മലേഗാവ് സ്‌ഫോടനം: പ്രഗ്യക്ക് ഇളവില്ല; ആഴ്ചയിലൊരിക്കല്‍ വിചാരണക്ക് ഹാജരാകണമെന്ന് കോടതി

Posted on: June 3, 2019 3:21 pm | Last updated: June 3, 2019 at 5:02 pm

ന്യൂഡല്‍ഹി: മലേഗോവ് സ്‌ഫോടന കേസില്‍ ഭോപാല്‍ എം പി. പ്രഗ്യാ സിംഗ് താക്കൂറിന് തിരിച്ചടി. വിചാരണ വേളയില്‍ ആഴ്ചയിലൊരിക്കല്‍ പ്രഗ്യ കോടതയില്‍ ഹാജരാകണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യുടെ പ്രത്യേക കോടതി ഉത്തരവിട്ടു. മലേഗാവ് സ്‌ഫോടന കേസിലെ പ്രധാന പ്രതികളിലൊരാളാണ് താക്കൂര്‍.

കേസിലെ മുഴുവന്‍ പ്രതികളും വിചാരണ വേളയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, നേരിട്ട് ഹാജരാകണമെന്നതില്‍ പ്രഗ്യക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ അഭിഭാഷകന്‍ തിങ്കളാഴ്ച ഹരജി നല്‍കി. ഇത് തള്ളിക്കൊണ്ടാണ് കോടതി നിര്‍ദേശം. എം പിയായി തിരഞ്ഞെടുക്കപ്പെട്ട പ്രഗ്യക്ക് ജൂണ്‍ ഏഴു വരെ ഡല്‍ഹിയില്‍ തിരക്കിട്ട പരിപാടികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

അതേസമയം, ജൂണ്‍ ഏഴു വരെ പാര്‍ലിമെന്റില്‍ പ്രധാനപ്പെട്ട കാര്യങ്ങളൊന്നും നടക്കാനില്ലെന്നുള്ളതു കൊണ്ട് ഈയാഴ്ച നടക്കുന്ന വിചാരണയില്‍ പ്രഗ്യ ഹാജരാകുക തന്നെ വേണമെന്ന് കോടതി പറഞ്ഞു. പ്രഗ്യ ഹാജരായില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.
ഭോപാലില്‍ തിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ദിഗ് വിജയ സിംഗിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യ ലോക്‌സഭയിലെത്തിയത്. തീവ്രവാദ കേസിലെ പ്രതിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ അവര്‍ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.