ചെറുത്തു നിൽക്കാനായില്ല; അഫ്ഗാനെതിരെ ആസ്ത്രേലിയക്ക് 7 വിക്കറ്റ് ജയം

Posted on: June 1, 2019 8:58 pm | Last updated: June 2, 2019 at 11:12 am

ബ്രിസ്റ്റോൾ: യുദ്ധഭൂമികളിലെ ചെറുത്തു നിൽപിന്റെ കഥ പറഞ്ഞെത്തിയ അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് യുദ്ധത്തിൽ ആസ്ത്രേത്രേലിയക്കെതിരെ 207 എന്ന ചെറിയ സ്കോറുകൊണ്ട് പിടിച്ചു നിൽക്കാനായില്ല.

അർദ്ധ സെഞ്ചുറിയുമായി മിന്നിയ നായകൻ ആരോൺ ഫ്രിഞ്ചും (66) ഡേവിഡ് വാർണറും (89*) കംഗാരുപ്പടക്ക് അനായാസ വിജയം സമ്മാനിച്ചു.

സ്കോർ – അഫ്ഗാൻ: 207 (32.2)
ആസ്ത്രേലിയ: 209/3 (34.5)

അഫ്ഗാൻ ബാറ്റിംഗ് ഇങ്ങനെ

റണ്ണൊഴുകുമെന്ന് പ്രതീക്ഷിച്ച ഇംഗ്ലീഷ് പിച്ചിൽ ഇന്നും റൺമഴയില്ല. ചുരുങ്ങിയ സ്കോറിൽ കളിയവസാനിപ്പിച്ച ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടത്തിൽ അഫ്ഗാനിസ്ഥാനും ഇന്ന് ഇടം പിടിച്ചു. എങ്കിലും, ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും പോലെ ഇരുനൂറ് റൺസ് കാണാതെ പുറത്താകേണ്ടി വന്നില്ല. ലോകകപ്പ് മത്സരത്തിൽ ആസ്ത്രേലിയക്ക് മുന്നിൽ അഫ്ഗാൻ വെച്ചത് 208 റൺസ് വിജയലക്ഷ്യം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും ആസ്ത്രേലിയക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്കോർ കണ്ടെത്താനായില്ല. 38.2 ഓവറിൽ 207 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അർദ്ധ സെഞ്ചുറി നേടിയ നജീബുല്ല സദ്റാനാണ് അഫ്ഗാൻ നിരയിലെ ടോപ് സ്കോറർ. 49 പന്തുകളിൽ ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 51 റൺസാണ് നജീബുല്ല നേടിയത്.

റഹ്മത് ഷാ(43), ഹഷ്മത്തുല്ല ഷാഹിദി(18), ഗുൽബാദിൻ നാഇബ് (31), റാശിദ് ഖാൻ (27), മുജീബുറഹ്മാൻ (11) എന്നിവരുടെ ചെറുത്തുനിൽപാണ് അഫ്ഗാന്റെ സ്കോർ ഇരുനൂറിലേക്കെത്തിച്ചത്.

ഓപണർമാരായ മുഹമ്മദ് ശഹ്സാദിനും ഹസ്റത്തുല്ലക്കും ഒരു റൺസ് പോലും നേടാനായില്ല. മുഹമ്മദ് നബി (7), ദൗലത്ത് സദ്റാൻ (നാല്) എന്നിവർ നിരാശപ്പെടുത്തി.

ആസ്ത്രേലിയൻ ബൗളിംഗ് നിരയിൽ ആദംസാപ, പാറ്റ് കമ്മിൻസ് എന്നിവർക്ക് മൂന്ന് വിക്കറ്റുകൾ വീതം നേടാനായി. മാർകസ് സ്റ്റോയ്നിസ് രണ്ടും മിച്ചൽ സ്റ്റാർകിൻ ഒരു വിക്കറ്റും നേടി.