പോര് മുറുകി; ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരേണ്ടെന്ന് മാണി വിഭാഗം

Posted on: June 2, 2019 2:15 pm | Last updated: June 2, 2019 at 6:32 pm

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട വടംവലി കൂടുതല്‍ രൂക്ഷമായി. ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരേണ്ടെന്ന് മാണി വിഭാഗം നിലപാടെടുത്തതോടെയാണിത്. ജൂണ്‍ ഒമ്പതിനു മുമ്പ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ക്കാനുള്ള പി ജെ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ക്ക് കടുത്ത പ്രതിബന്ധമായിരിക്കുകയാണ് മാണി വിഭാഗത്തിന്റെ തീരുമാനം.

പാര്‍ട്ടി ചെയര്‍മാനാണ് ചട്ടപ്രകാരം യോഗം വിളിക്കേണ്ടത്. എന്നാല്‍, നിലവില്‍ ചെയര്‍മാനെ തിരഞ്ഞെടുത്തിട്ടില്ലെന്നും താനാണ് ചെയര്‍മാനെന്നു വരുത്തിത്തീര്‍ക്കാന്‍ ജോസഫ് നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഒമ്പതിനു മുമ്പ് യോഗം വിളിച്ചു ചേര്‍ക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ തീരുമാനമെന്നുമാണ് മാണി വിഭാഗത്തിന്റെ ആരോപണം.

പി ജെ ജോസഫാണ് പാര്‍ട്ടി ചെയര്‍മാനെന്നു കാണിച്ച് ജോയ് എബ്രഹാം തിരഞ്ഞെടുപ്പ് കമ്മീഷനു കത്ത് നല്‍കിയിരുന്നു. എന്നാല്‍, കത്തിലെ അവകാശവാദം പാര്‍ട്ടി ഭരണഘടനക്കു വിരുദ്ധമാണെന്നും റോഷി അഗസ്റ്റിന്‍ എം എല്‍ എ പ്രതികരിക്കുകയും ചെയര്‍മാനെ തിരഞ്ഞെടുത്തിട്ടില്ലെന്നു കാണിച്ച് മാണി വിഭാഗം നേതാവ് ബി മനോജ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് കത്തു നല്‍കുകയും ചെയ്തു. ജോസഫ് വിഭാഗത്തിന്റെ കത്ത് നിയമവിരുദ്ധമാണെന്ന വാദവുമായി ഉന്നതാധികാര സമിതി അംഗം തോമസ് ചാഴിക്കാടനും രംഗത്തെത്തി.

മാണി വിഭാഗം നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിയുടെ ഭാഗമായി ഇന്നലെ ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍ പുതിയേടത്തിനെ ചുമതലയില്‍ നിന്നു നീക്കിയിരുന്നു. പിജെ ജോസഫിന്റെ കോലം കത്തിക്കാന്‍ നേതൃത്വം നല്‍കിയതിനാണ് ജയകൃഷ്ണനെതിരെ ഇടുക്കി ജില്ലാ പ്രസിഡന്റ് എംജെ ജേക്കബ്ബ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസ് (എം) ചെറുതോണിയില്‍ റോഷി അഗസ്റ്റിന്റെ കോലം കത്തിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കടുത്തുരുത്തിയില്‍ ജോസ് കെ മാണിയുടെ കോലം ഒരു വിഭാഗം കത്തിച്ചു.