Connect with us

Kerala

നിപ: പൂന വൈറോളജി ലാബില്‍നിന്നുള്ള പരിശോധന ഫലം കാത്ത് കേരളം;86 പേര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

കൊച്ചി: പനി ബാധിച്ച് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള രക്ത സാമ്പിളിന്റെ പരിശോധന ഫലം ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോടെയോ എത്തുമെന്നാണ് കരുതുന്നത്

ഫലം ലഭിച്ചിട്ടില്ലെങ്കിലും നിപയാണെന്നു കരുതിയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഉന്നതതല യോഗത്തിന് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിപ സംശയിക്കുന്ന യുവാവിന്റെ നില തൃപ്തികരമാണ്. യുവാവുമായി അടുത്തിടപഴകിയ 86 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

പനി ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന യുവാവിന് നിപ സംശയിക്കുന്നതായി ആരോഗ്യമന്ത്രി തിങ്കളാഴ്ച രാവിലെയാണ് വ്യക്തമാക്കിയത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം നിപയുടെ സൂചനകള്‍ നല്‍കുന്നുവെന്നും പുനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം കൂടി ലഭിച്ചാലെ സ്ഥിരീകരിക്കാനാകുവെന്നും മന്ത്രി വ്യക്തമാക്കി.നിപ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ സന്നാഹങ്ങള്‍ വിപുലമാക്കി. കളമശേരി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നു.കലക്ടറുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് 1077 എന്ന നമ്പറില്‍ വിളിച്ചാല്‍ കോള്‍സെന്ററില്‍നിന്നും വിവരങ്ങള്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ ബാധയുണ്ടായപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയും ആരോഗ്യപ്രവര്‍ത്തകരേയും എറണാകുളത്ത് എത്തിച്ചിട്ടുണ്ട്.