Connect with us

Articles

പുകയിലയെ വെറുക്കണം, ഉറച്ച തീരുമാനത്തോടെ

Published

|

Last Updated

ഒരിക്കൽ കൂടി ലോക പുകയില വിരുദ്ധദിനം (മെയ് 31) കടന്നു പോയിരിക്കുന്നു. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും വൈയക്തികവും ബൗദ്ധികവുമായ വളർച്ചക്ക് പുകവലി വളരെയധികം ഭീഷണി ഉയർത്തുന്നുണ്ട്. മനുഷ്യന്റെ ആയുസ്സെത്താതെയുള്ള മരണത്തിന് മുഖ്യകാരണം പുകവലിയാണ്. 85 ശതമാനം ശ്വാസകോശ ക്യാൻസറും 60 ശതമാനം തൊണ്ട, വായ്, അന്നനാള ക്യാൻസറുകളും 28 ശതമാനം മറ്റു ക്യാൻസറുകളും പുകയില മൂലം ഉണ്ടാകുന്നതാണ്. ക്യാൻസർ മരണങ്ങളിൽ 80- 90 ശതമാനവും തൊണ്ടയിലോ വായിലോ ക്യാൻസർ വന്നാണ് മരിക്കുന്നത്. ഇവിടെയും വില്ലൻ പുകവലിയാണ്.
ലോക ജനസംഖ്യയിൽ പത്തിലൊന്നു വീതം പുകയില ജന്യങ്ങളായ രോഗങ്ങൾ മൂലം മരിക്കുന്നു. ലോകത്ത് ആറ് സെക്കൻഡിൽ ഒരാൾ വീതം പുകയില ഉപയോഗം മൂലം മരിക്കുന്നുണ്ട്. ഇന്ത്യയിൽ ഓരോ വർഷവും പുകയില മൂലം എട്ട്, ഒമ്പത് ലക്ഷം പേർ മരിക്കുന്നു. പുകവലിക്കുന്നയാളുടെ സമയത്തിൽ മണിക്കൂറിന് 55 മിനുട്ടേയുള്ളൂ. അയാൾ വലിക്കുന്ന ഓരോ സിഗരറ്റും സ്വന്തം ആയുസ്സിൽ നിന്ന് അഞ്ച് മിനുട്ട് വീതം വെട്ടിക്കുറക്കുന്നു. 25 വയസ്സുള്ള ചെറുപ്പക്കാരൻ ദിവസം ശരാശരി 20 സിഗരറ്റ് വലിച്ചാൽ അയാൾ അഞ്ച് വർഷം നേരത്തേ മരിക്കും. പുകവലിക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്‌രോഗങ്ങൾ വരാനുള്ള സാധ്യത 70 ശതമാനം കൂടുതലാണ്. ശ്വാസകോശ ക്യാൻസർ വരാനുള്ള സാധ്യത 25 ശതമാനം കൂടുതലാണ്.

പുകയില ഉത്പന്നങ്ങളിൽ ബെൻസീൻ, ഫോർമാൽ ഡിഹൈഡ്, മെത്തനോൾ, അസറ്റിലിൻ, അമോണിയ മുതലായ വിഷാംശങ്ങളും നൈട്രിക് ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് മുതലായ വിഷവും അടങ്ങിയിട്ടുണ്ട്. പുകയില ചെടിയുടെ ഇലയായ പുകയിലയിൽ നിക്കോട്ടിൻ എന്ന ലഹരി വസ്തു അടങ്ങിയിട്ടുണ്ട്. മറ്റുള്ള ലഹരി വസ്തുക്കൾ പോലെ തന്നെ ഉപയോഗിക്കുന്ന ആളിനെ അതിന്റെ അടിമയാക്കാനുള്ള കഴിവ് പുകയിലയിലുണ്ട്. നിക്കോട്ടിൻ ആണ് പുകവലിയോട് ആസക്തിയുണ്ടാക്കുന്നത്. പുകയിലയിൽ അടങ്ങിയിരിക്കുന്ന ഏറ്റവും മാരകമായ വിഷവസ്തുവാണ് നിക്കോട്ടിൻ. കാർബൺ, ഹൈഡ്രജൻ, നൈട്രജൻ എന്നിവയുടെ സംയുക്തമാണ് നിക്കോട്ടിൻ എന്ന വിഷവസ്തു (C10H14B2). അരത്തുള്ളി ഗാഢലായനിക്ക് ഒരാളെ കൊല്ലുവാൻ കഴിയും.

ബീഡി, സിഗരറ്റ്, സിഗാർ, ഹുക്ക, ഇ- സിഗരറ്റ് (ഇലക്ട്രോണിക് സിഗരറ്റ്) പൈപ്പ്, പാൻമസാല, പുകയില, മുറുക്ക്, മൂക്കിപ്പൊടി തുടങ്ങിയവയാണ് പുകയില ഉത്പന്നങ്ങൾ. ഉപയോഗിക്കുന്നയാൾ മാത്രമല്ല അടുത്തിരിക്കുന്നവരും പുകവലിയുടെ ഇരകളാണ്. പുകവലിക്കാതെ, മറ്റുള്ളവർ പുക വലിക്കുമ്പോൾ ആ പുകശ്വസിക്കുന്ന അവസ്ഥയാണ് നിഷ്‌ക്രിയ ധൂമപാനം (passive smoking). പൊതുസ്ഥലത്തു പുകവലിക്കുമ്പോൾ പരിസരത്ത് നിൽക്കുന്നവരും നിഷ്‌ക്രിയ ധൂമപാനത്തിന് ഇരകളായിത്തീരുന്നു. ഗർഭിണി പുകവലിച്ചാലും ഗർഭിണിയുടെ അടുത്തിരുന്ന് മറ്റൊരാൾ പുകവലിച്ചാലും അത് ഗർഭസ്ഥ ശിശുവിനെ ബാധിക്കും. കുഞ്ഞിന് ശരീരഭാരം കുറയാനും മാസം തികയാതെ പ്രസവിക്കാനും ഗർഭഛിദ്രം ഉണ്ടാകാനും ചാപിള്ള ജനിക്കാനും സാധ്യതയുണ്ട്. കൂടാതെ ബുദ്ധിമാന്ദ്യം, ശ്രദ്ധക്കുറവ്, സാമൂഹിക വൈകല്യങ്ങൾ, ആന്തരികാവയവങ്ങളുടെയും തലച്ചോറിലെയും വൈകല്യങ്ങൾ, ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയും കുഞ്ഞിന് സംഭവിക്കാം. ഭാവിയിൽ ക്യാൻസറും ഉണ്ടാകാനിടയുണ്ട്.

പുകവലി മൂലം ക്യാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ബ്രോങ്കൈറ്റിസ്, വന്ധ്യത, അൽഷിമേഴ്‌സ്, ക്ഷയം, പക്ഷാഘാതം, ധമനി രോഗങ്ങൾ, ആമാശയ കുടൽ വ്രണങ്ങൾ, വലിവ്, ന്യുമോണിയ, ടോൺസലൈറ്റിസ്, ചർമം കരുവാളിക്കൽ, പല്ലിന് കേടുകൾ, വായിൽ വ്രണങ്ങൾ തുടങ്ങിയവയുണ്ടാകാം. ഉറച്ച തീരുമാനമെടുത്തും കൗൺസിലിംഗ് വഴിയും മരുന്നു കഴിച്ചും പുകവലി മാറ്റുവാൻ സാധിക്കും. പുകവലിക്കാൻ തോന്നുമ്പോൾ പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവ പരീക്ഷിക്കാം. ധാരാളം വെള്ളംകുടിക്കുന്നതു വഴി ശരീരത്തിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിനെ പുറംതള്ളി പുകവലി ശീലം കുറക്കാം. പുകവലി ഉപേക്ഷിച്ചാൽ ആറ് മാസത്തിനുള്ളിൽ പുകവലി മൂലമുണ്ടായ ഭവിഷ്യത്തുകളിൽ നിന്ന് വിമുക്തി നേടാനാകും. വിട പറയാം പുകവലിയോട്, സാധ്യമാക്കാം പുകയിലവിമുക്ത ജീവിതം.

അഡ്വ. ചാർളി പോൾ

---- facebook comment plugin here -----

Latest