Connect with us

Ongoing News

ജയിക്കാനായി പരാജിതരുടെ പോരാട്ടം; ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ ബാറ്റിംഗിനയച്ചു

Published

|

Last Updated

കാന്‍ഡിഫ്: ലോകകപ്പില്‍ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ ബാറ്റിംഗിനയച്ചു. മുന്‍ മത്സരങ്ങളില്‍ പരാജയത്തിന്‍െ കയ്പ്പറിഞ്ഞ ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമാണിത്. കണക്കുകളില്‍ ശ്രീലങ്കക്കാണ് മുന്‍തൂക്കം. എന്നാല്‍, പോരാട്ടവീര്യത്തില്‍ അഫ്ഗാനാണ് ഒരുപടി മുന്നില്‍. കരുത്തര്‍ക്ക് മുന്നില്‍ തോറ്റുപോയവരാണ് അഫ്ഗാനിസ്ഥാനും ശ്രീലങ്കയും. ഒരേസമയം ബോളിംഗ് നിരയും ബാറ്റിംഗ് നിരയും തകര്‍ന്ന് പോയ കാഴ്ചയാണ് ഇരുടീമുകളുടെയും അവസാന മത്സരങ്ങളില്‍ നാം കണ്ടത്. ജയിച്ചു കാണിക്കാനുള്ള തീവ്രശ്രമം തന്നെയാകും അഫ്ഗാന്റെയും ലങ്കയുടെയും താരങ്ങള്‍ നടത്തുക.

പരിചയ സമ്പത്തിലും താരങ്ങളുടെ പ്രകടന മികവിലും മുന്‍തൂക്കമുള്ളത് ശ്രീലങ്കക്ക് തന്നെയാണ്. എന്നാല്‍, അട്ടിമറികളും ഏത് കരുത്തര്‍ക്ക് മുമ്പിലും വിസ്മയകരമായ ചെറുത്ത് നില്‍പ്പും നടത്തുന്ന അഫ്ഗാനിസ്ഥാന് കായിക ലോകം വിജയപ്രതീക്ഷ നല്‍കുന്നുണ്ട്. 53 ശതമാനം സാധ്യത മാത്രമാണ് 1996ലെ ലോകകപ്പ് ജേതാക്കളായ ശ്രീലങ്കക്ക് ക്രിക്കറ്റ് വിദഗ്ധര്‍ നല്‍കുന്നത്. അഫ്ഗാനിസ്ഥാന് 47 ശതമാനം വിജയ സാധ്യത കല്‍പ്പിക്കുന്നവരാണ് നല്ലൊരു ശതമാനവും ക്രിക്കറ്റ് വിദഗ്ധര്‍.

ന്യൂസിലാന്‍ഡും ആസ്ത്രേലിയയുമായിരുന്നു യഥാക്രമം ശ്രീലങ്കയുടെയും അഫ്ഗാനിസ്ഥാന്റെയും എതിരാളികള്‍. ഈ മത്സരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അഫ്ഗാനിസ്ഥാന് പ്രതീക്ഷിക്കാനുള്ള വകയുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇരുടീമുകളും തങ്ങളുടെ ഇന്നിംഗ്സ് 40 ഓവര്‍ തികക്കുന്നതിന് മുമ്പ് അവസാനിപ്പിച്ചിരുന്നു. പത്ത് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്ഥാന് 38.2 ഓവറില്‍ 207 റണ്‍സ് എടുക്കാന്‍ സാധിച്ചപ്പോള്‍ ശ്രീലങ്കയുടെ സ്‌കോര്‍ 29.2 ഓവറില്‍ 136ല്‍ ഒതുങ്ങിയിരുന്നു. ഈ മത്സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ബോളിംഗ് പ്രകടനത്തിലും ശ്രീലങ്കയേക്കാള്‍ മുന്‍തൂക്കം അഫ്ഗാനിസ്ഥാനാണെന്ന് കാണാം.

ന്യൂസിലാന്‍ഡിന്റെ വിജയം പത്ത് വിക്കറ്റിനായിരുന്നെങ്കില്‍ ആസ്ത്രേലിയ ലക്ഷ്യത്തിലെത്തിയത് മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു. ശ്രീലങ്കയുടെ സ്‌കോര്‍ മറികടക്കാന്‍ ന്യൂസിലാന്‍ഡിന് 16.1 ഓവര്‍ മാത്രമാണ് വേണ്ടിവന്നതെങ്കില്‍ അഫ്ഗാനിസ്ഥാന്റെ സ്‌കോര്‍ മറികടക്കാന്‍ ആസ്ത്രേലിയക്ക് 34.5 ഓവര്‍ വേണ്ടിവന്നു. ഇന്നത്തെ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെക്കാള്‍ ഏറെ സമ്മര്‍ദമുള്ളതും ശ്രീലങ്കക്കാണ്.

---- facebook comment plugin here -----

Latest