രുതയും മറന്ന് പരസ്പരം സ്‌നേഹിക്കുവാനും സൗഹൃദവും സന്തോഷവും പങ്കുവെക്കുവാനും ദാനദര്‍മങ്ങള്‍ അധികരിപ്പിക്കാനുമാണ് പെരുന്നാള്‍ ഉദ്‌ഘോഷിക്കുന്നത്. മാനസികവും ശാരീരികവുമായ നിയന്ത്രണങ്ങളിലൂടെ റമസാനില്‍ ആര്‍ജിച്ചെടുത്ത മൂല്ല്യങ്ങളെ, ശിക്ഷണങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ പെരുന്നാള്‍ വിശ്വാസികളെ ഓര്‍മപ്പെടുത്തുന്നു.

പെരുന്നാള്‍ ദിനം രാവിലെ കുളിച്ച് പുതുവസ്ത്രങ്ങളണിഞ്ഞ്, സുഗന്ധം പൂശി, മസ്ജിദുകളിലെത്തി ചെറിയ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക. തുടര്‍ന്ന് ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദര്‍ശനം നടത്തി സൗഹൃദം പുതുക്കി ഈദാശംസകള്‍ കൈമാറും. വിവിധ മസ്ജിദുകളിള്‍ നടക്കുന്ന പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും.