Connect with us

National

മകന്റെ തോല്‍വിയില്‍ സച്ചിന്‍ പൈലറ്റിനെ വിമര്‍ശിച്ച് അശോക് ഖെലോട്ട്

Published

|

Last Updated

ജയ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ മകന്റെ തോല്‍വിക്ക് പാര്‍ട്ടി നേതാവായ പി സി സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനെ കുറ്റപ്പെടുത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട്. നേരത്തെ രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിക്ക് കാരണം നേതാക്കള്‍ മക്കളുടെ സീറ്റിന് വേണ്ടി മാത്രം പ്രവര്‍ത്തിച്ചതിനാലാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ വിശ്വസ്തനായ സച്ചിന് പൈലറ്റിനെതിരെ വിമര്‍ശനവുമായി ഖെലോട്ട് രംഗത്തെത്തിയതെന്ന് ശ്രദ്ധേയമാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സംസ്ഥാന കോണ്‍ഗ്രസിലെ തമ്മിലടി സൂചിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഖെലോട്ട് നടത്തിയിരിക്കുന്നത്.

തന്റെ ശക്തികേന്ദ്രമായിരുന്നു മകന്‍ വൈഭവ് ഖെലോട്ട് മത്സരിച്ച ജോധ്പൂര്‍.  ജോധ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും അഞ്ചു തവണ ഖെലോട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജോധ്പൂരില്‍ വലിയ മാര്‍ജിനില്‍ തന്റെ മകന് ജയിക്കാന്‍ കഴിയുമെന്ന് സച്ചിന്‍ പൈലറ്റിന് ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനാണ് തോല്‍വിയുടെ ഉത്തരവാദിത്തമെന്ന് എനിക്കു തോന്നുന്നു-ഖെലോട്ട് പറഞ്ഞു.
“മുഖ്യമന്ത്രിയ്ക്കാണോ പി സി സി അധ്യക്ഷനാണോ ഉത്തരവാദിത്തമെന്ന് ആരെങ്കിലും ചോദിച്ചാല്‍ കൂട്ടുത്തരവാദിത്തമാണെന്നാണ് എന്റെ മറുപടി”യെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച് ആറ് മാസത്തിനകമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത തിരച്ചടി നേരിടുന്നത്. തോല്‍വിയ്ക്കു പിന്നാലെ അശോക് ഖെലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും അനുയായികള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നത് പതിവായിരിക്കുകയാണ്.

;