ആരും ഭയപ്പെടേണ്ട; നിപ നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജം- മന്ത്രി ശൈലജ

Posted on: June 4, 2019 10:11 am | Last updated: June 4, 2019 at 1:08 pm

കൊച്ചി: സംസ്ഥാനത്ത് യുദ്ധകാലടിസ്ഥാനത്തില്‍ നിപ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപ സ്ഥിരീകരിച്ച വിവരം ഔദ്യോഗികമായി അറിയിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ആരും ഭയപ്പെടേണ്ട സഹാചര്യമില്ല. രോഗം നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജംമാണെന്നും ഇവര്‍ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച 21കാരനുമായി അടുത്ത് ഇടപഴകിയവരെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരീക്ഷിച്ചു വരികയാണ്. വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പരിചരിച്ച മാതാവും മാതൃസഹോദരിയും സ്വന്തം സഹോദരിയും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവരെ ആശുപത്രിയില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്.

വിദ്യാര്‍ഥി കഴിഞ്ഞ രണ്ടാഴ്ചക്കിടെ സഞ്ചരിച്ച സ്ഥലങ്ങളിലും അടുത്ത് ഇടപഴകിയ ആളുകളേയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതോടെ കോണ്‍ടാക്ട് ലിസ്റ്റില്‍ കൂടുതല്‍ പേര്‍ വന്നേക്കും.

തൊടുപുഴയിലെ എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥി സെമസ്റ്റര്‍ എക്‌സാം കഴിഞ്ഞ് കോളേജ് അടച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. പിന്നീട് തൃശ്ശൂരില്‍ ഒരു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഈ പരിശീലന പരിപാടിക്കിടെ പനി വന്നതിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി.

ആദ്യം പ്രദേശത്തെ ഒരു ആരോഗ്യകേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പനിക്ക് ചികിത്സ തേടി. പനി കുറയാതെ വന്നതോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ആദ്യം ജനറല്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. വിദ്യാര്‍ഥിക്ക് പനി കുറയാതെ വന്നതോടെ വിദഗ്ദ ചികിത്സകള്‍ക്ക് വിധേയനാക്കി. ഇതിനിടയിലാണ് നിപ ബാധ സംബന്ധിച്ച് സംശയം ഉണരുന്നത്.

ആലപ്പുഴയിലെ വൈറോളജി ലാബില്‍ നിന്നുമുള്ള രക്ത പരിശോധനാ ഫലം വന്നതോടെ വിദ്യാര്‍ഥിയുമായി കഴിഞ്ഞ രണ്ടാഴ്ച സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും കണ്ടെത്താനുള്ള ശ്രമം ആരോഗ്യ വകുപ്പ് ആരംഭിച്ചിരുന്നു
കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആര്‍ക്കും തന്നെ പനിയോ ചുമയോ പോലുള്ള രോഗ ലക്ഷണങ്ങളൊന്നും ഉള്ളതായി വിവരമില്ലെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. താത്കാലം മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങള്‍ കാണുന്ന പക്ഷം അറിയിക്കണമെന്നും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ത്ഥി പഠിച്ച തൊടുപുഴയിലെ കോളേജും പരിസരവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. നിപ വൈറസ് വിദ്യാര്‍ഥിയില്‍ എത്തിയത് തൊടുപുഴ വച്ചാവാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ്.