Connect with us

Kerala

എറണാകുളത്ത് പനി ബാധിച്ച രോഗിക്ക് നിപയെന്ന് സംശയം ബലപ്പെടുന്നു

Published

|

Last Updated

കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂനെ വൈറോളജി ഇസ്റ്റിറ്റിയൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. ജനങ്ങള്‍ ഭയപ്പെടേണ്ട. എന്നാല്‍ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജിലും ചികിത്സക്കായുള്ള എല്ലാ സൗകര്യവും ഒരുക്കി. കോഴിക്കോട് നിപയുണ്ടായപ്പോള്‍ ആസ്‌ത്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് വൈറോളജി ഇന്‍സിറ്റിറ്റിയൂട്ടിലുണ്ട്. രോഗം സ്ഥിരീകരിച്ച ഉടന്‍ ഇത് നല്‍കി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
മൂന്ന് മെഡിക്കല്‍ കോളജിലും രോഗി ചികിത്സയിലുള്ള കളമശ്ശേരിയിലും ഐസലോഷന്‍ വാര്‍ഡ് തുറന്നു. തൃശൂര്‍ ജില്ലാ ആശുപത്രിയിലും ഐസലോഷന്‍ വാര്‍ഡ് തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രി രോഗി ചികിത്സയിലുള്ള കളമശ്ശേരിയിലേക്ക് തിരിച്ചു.

അതിനിടെ ആരോഗ്യ രംഗത്തെ ഉന്നതതല സംഘം കളമശ്ശേരി ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സംഘം പറയുന്നത്.
കോഴിക്കോട് നിപ നോഡല്‍ ഓഫീസര്‍മാരായിരുന്ന ഡോ. ചാന്ദ്‌നി, ഡോ. ഷീല എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം മൂന്ന് മണിയോടെ എറണാകുളത്ത് എത്തും. നിപ കാലത്ത് കോഴിക്കോട്ട് രോഗികളെ പരിചരിച്ച നേഴ്‌സുമാരും സംഘത്തിലുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം മണിക്കൂറുകള്‍ക്കകം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തൃശൂരില്‍ ആറും ചികിത്സയിലുള്ള ബന്ധുക്കളും തൊടുപുഴയിലെ സഹപാഠികളുമടക്കം 50 ഓളം പേര്‍ നിരീക്ഷണത്തിലുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കും പനിയില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

വിദ്യാര്‍ഥിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് എറണാകുളം ഡി എം ഒ അറിയിച്ചു. ചെറിയ രൂപത്തിലുള്ള ഭക്ഷണം കഴിച്ചെന്നും സംസാരിച്ചെന്നും ഡി എം ഒ അറിയിച്ചു. എറണാകുളത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

ആലപ്പുഴയില്‍ നിന്നുള്ള റിപ്പോര്‍ട്ട് നിപയെന്ന സംശയം നിലനിര്‍ത്തുന്നു. കഠിനമായ ചുമയും പനിയും ഉണ്ടെങ്കില്‍ ആരും മറച്ച് വെക്കരുത്. എത്രയും പെട്ടന്ന് ചികിത്സ തേടണം. സംശയം മാത്രമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കോണ്‍ടാക്റ്റ് ട്രെയിസിങ്ങിനുള്ള നടപടികളടക്കം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറഞ്ഞ ആരോഗ്യമന്ത്രി. നിപയാണെന്ന് കണ്ടെത്തിയാല്‍ അത് മറച്ച് വക്കില്ല എന്ന് വ്യക്തമാക്കി. നിപയാണെങ്കില്‍ അത് ഉടന്‍ തന്നെ ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.

കോച്ചിയില്‍ ആരോഗ്യ സെക്രട്ടറിയുടെ യോഗം വളിച്ചു. തൃശൂരിലും ഡി എം ഒയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു. ഇടുക്കിയില്‍ നിന്നാകാം രോഗം എത്തിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ പത്ത് ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്. നിപാ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. വൈറസ് ഏതെന്ന് സ്വകാര്യ ആശുപത്രിയില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്.