Connect with us

National

പകരത്തിനു പകരം; ബീഹാറില്‍ ബി ജെ പിയെ തഴഞ്ഞ് നിതീഷ് കുമാറിന്റെ മന്ത്രിസഭാ വികസനം

Published

|

Last Updated

ന്യൂഡല്‍ഹി: ബീഹാറില്‍ സഖ്യ കക്ഷികളായ ബി ജെ പിയെയും എല്‍ ജെ പിയെയും തഴഞ്ഞ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മന്ത്രിസഭാ വികസനം. മന്ത്രിസഭയില്‍ പുതുതായി ഉള്‍പ്പെടുത്തിയ എട്ടുപേരും നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുവില്‍ നിന്നുള്ളവരാണ്. അശോക് ചൗധരി, ശ്യാം രജക്, നരേന്ദ്ര നാരായണ്‍ യാദവ്, സഞ്ജയ് ഝാ, രാംസേവക് സിംഗ്, ലക്ഷ്‌മേശ്വര്‍ റായ്, നീരജ് കുമാര്‍, ബിമാ ഭാരതി എന്നിവരാണ് പുതുതായി സ്ഥാനമേറ്റ മന്ത്രിമാര്‍. ഇവരില്‍ അഞ്ചു പേരും പുതുമുഖങ്ങളാണ്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ലാല്‍ജി ഠണ്ടന്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

തങ്ങള്‍ ആവശ്യപ്പെട്ട എണ്ണം മന്ത്രി സ്ഥാനങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറില്‍ നിന്ന് ഒഴിവായി മൂന്നു ദിവസത്തിനകമാണ് നിതീഷ് മന്ത്രിസഭ വികസിപ്പിച്ചത്. കേന്ദ്ര സര്‍ക്കാറില്‍ ഒരു മന്ത്രിസ്ഥാനം മാത്രമാണ് ജെ ഡി യുവിന് അനുവദിച്ചത്. എന്നാല്‍, പാര്‍ട്ടികള്‍ക്ക് പാര്‍ലിമെന്റിലുള്ള അംഗബലത്തിന് അനുസരിച്ചാകണം മന്ത്രിസഭയിലെ പ്രാതിനിധ്യമെന്ന് വ്യക്തമാക്കി നിതീഷ് ഇത് നിഷേധിക്കുകയായിരുന്നു. വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന കേന്ദ്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നു.

വികസനത്തോടെ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ അംഗ സംഖ്യ 25ല്‍ നിന്ന് 33 ആയി ഉയര്‍ന്നു. ബി ജെ പിയുമായി സഖ്യം ചേര്‍ന്നാണ് ജെ ഡി യു ബീഹാറില്‍ ഭരണം നടത്തുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 40 സീറ്റുകളില്‍ 16 എണ്ണമാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് നേടാനായത്. അതേസമയം, 17 എണ്ണം നേടി ബി ജെ പി കരുത്തറിയിച്ചു.

Latest